തിരുവനന്തപുരം: ദ്യശ്യമാധ്യമമായ ഏഷ്യാനെറ്റിനെതിരെ വിമര്‍ശനങ്ങളുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്. ചാനല്‍ മാധ്യമങ്ങളില്‍ എസ്.എഫ്.ഐ വിരുദ്ധ വാര്‍ത്തകളുടെ നിര്‍മ്മിതിക്കായാണ് ഏഷ്യാനെറ്റ് ശ്രമിക്കുന്നതെന്ന് ജെയ്ക് ഫേസ്ബുക്കിലൂടെ ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വിശദീകരിച്ച് കൊണ്ട ജെയ്ക്ക് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
എസ്.എഫ്.ഐ വിരുദ്ധ പൊതുബോധ നിര്‍മ്മിതിക്കായുള്ള അശ്ലീല പ്രവണതകളില്‍ ചാമ്പ്യനകാനുള്ള ശ്രമങ്ങള്‍ ഏഷ്യാനെറ്റ് അനസ്യൂതം തുടരുകയാണെന്നാണ് ജെയ്ക് ആരോപിക്കുന്നത്. മഹാരാജാസ് കോളജിലും ലോ അക്കാദമിയിലും മടപ്പള്ളി കോളജിലും യുണിവേഴ്‌സിറ്റി കോളജിലും ഒരേ പോലെ എസ്.എഫ്.ഐ വിരുദ്ധ വാര്‍ത്തകളുടെ നിര്‍മിതിക്കായാണ് ഏഷ്യാനെറ്റ് ശ്രമിച്ചതെന്നും ജെയക്ക് കുറ്റപ്പെടുത്തുന്നു.
രാജീവ് ചന്ദ്രശേഖരനെന്ന സംഘപരിവാര്‍ നേതാവായ ചാനല്‍ മേധാവിയുടെ മനമറിഞ്ഞ് പെരുമാറുന്ന വാര്‍ത്താ അവതാരകന്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ജെയ്ക്ക് പറഞ്ഞു. ചോംസ്‌കിയുടെ “മാധ്യമ അരിപ്പകളും” ബോധ നിര്‍മിതിയില്‍ “കമ്യൂണിസ്റ്റ് വിരുദ്ധതയും” നിര്‍ദയമായ യാഥാര്‍ഥ്യമാണെന്നു തന്നെയാണ് ഏഷ്യാനെറ്റും തെളിയിക്കുന്നതെന്നും ജെയ്ക്ക പോസ്റ്റിലൂടെ ആരോപിക്കുന്നുണ്ട്.
യൂണിവേഴ്‌സിറ്റി വിഷയത്തില്‍ ഇന്നലെ ഏഷ്യാനെറ്റ് നടത്തിയ ചാനല്‍ ചര്‍ച്ച ഏകപക്ഷീയമായിരുന്നെന്നു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏഷ്യാനെറ്റിനെ വിമര്‍ശിച്ച് നിരവധി പോസ്റ്റുകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്ക്കും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. യൂണിവേഴ്‌സിറ്റി വിഷയത്തില്‍ എസ്.എഫ്.ഐ മെമ്പര്‍ഷിപ്പുള്ള ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജെയ്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നം സംബന്ധിച്ച്
തെറ്റിധാരണാ ജനകമായ പ്രചരണങ്ങളുടെ കുത്തൊഴുക്കാണ് ഈ വിഷയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജിജീഷ് എന്ന യുവാവിന് കോളജ് ക്യാംപസിനുള്ളില്‍ വച്ച് മര്‍ദനമേല്‍ക്കേണ്ടി വന്നത് അങ്ങേയറ്റം അപലപനീയവും ദൗര്‍ഭാഗ്യകരവുമാണ്. ഏതൊരു ഘട്ടത്തിലും ഏകപക്ഷീയമായ കായികാക്രമം എസ്എഫ്‌ഐയുടെ നയമല്ല. ഒഴിവാക്കപ്പെടേണ്ടിയിരുന്ന അത്തരമൊരു അക്രമണത്തില്‍ എസ് എഫ് ഐയുടെ മെമ്പര്‍ഷിപ്പെങ്കിലുമുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നതില്‍ സംശയമില്ല.
പുറത്തു നിന്നെത്തിയ ഒരു യുവാവ് പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തി എന്നത് കയ്യൂക്കു കൊണ്ട് മറുപടി പറയാന്‍ മാത്രമുള്ള ഒരു മഹാ അപരാധമായി ഒരു കാരണവശാലും കാണാന്‍ കഴിയില്ല. ആ യുവാവിന്റെയും യുവതിയുടെയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിക്കുന്നവരോടും, സ്വകാര്യതയുടെ വമ്പു തകര്‍ത്ത് കുലീനതയുടെയും തറവാട്ടു മഹിമയുടെയും ആസ്ഥാന സംരക്ഷകര്‍ ചമയുന്നവരോടും “അനാശാസ്യ”ത പ്രചരിപ്പിക്കുന്ന പൊതുബോധത്തിന്റെ കാവല്‍പ്പടയാളികളോടും ഉള്ളത് കലര്‍പ്പില്ലാത്ത വിയോജിപ്പും ഒരിഞ്ചു വിട്ടു വീഴ്ചയില്ലാത്ത എതിര്‍പ്പും മാത്രമാണ്. നിങ്ങള്‍ നില്‍ക്കുന്ന പക്ഷം എസ്എഫ്‌ഐയുടേതോ ഇടതുപക്ഷ ബോധത്തിന്റെയോ അല്ല തന്നെ. ക്ലാസ്മുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് അലോസരമുണ്ടാക്കുന്ന അപരസാന്നിധ്യവും ഏതു സാഹചര്യത്തിലും സൃഷ്ടിക്കപ്പെടുന്ന കയ്യൂക്കിന്റെ ബലപ്രയോഗത്തെയും ഒരേ പോലെ തള്ളിക്കളയുകയാണ്. Far Far from the madding crowd എന്ന കവിതാശകലമാണ് മോബോക്രസിയുടെയും പലപ്പോഴും ആള്‍ക്കൂട്ട മന:ശാസ്ത്രത്തിന്റെ ഇത്തരം അപകടകരമായ പ്രവണതകളെയും സൂചിപ്പിക്കുന്നത് ഓര്‍മിപ്പിക്കുന്നത്.
എന്നാല്‍ ചാനല്‍ മാധ്യമങ്ങളില്‍ ഏഷ്യാനെറ്റ് എസ്എഫ്‌ഐ വിരുദ്ധ പൊതുബോധ നിര്‍മിതിക്കായുള്ള അശ്ലീല പ്രവണതകളില്‍ ചാംപ്യന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ അനസ്യൂതം തുടരുകയാണ്. മഹാരാജാസ് കോളജിലും ലോ അക്കാദമിയിലും മടപ്പള്ളി കോളജിലും യുണിവേഴ്‌സിറ്റി കോളജിലും ഒരേ പോലെ എസ്എഫ്‌ഐ വിരുദ്ധ വാര്‍ത്തകളുടെ നിര്‍മിതിക്കായാണ് ഏഷ്യാനെറ്റ് ശ്രമങ്ങള്‍. രാജീവ് ചന്ദ്രശേഖരനെന്ന സംഘപരിവാര്‍ നേതാവായ ചാനല്‍ മേധാവിയുടെ മനമറിഞ്ഞു പെരുമാറുന്ന വാര്‍ത്താ അവതാരകനെ ഓര്‍മിപ്പിക്കുന്നത് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗത്തെയാണ്. ചോംസ്‌കിയുടെ “മാധ്യമ അരിപ്പകളും” ബോധ നിര്‍മിതിയില്‍ “കമ്യൂണിസ്റ്റ് വിരുദ്ധതയും” നിര്‍ദയമായ യാഥാര്‍ഥ്യമാണെന്നു തന്നെയാണ് ഏഷ്യാനെറ്റും തെളിയിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് അംഗത്വം നല്‍കി അവരെ മൂന്നാംകിട പൗരന്മാരായി കാണുന്ന പൊതുബോധ നിര്‍മിതിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ടാണ് ഈ അക്കാദമിക്ക് വര്‍ഷം എസ്എഫ്‌ഐ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേരളത്തിലെ എല്ലാ സര്‍വകലാശാല യൂണിയനുകളിലേക്കും കലാലയങ്ങളിലേക്കും എസ്എഫ്‌ഐ അവേശപൂര്‍വം അവരെ സ്വാഗതം ചെയ്തു. ആണും പെണ്ണും ഒരുമിച്ചിരിക്കാന്‍ പാടില്ലെന്ന തിട്ടൂരം ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പുറത്തിറക്കയിപ്പോള്‍ “ഇസ്ലാമോഫോബിയ” എന്ന ന്യൂനപക്ഷ സംരക്ഷകരുടെ അക്ഷേപങ്ങളിലും തെല്ലും പതറാതെ ആണും പെണ്ണും ഒരുമിച്ചിരുന്ന പ്രതിഷേധ ക്ലാസ്മുറികള്‍ക്ക് കേരളത്തിന്റെ തെരുവോരങ്ങളില്‍ എസ്എഫ്‌ഐ നേതൃത്വം നല്‍കിയിട്ട് അധികകാലമായിട്ടില്ല. ചുംബനസമരത്തില്‍ പങ്കെടുത്തവരെ ലോ അക്കാദമി സമരത്തിലെന്ന പോലെ കെ എസ് യു മുതല്‍ എബിവിപി വരെയുള്ള സംഘടനകള്‍ ഒരേ പോലെ കൊടി കെട്ടിയ കുറുവടികളുമായി നേരിടാനെത്തിയപ്പോള്‍ അതേ തെരുവുകളില്‍ നിന്ന് സദാചാര ഗുണ്ടായിസത്തിന് മറുപടി മാനവികതയാണെന്ന് എന്നു വിളിച്ചു പറഞ്ഞതും മറ്റാരുമായിരുന്നില്ല. പൊതുബോധത്തിനും ഭൂരിപക്ഷ മതത്തിന്റെ വ്യവസ്ഥാ സംരക്ഷണ നിലപാടുകളോടും എക്കാലവും കലഹിച്ചും കലാപം ചെയ്തും തന്നെയാണ് കലാലയങ്ങളുടെ ഹൃദയപക്ഷമായി എസ്എഫ്‌ഐ മാറിയത്.
അതു കൊണ്ട് തന്നെ നിരന്തരമായ തിരുത്തലുകള്‍ തന്നെയാണ് ഇടതുപക്ഷമെന്നാണ് പരിമിതമായ അറിവിലും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയ അനുഭവപാഠങ്ങള്‍ പറഞ്ഞു നല്‍കിയിട്ടുള്ളത്. ശരിതെറ്റുകളില്‍ ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാതെ പതറാതെ ശരികളെ തന്നെ പതാകയാക്കി എസ്എഫ്‌ഐ ഇനിയും മുന്നോട്ടു തന്നെ നീങ്ങും. സദാചാര സംരക്ഷണത്തിന്റെ ക്ലാസ്സെടുക്കാന്‍ വരുന്ന സംഘപരിവാറിനെയും അവരുടെ കളിപ്പാവകളായി മാത്രമാടുന്ന മറ്റു “ചില” സംഘടനകളെയും അവരുടെ വാദങ്ങളെയും അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുന്നു