Kerala News
വര്‍ഗീയതയ്‌ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച സാമുദായിക പ്രസ്ഥാനമാണ് എന്‍.എസ്.എസ്: ജെയ്ക്
കോട്ടയം: വര്‍ഗീയതയ്‌ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച സാമുദായിക പ്രസ്ഥാനമാണ് എന്‍.എസ്.എസ് എന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്. സി. തോമസ്. കാവിയുമായി എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ഒരാളും കടന്നു വരണ്ട എന്ന് പറഞ്ഞ് വര്‍ഗീയതയെ പുറത്താക്കിയ ആളാണ് എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.
‘പരസ്യ പ്രചരണത്തിന്റെ ആദ്യഘട്ടം ഇന്നലെ റോഡ് ഷോയായി എല്ലാ പഞ്ചായത്തുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പ്രചരണം നടത്തി. ഇന്ന് രാവിലെ മുതല്‍ വിവിധ സാമുദായിക-സാസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും വ്യത്യസ്തരുമായ ആളുകളെ രാവിലെ മുതല്‍ തന്നെ സന്ദര്‍ശിച്ച് മടങ്ങി വരുന്നു.
ഓരോ പ്രദേശങ്ങളിലും ലഭിക്കുന്ന സമയമനുസരിച്ച് പ്രധാനപ്പെട്ട വ്യക്തിത്വങ്ങള്‍ വീടുകള്‍ പരമാവധി സന്ദര്‍ശിച്ച് പര്യടനം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പില്‍ ഒരു വിവാദങ്ങള്‍ക്കും സാധ്യതയില്ല. തെരഞ്ഞെടുപ്പില്‍ വികസന സംബന്ധമായ രാഷ്ട്രീയവും ജീവല്‍ പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ്. അതില്‍ വിവിധ സാമൂഹ്യ-സാസ്‌കാരിക മേഖലകളില്‍ നില്‍ക്കുന്നവര്‍ക്ക് ഇടതുപക്ഷത്തോട് വിയോജിക്കാന്‍ കാരണമില്ല, യോജിക്കാനേ കാരണമുള്ളൂ.
എന്‍.എന്‍.എസ്.എസ്. വര്‍ഗീയതയ്‌ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച സാമുദായിക പ്രസ്ഥാനമാണ്. പുതുതായി പാര്‍ലമെന്റ് മെമ്പറാകാന്‍ ആഗ്രഹിക്കുന്ന ചലച്ചിത്ര സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. അന്ന് രണ്ടാമതൊരു കാവിയുമായി എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ഒരാളും കടന്നു വരണ്ട എന്ന് പറഞ്ഞ് വര്‍ഗീയതയെ പുറത്താക്കിയ ആളാണ് ഇപ്പോഴത്തെ എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി. ഞങ്ങള്‍ക്ക് ആ നിലപാടിനോട് യോജിപ്പുണ്ട്.
വര്‍ഗീയതയ്‌ക്കെതിരെ എന്‍.എസ്.എസ് സ്വീകരിച്ച നിലപാട് മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്നതാണ്. വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന ഏത് സാമുദായിക പ്രസ്ഥാനങ്ങള്‍ക്കും ഏത് വിശാസികള്‍ക്കും ഇടതുപക്ഷത്തോട് യോജിക്കാനല്ലാതെ വിയോജിക്കാന്‍ കാരണങ്ങളില്ല,’ ജെയ്ക് പറഞ്ഞു.
കഴിഞ്ഞ ദിവസം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജെയ്കിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഔദ്യാഗികമായി പ്രഖ്യാപിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നേരത്തെ തന്നെ പ്രചരണം ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.
ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
content highlights: jaick about NSS