പുതുപ്പള്ളിക്ക് ഒരു പുണ്യാളനേയുള്ളൂ, അത് ഗീവര്‍ഗീസാണ്: ജെയ്ക് സി. തോമസ്
കോട്ടയം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഇടതുപക്ഷം കാണുന്നത് വ്യക്തികള്‍ തമ്മിലുള്ള യുദ്ധമെന്ന നിലയിലല്ലെന്നും മറിച്ച് ഉയര്‍ത്തിപിടിക്കുന്ന ആശയധാരകള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നും സി.പി.ഐ.എം നേതാവ് ജെയ്ക് സി. തോമസ്. 2016ന് ശേഷം ഈ മണ്ഡലത്തില്‍ ഉണ്ടായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ മുന്നേറ്റം എന്തെന്നത് കണക്കുകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഇടതുപക്ഷം കാണുന്നത് വ്യക്തികള്‍ തമ്മിലുള്ള യുദ്ധമെന്ന നിലയിലല്ല മറിച്ച് സവിശേഷമായി ഉയര്‍ത്തിപിടിക്കുന്ന ആശയധാരകള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ്. അതില്‍ ജനങ്ങള്‍ക്ക് ഹിതകരമായത്, അവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്നതെന്തോ അതിനെ അവര്‍ തെരഞ്ഞെടുക്കുമെന്നതാണ് ഞങ്ങള്‍ കാണുന്നത്. പിന്നെ പുതുപ്പള്ളിയില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകളെ സംബന്ധിച്ച് ഞങ്ങള്‍ ആലങ്കാരികമായി മുന്നോട്ടുവെക്കുന്ന എന്തെങ്കിലും അവകാശ വാദങ്ങളല്ല. 2016ന് ശേഷം ഈ മണ്ഡലത്തില്‍ ഉണ്ടായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സവിശേഷകരമായ രാഷ്ട്രീയ മുന്നേറ്റം അത് പഞ്ചായത്ത് വാര്‍ഡ് മുതല്‍ ബ്ലോക്ക് പഞ്ചായത്ത് മുതല്‍ നിയമസഭ വരെ എന്തെന്നത് കണക്കുകളിലുണ്ട്,’ അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിക്ക് ഒരു പുണ്യാളനേയുള്ളൂവെന്നും അത് ഗീവര്‍ഗീസാണെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളിയിലെ ഏത് പഞ്ചായത്തും ഏത് വാര്‍ഡും കേന്ദ്രീകരിച്ച് നടത്തപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓഡിറ്റ് ആകാമെന്നും അദ്ദേഹം പറഞ്ഞു.
‘പുതുപ്പള്ളിക്ക് ഒരു പുണ്യാളനേയുള്ളൂ അത് കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബി.ജെ.പികാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പുണ്യാളനെയുള്ളൂ, ഞാന്‍ മനസിലാക്കുന്നത് ആ പുണ്യാളന്റെ പേര് ആദരണീയനായ വിശുദ്ധ ഗീവര്‍ഗീസ് എന്നുള്ളതാണ്, മറിച്ചൊരു അഭിപ്രായം നിങ്ങള്‍ക്കുണ്ടോ, പുതുപ്പള്ളിയില്‍ ഗീവര്‍ഗീസല്ലാതെ മറ്റൊരു പുണ്യാളന്‍ ഉണ്ടെന്ന അഭിപ്രായം കോണ്‍ഗ്രസിനുണ്ടോ, ആര്‍.എസ്.എസുകാര്‍ക്കോ, ഇടതുപക്ഷക്കാര്‍ക്കോ, വിശ്വാസികള്‍ക്കോ, അവിശ്വാസികള്‍ക്കോ ഉണ്ടോ. പറയട്ടെ, ഗീവര്‍ഗീസല്ല പുതുപ്പള്ളിയിലെ പുണ്യാളന്‍ മറ്റൊരാളാണെന്നുണ്ടെങ്കില്‍ പറയട്ടെ, എനിക്ക് അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഇല്ല. സ്വാഗതാര്‍ഹമാണ്, ആ അഭിപ്രായം നമുക്ക് കേള്‍ക്കാം. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കോ, സംശയങ്ങള്‍ക്കോ, വിവാദങ്ങള്‍ക്കോ പുതുപ്പള്ളിയില്‍ പ്രസക്തിയില്ല. പുതുപ്പള്ളിയിലെ ഏത് പഞ്ചായത്തും ഏത് വാര്‍ഡും കേന്ദ്രീകരിച്ച് നടത്തപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നമുക്കൊരു ഓഡിറ്റ് ആകാം, വികസനത്തെ സംബന്ധിച്ച് കഴിഞ്ഞ 53 വര്‍ഷം പുതുപ്പള്ളി നിയോജന മണ്ഡലത്തില്‍ സംഭവിച്ച കാര്യങ്ങളെ സംബന്ധിച്ച് സംവദിക്കാം, ഏതൊക്കെ വിധത്തില്‍ മുന്നേറാന്‍ കഴിഞ്ഞുവെന്നത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക്ക്. സി. തോമസ് മത്സരിക്കും. ഇന്ന് ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ജെയ്ക്കിന്റെ പേര് മാത്രമാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് നടക്കുക.
Content Highlights; Jaick C Thomas on Puthupalli election