Kerala News
മനുഷ്യസംബന്ധമായതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാര്‍ക്‌സിയന്‍ അനുഭവത്തിന്റെ കോണ്‍ഗ്രസ് മുഖമായിരുന്നു ഉമ്മന്‍ ചാണ്ടി: ജെയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 18, 02:42 am
Tuesday, 18th July 2023, 8:12 am

പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ അനുസ്മരിച്ച് സി.പി.ഐ.എം നേതാവ് ജെയ്ക്ക്.സി. തോമസ്. മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാര്‍ക്‌സിയന്‍ അനുഭവത്തിന്റെ കോണ്‍ഗ്രസ് മുഖമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടെങ്കിലും വിപുലമായ അനുഭവങ്ങളെ അദ്ദേഹത്തെ ബഹുമാനത്തോടെ മാത്രമേ അഭിസംബോധന കഴിയൂവെന്നും ജെയ്ക്ക് കുറിച്ചു.

‘സി.എം.എസ് കോളേജില്‍ നിന്ന് മണര്‍കാട് വഴി പുതുപ്പള്ളിയിലേക്ക് 13 കി.മി ദൂരം തികച്ചുണ്ടാവില്ല, പക്ഷെ ദൈര്‍ഘ്യമെത്രമേല്‍ ഉണ്ട് ഓര്‍മകളുടെയും അനുഭവങ്ങളുടെയും. മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാര്‍ക്‌സിയന്‍ അനുഭവത്തിന്റെ കോണ്‍ഗ്രസ് മുഖമായിരുന്നു അങ്ങ്.

അഞ്ച് പതിറ്റാണ്ട് കാലം നീണ്ടു നിന്ന ജന പ്രാതിനിധ്യത്തിന്റെ വിസ്മയകരമായ അനുഭവ സമ്പത്തിന്റെ ഉടമ. യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും തലങ്ങളുള്ളപ്പോഴും ഇത്രമേല്‍ വിപുലമായ അനുഭവലോകത്തെ മനുഷ്യ സമുദായത്തിനാകെ ബഹുമാനത്തോടെ മാത്രമേ അഭിസംബോധന കഴിയൂ. പുതുപ്പള്ളി വഴി കേരള രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച അങ്ങേയ്ക്ക് ആദരവോടെ വിട,’ ജെയ്ക്ക് പറഞ്ഞു.

2016ലും 2021ലും ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ ഇടത്പക്ഷത്തിന് വേണ്ടി ജെയ്ക്ക് മത്സരിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചത്. പുലര്‍ച്ചെ 4.25ന് ബെംഗളൂരുവില്‍ വെച്ചായിരുന്നു മരണം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

ഹെലികോപ്ടര്‍ മാര്‍ഗം മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. സംസ്‌കാരം നാളെ പുതുപ്പള്ളിയില്‍ നടക്കും.

അതേസമയം ഇന്ന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

content highlights: jaick c thomas about omman chandy