കൊല്‍ക്കത്ത: ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുന്നത്, ഇന്നത്തെ കാലത്ത് ജനങ്ങളെ തല്ലാന്‍ വേണ്ടിയാണെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാ സെന്‍. ഇത്തരത്തില്‍ മുന്‍പൊരിക്കലും താന്‍ ജയ് ശ്രീറാം വിളിക്കുന്നതു കേട്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാലയില്‍ ഒരു പൊതുചടങ്ങിനെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാളുകള്‍ ഭീതിയിലാണ്. അതൊരു ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം ദുര്‍ഗാക്ഷേത്രം തകര്‍ക്കുന്നതിലേക്ക് എത്തിയതിനു തൊട്ടുപിന്നാലെയാണ് അമര്‍ത്യാ സെന്നിന്റെ പ്രസ്താവന.
‘ജയ് ശ്രീറാം ഇങ്ങനെ വിളിക്കുന്നതിന് ബംഗാളി സംസ്‌കാരവുമായി ഒരു ബന്ധവുമില്ല. രാമനവമിയെക്കുറിച്ച് ഞാന്‍ മുന്‍പ് കേട്ടിട്ടില്ല. ബംഗാളില്‍ ഇതിനുമുന്‍പ് രാമനവമി ആഘോഷിച്ചുകണ്ടിട്ടില്ല. പക്ഷേ ഇപ്പോള്‍ അതിനു ജനപ്രീതി ലഭിച്ചുകഴിഞ്ഞു. ഞാനെന്റെ നാലുവയസ്സുള്ള പേരക്കുട്ടിയോടു ചോദിച്ചു, ആരാണ് നിന്റെ ഇഷ്ടദേവതയെന്ന്. അവള്‍ മറുപടി പറഞ്ഞത് ദുര്‍ഗയെന്നാണ്. ദുര്‍ഗയുടെ പ്രാധാന്യത്തെ രാമനവമിയുമായി കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ല.’- അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മുന്‍പ് ജയ് ശ്രീറാം വിളിക്കാന്‍ വിസ്സമ്മതിച്ചതിന് ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പതിനാറുകാരനു മര്‍ദ്ദനമേറ്റിരുന്നു. ബാര സ്വദേശിയായ മുഹമ്മദ് താജ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി തൊപ്പി ധരിക്കുന്നതിനെ എതിര്‍ക്കുകയും തുടര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെ സംഘം കുട്ടിയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി.