മഞ്ചേശ്വരം: തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് ശ്രീറാം വിളിച്ചതിനെതിരെ അള്ളാഹു അക്ബര്‍ വിളികളുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍.
മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. പഞ്ചായത്തിലെ 17ാം വാര്‍ഡായ അടുക്കയില്‍ നിന്നു ജയിച്ച ബി.ജെ.പി അംഗവും യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ ബി കിഷോര്‍ കുമാര്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ‘ജയ് ശ്രീറാം’ വിളി നടത്തുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ ഉണ്ടായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അള്ളാഹു അക്ബര്‍ വിളികളുമായി രംഗത്ത് എത്തി. എന്നാല്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഇടപ്പെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
നാല് അംഗങ്ങളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി മംഗല്‍പാടി പഞ്ചായത്തില്‍ നിന്ന് ജയിച്ചത്. മറ്റു മൂന്ന് പേരും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം പാലക്കാട് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പാലക്കാട് സി.പി.ഐ.എം- ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം നടന്നിരുന്നു. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് നഗരസഭയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റുകയായിരുന്നു.
ഇതോടെ നഗരസഭയ്ക്ക് പുറത്ത് ദേശീയ പതാക പിടിച്ചുകൊണ്ട് സി.പി.ഐ.എം മുദ്രാവാക്യം വിളിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് പുറത്ത് ജയ് ശ്രീറാം വിളികളുമായി എത്തി.
ജയ് ശ്രീറാം വിളി തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നും തങ്ങള്‍ ഗുണ്ടകളല്ലെന്നും മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പൊലീസിനോട് തട്ടിക്കയറുന്നുണ്ടായിരുന്നു.
സി.പി.ഐ.എം പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നെന്ന് ചോദിച്ച് കൗണ്‍സിലര്‍മാരും ബി.ജെ.പി പ്രവര്‍ത്തകരും ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിച്ച ശേഷം ബി.ജെ.പി കോണ്‍ഗ്രസ് അംഗങ്ങള്‍ പുറത്തേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പുറത്തേക്ക് വന്നിരുന്നില്ല. നേരത്തെ നേരത്തെ ബി.ജെ.പി പ്രവര്‍ത്തര്‍ ജയ് ശ്രീരാം ഫ്ളക്സ് ഉയര്‍ത്തിയ സ്ഥലത്തെത്തി ദേശീയ പതാക ഉയര്‍ത്താന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പുറത്തേക്ക് എത്തി ദേശീയ പതാകയേന്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ജയ് ശ്രീറാം ഫ്ളക്സ് വിവാദത്തിനിടെയാണ് പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 10 മണിയോടെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
വരണാധികാരി ശ്രീധര വാര്യര്‍ മുതിര്‍ന്ന അംഗം ശിവരാജന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങളെയും പാസുള്ളവരെയും മാത്രമാണ് കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിപ്പിക്കുകയെന്ന് പൊലീസ് അറിയിച്ചിരുന്നു.
ബി.ജെ.പി അംഗങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് ജാഥയായാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. ഫ്ളക്സ് വിവാദത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Jai Shriram and Allahu Akbar call in swearing ceremony at kasaragod mangalpady. muslim league bjp conflict