ന്യൂദല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് 49 സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ്, കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരാണ് കത്തയച്ചത്.
ജയ് ശ്രീറാം ഇപ്പോള്‍ യുദ്ധത്തിനുള്ള മുറവിളിയായി മാറിയിരിക്കുകയാണെന്നും അതില്‍ വേദനയുണ്ടെന്നും കത്തില്‍ ഇവര്‍ പറയുന്നു.
‘ഭൂരിപക്ഷ സമുദായം പരിപാവനമായി കാണുന്ന ഒരു പേരാണ് രാം എന്നത്. രാമന്റെ പേര് കളങ്കപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം’ എന്നാണ് കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നത്.
‘മുസ്‌ലീങ്ങള്‍, ദളിതര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം. 2016ല്‍ ദളിതര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 840ലേറെ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും അതില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തില്‍ വന്‍ ഇടിവുണ്ടെന്നുമുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ കണ്ട് ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.’ കത്തില്‍ പറയുന്നു.