കോഴിക്കോട്: ജിഷ്ണു പ്രണോയ് എസ്.എഫ്.ഐയുടെ ഔദ്യോഗിക രക്തസാക്ഷിയല്ല എന്ന് താന്‍ പറഞ്ഞതായി നാരദ ന്യൂസ് നല്‍കിയ വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് രംഗത്ത്. മൂന്ന് ദിവസം മുന്‍പേ നടത്തിയ അഭിമുഖം വൈകാരികത മുറ്റി നിന്ന ഈ അന്തരീക്ഷത്തിന്റെ മുതലെടുപ്പിനായി പ്രസിദ്ധീകരിക്കുന്നത് കുടിലബുദ്ധിയുടെ അപാരതയില്‍ നിന്നുകൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സെപക്റ്റിക് ടാങ്കില്‍ നിന്ന് പൊട്ടിയൊലിച്ചുപോകുന്ന ജലത്തോളം അറപ്പോടെ കാണേണ്ട മാധ്യമ പ്രവര്‍ത്തനത്തിന് “മംഗളാ”നന്തര കാലത്തിലും തെല്ലും കുറവില്ലായെന്നാണ് നാരദാ ന്യൂസിന്റെതായി ഇന്നലെ വെളിയില്‍ വന്ന വാര്‍ത്ത സൂചിപ്പിക്കുന്നതെന്നും ജെയ്ക്ക് പറഞ്ഞു. “രക്തസാക്ഷ്യത്തിനു ആരാണ് ഔദ്യോഗികത നല്‍കേണ്ടത് ദയവായി പറഞ്ഞാലും..!” എന്ന തലക്കെട്ടിലാണ് ജെയ്ക്ക് തന്റെ വിശദീകരണം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇന്നലെ മുതലുള്ള സംഭവികാസങ്ങളുടെ തിരക്കില്‍ നിന്ന് ഇപ്പോള്‍ മാത്രമാണ് ഇതിനൊരു മറുപടി കുറിക്കാനായത്. ജിഷ്ണു എസ്.എഫ്.ഐ പ്രവര്‍ത്തകനും രക്തസാക്ഷിയുമില്ലേ എന്ന് നാരദ ലേഖകന്‍ ചോദിച്ചപ്പോള്‍, സഖാവ് ജിഷ്ണു പ്രണോയ് രക്തസാക്ഷി തന്നെയാണെന്നാണ് താന്‍ മറുപടി പറഞ്ഞത്. എസ്.എഫ്.ഐയുടെ പൂര്‍ത്തിയാക്കപ്പെട്ട എട്ട് ജില്ലാ സമ്മേളനങ്ങളും നടന്നത് സ: ജിഷ്ണു പ്രണോയ് നഗറിലായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ജെയ്ക് സി. തോമസ് തന്നോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത് എന്ന് നാരദ ന്യൂസ് ലേഖകന്‍ പ്രതീഷ് രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇതിന്റെ തെളിവുകള്‍ തന്റെ കയ്യില്‍ ഉണ്ട്. 100 ശതമാനം സത്യസന്ധമായാണ് താന്‍ അഭിമുഖം ചെയ്തത്. എസ്.എഫ്.ഐയ്ക്ക് 32 രക്തസാക്ഷികള്‍ ഉണ്ടെന്നും 33-ആം രക്തസാക്ഷിയായി ജിഷ്ണു ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ജിഷ്ണുവിനെയും രജനി എസ്. ആനന്ദിനേയും എസ്.എഫ്.ഐ ആ കൂട്ടത്തില്‍ കൂട്ടിയിട്ടില്ല എന്നാണ് ജെയ്ക്ക് പറഞ്ഞത്. “ഔദ്യോഗിക രക്തസാക്ഷി” എന്ന വാക്ക് ജെയ്ക്ക് ഉപയോഗിച്ചിട്ടില്ല. പക്ഷേ, എസ്.എഫ്.ഐയുടെ 32 രക്തസാക്ഷികള്‍ക്കൊപ്പം ജിഷ്ണു ഇല്ല എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഔദ്യോഗിക രക്തസാക്ഷി അല്ല എന്നാണ് താന്‍ മനസിലാക്കിയത്. രണ്ട് ദിവസം മുന്‍പാണ് ഈ അഭിമുഖം നടത്തിയത് എന്ന കാര്യവും അഭിമുഖത്തിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജെയ്ക്കിന്റെ വാക്കുകളാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് പ്രസിദ്ധീകരിക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ പ്രസിദ്ധീകരിച്ചോളാനാണ് ജെയ്ക്ക് പറഞ്ഞത്. ജെയ്ക്ക് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് സ്ഥാപനം (നാരദ ന്യൂസ്) തീരുമാനിക്കുമെന്നും പ്രതീഷ് രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ജെയ്ക്ക് സി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
രക്തസാക്ഷ്യത്തിനു ആരാണ് ഔദ്യോഗികത നല്‍കേണ്ടത് ദയവായി പറഞ്ഞാലും..!
സെപക്റ്റിക് ടാങ്കില്‍ നിന്ന് പൊട്ടിയൊലിച്ചുപോകുന്ന ജലത്തോളം അറപ്പോടെ കാണേണ്ട മാധ്യമ പ്രവര്‍ത്തനത്തിന് “മംഗളാ”നന്തര കാലത്തിലും തെല്ലും കുറവില്ലായെന്നാണ് നാരദാ ന്യൂസിന്റെതായി ഇന്നലെ വെളിയില്‍ വന്ന വാര്‍ത്ത സൂചിപ്പിക്കുന്നത്.സ്.ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷ്യത്തിന്റെ ഔദ്യോഗികതയായിരുന്നു വാര്‍ത്തയുടെ സെന്‍സേഷണല്‍ പ്രേമേയം.ഇന്നലെ മുതലുള്ള സംഭവികാസങ്ങളുടെ തിരക്കില്‍ നിന്ന് ഇപ്പോള്‍ മാത്രമാണ് ഇതിനൊരു മറുപടി കുറിക്കാനാവുന്നതു.പലരും ഫോണിലൂടെയും,സന്ദേശങ്ങള്‍ അയച്ചും തിരക്കിയിരുന്നു.
സൈബര്‍ സ്‌പേസില്‍ പലപ്പോഴും അസംബന്ധ പ്രചാരണങ്ങളും അറയ്ക്കുന്ന തെറി വാക്കുകളുമുപയോഗിക്കുന്ന രാഷ്ട്രീയ എതിരാളികളുടെ ശൈലി പുതുമയല്ല.എഴുത്തുകള്‍ക്കും നിലപാടുകള്‍ക്കും കീഴെ തെറിയഭിഷേകവും അസംബന്ധ പ്രചാരണവും നടത്തുന്ന ഒരാളെയും മറ്റു പല “ജനാധിപത്യ”വാദികളെയും പോലെ നിരോധിക്കുകയോ മായ്ച്ചു കളയുവോ ചെയ്യുവാന്‍ തുനിഞ്ഞിട്ടില്ല.എന്റെ അഭിപ്രായത്തോടു യോജിക്കാനും വിയോജിക്കുവാനുമുള്ള അവകാശം തെറിയുടെ രൂപത്തിലും ഉപയോഗിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ തീരുമാനങ്ങള്‍ക്കും ഇനിയും ഇടമുണ്ടാകുക തന്നെ ചെയ്യും.പക്ഷെ തിരികെയുള്ള വാദം പറയാന്‍ പോലുമാവാതെ പരാജയമണയുന്നവരുടെ ആത്മഹത്യ സമാനമായ അഭയസ്ഥാനം മാത്രമാണ് ഇത്തരം ശൈലികളെന്നത് ബുദ്ധി മാന്ദ്യം സംഭവിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ബോധ്യമാവുന്നതാണ്.ജിഷ്ണു പ്രണോയ് എസ്എഫ്‌ഐ യുടെ ഔദ്യോഗിക രക്തസാക്ഷി പട്ടികയില്‍ ഇല്ലായെന്നതാണ് നാരദ ന്യൂസിന്റെ മാധ്യമ വിശാരദന്‍ എന്റെ പേരില്‍ നടത്തിയ വെളിപ്പെടുത്തല്‍.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് പലയാളുകളുടെ വൈകാരികത ചൂഷണം ചെയ്ത് ഇത്തരത്തിലൊരു ശുദ്ധ അസംബന്ധം പ്രചരിപ്പിച്ചാണെങ്കിലും തങ്ങളുടെ മാധ്യമത്തിന് പത്ത് ശ്രോദ്ധാക്കളെ കൂടുതല്‍ ലഭിക്കാനും പൊതു സമൂഹത്തിന് മുമ്പില്‍ എസ്എഫ്‌ഐ യെ മോശമാക്കാനുമുള്ള നാണംകെട്ട ശ്രമങ്ങള്‍ മാധ്യമത്തെ അമേധ്യമാക്കി പരുവപ്പെടുത്തുന്നതാണ്.മൂന്ന് ദിവസം മുമ്പാണ് നാരദയുടെ ലേഖകന്‍ വിളിക്കുന്നത് ജിഷ്ണു എസ്എഫ്‌ഐ പ്രവര്‍ത്തകനും രക്തസാക്ഷിയുമില്ലേ എന്ന് ചോദ്യവുമായി,ഞാന്‍ മറുപടി പറഞ്ഞത് സ:ജിഷ്ണു പ്രണോയ് രക്തസാക്ഷി തന്നെയാണെന്നതായിരുന്നു.
എസ്എഫ്‌ഐ യുടെ പൂര്‍ത്തിയാക്കപ്പെട്ട എട്ട് ജില്ലാ സമ്മേളനങ്ങളും നടന്നത് സ:ജിഷ്ണു പ്രണോയ് നഗറിലായിരുന്നു.രജനി എസ് ആനന്ദ് ദിനം എല്ലാ വര്‍ഷവും കേരളത്തിന്റെ മുഴുവന്‍ കലാലയങ്ങളും വിദ്യാഭ്യാസ കച്ചവട വിരുദ്ധ ദിനമായി ആചരിക്കുന്നതുപോലെ തന്നെ എല്ലാ വര്‍ഷവും ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷി ദിനവും ജനാധിപത്യ കലാലയങ്ങള്‍ക്കായുള്ള സമര ദിനമായി വരുംനാളുകളില്‍ കേരളത്തിന്റെ ക്യാംപസുകളില്‍ എസ്എഫ്‌ഐ സ്മരിക്കും.
പക്ഷെ ലേഖകന്റെ മാധ്യമ കൗശലം അറപ്പുളവാക്കുന്ന ഒരു തരംതാണ പ്രവര്‍ത്തിയായി മാറുന്നത് പിന്നീടാണ്.സഖാക്കള്‍ ദേവപാലന്‍ മുതല്‍ അഷറഫും,ഫാസിലും,സജിന്‍ഷാഹുലും വരെയുള്ളവരോടൊപ്പമാണോയെന്ന ചോദ്യം അഷറഫും,ഫാസിലും, സജിന്‍ഷാഹുലും അടക്കമുള്ള 32 പേര് ഈ പ്രസ്ഥാനത്തിന്റെ പതാക കൈ പിടിച്ചത് കൊണ്ട് മാത്രം രാഷ്ട്രീയ എതിരാളികളുടെ കഠാരത്തുമ്പിനാല്‍ കൊല്ലപ്പെട്ടവരാണ്.അതില്‍ കെ എസ് യു വും എ ബി വി പി യും ആര്‍ എസ് എസ് ഉം മുസ്‌ലീം ലീഗും യൂത്ത് കോണ്‍ഗ്രസ്സും മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അത്ര കേട്ടിട്ടില്ലാത്ത ദളിത് പാന്തേഴ്‌സ് മുതല്‍ പി ഡി പി വരെയുള്ളവരുണ്ട് എന്നത് ഇപ്പോഴും നമ്മുടെ പൊതുബോധത്തിന് അത്ഭുതപെടുത്തുന്ന ആശ്ചര്യകതയാവുന്നതേയില്ല.
ഇങ്ങനെ മറുപടിയില്‍ അവസാനിച്ച അഭിമുഖമാണ് കുടില ബുദ്ധിയുടെ അപാരതയില്‍ നിന്നുകൊണ്ട് മൂന്നു ദിവസം മുന്നേ നടത്തിയ അഭിമുഖം വൈകാരികത മുറ്റി നിന്ന ഈ അന്തരീക്ഷത്തിന്റെ മുതലെടുപ്പിനായി പ്രസിദ്ധീകരിക്കുന്നത്..
മാര്‍പാപ്പ വിദേശ രാജ്യ സന്ദര്‍ശനം നടത്തിയപ്പോള്‍ ആ രാജ്യത്തെ വര്‍ധിച്ചുവരുന്ന വേശ്യാലയങ്ങളെ കുറിച്ചഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് അതിനുവേശ്യാലയങ്ങള്‍ ഈ രാജ്യത്തുണ്ടോ എന്ന പാപ്പയുടെ മറു ചോദ്യത്തത്തെ,വേശ്യാലയങ്ങളെ തിരക്കി മാര്‍പാപ്പ എന്ന അര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തയെഴുതിയ കഥ മുന്‍പേവിടെയോ വായിച്ചതോര്‍ക്കുന്നു.
സ:കോടിയേരിയുടെ കക്ഷത്തില്‍ ഏലസ്സ് തപ്പിയവരും “മംഗളം”മോഡലുകള്‍ ധാര്‍മികത വിളമ്പുന്നവരുമുള്ള കാലത്ത് നാരദയുടെ മാധ്യമ വിശാരദനും അതേറ്റ് പിടിച്ചവര്‍ക്കും നിങ്ങള്‍ ഇതില്‍ ഒറ്റയ്ക്കാണെന്ന നിരാശരാവേണ്ടതില്ല.
“രക്തസാക്ഷിയുടെ ചോര കൊടുത്തു നാം വളര്‍ത്തിയ
നീതിയുടെ വൃക്ഷം എവിടെ നടും “എന്ന് സച്ചിദാനന്ദന്‍.