കോട്ടയം: വികസനത്തെ മുന്‍നിര്‍ത്തി ഒരു സംവാദത്തിന് യു.ഡി.എഫ് തയ്യാറാണോയെന്ന് പുതുപ്പള്ളി എല്‍.ഡി.ഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചും കൃഷി ഓഫീസും വില്ലേജ് ഓഫീസുമല്ല വികസനത്തിന്റെ മാനദണ്ഡമെന്നും ജെയ്ക് പറഞ്ഞു.
‘വികസനത്തെ മുന്‍നിര്‍ത്തി നിങ്ങള്‍ ഒരു സംവാദത്തിന് തയ്യാറുണ്ടോ എന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ ആദിമധ്യാന്തം ഇടതുപക്ഷം ചോദിക്കാന്‍ ആഗ്രഹിക്കുന്നത്, ചോദിക്കാന്‍ പോകുന്നത്, ചോദിച്ചുകൊണ്ടിരിക്കുന്നത്. ആ മണ്ഡലത്തിലെ 152 ബൂത്തുകളുടെ വികസനാനുഭവങ്ങളെ മുന്‍ നിര്‍ത്തി ഒരു സംവാദത്തിന് യു.ഡി.എഫിന് തയ്യാറുണ്ടോ. ഈ ചോദ്യമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. പക്ഷെ ആ ചോദ്യത്തിന് മുന്‍പില്‍ ഇന്നലെ വൈകിട്ട് ഒരു പ്രതികരണം കേട്ടു. കെ.എസ്.എഫ്.ഇ ഉണ്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയുണ്ട്, കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുണ്ട്, കൃഷി ഓഫീസുണ്ട്, വില്ലേജ് ഓഫീസ് ഉണ്ടെന്നതൊക്കെയാണ്. നമുടെയെല്ലാവരുടെയും അനുഭവങ്ങളില്‍ കേരളത്തില്‍ വില്ലേജ് ഓഫീസ് ഇല്ലാത്ത ഒരു വില്ലേജ് ഉണ്ടോ, ഒരു വില്ലേജില്‍ വില്ലേജ് ഒാഫീസ് ഉണ്ടെന്നതാണോ വികസനത്തിന്റെ മാനദണ്ഡം.
ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, വെല്ലുവിളികളുടെ സ്വഭാവമൊന്നുമില്ല, ധാര്‍ഷ്ട്യത്തിന്റെയോ അഹങ്കാരത്തിന്റെയോ ധിക്കാരത്തിന്റെയോ ഇല്ല, വിനയത്തോട് കൂടി തന്നെ ഞങ്ങള്‍ ചോദിക്കുന്നു. വികസനം എന്നു പറയുന്നത് സി.പി.ഐ.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ ഒരു അടുക്കളക്കാര്യമല്ല, ജനജീവിത സംബന്ധമായ ജനജീവിതത്തെ മുന്നോട്ട് നയിക്കുന്ന പരമ പ്രധാനമായ ഒന്നാണ്. അതുകൊണ്ട് ജനങ്ങളുടെ ജനജീവിത പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ചോദിക്കുന്നു വികസനത്തെ മുന്‍നിര്‍ത്തി സത്യസന്ധമായി വസ്തുതകളുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് അല്ലെങ്കില്‍ കോണ്‍ഗ്രസ് ഒരു സംവാദത്തിന് തയ്യാറുണ്ടോ,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വികസനത്തിന്റെ കാര്യത്തില്‍ പുതുപ്പള്ളിയോളം കിടപിടിക്കുന്ന ഒരു മണ്ഡലം ചൂണ്ടിക്കാണിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. എട്ട് പഞ്ചായത്തുകളിലും കൃഷിഭവനുകളുണ്ട്. എട്ട് പഞ്ചായത്തുകളിലും കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുകളുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയില്‍ രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ മതിയെന്നാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം. മന്ത്രിമാര്‍ അവസാന ഘട്ട പ്രചാരണത്തിന് ഇറങ്ങിയാല്‍ മതിയെന്നും ഇന്നലെ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കോ വ്യക്തിപരമായ വിഷയങ്ങളിലേക്കോ മറുപടികളിലേക്കോ നേതാക്കള്‍ പോകരുതെന്ന നിര്‍ദേശവും സംസ്ഥാന കമ്മിറ്റി നല്‍കിയിട്ടുണ്ട്. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങള്‍ ചര്‍ച്ചയാക്കണമെന്നും സി.പി.ഐ.എം തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Jaick c thomas against chandy oomen