| Thursday, 1st August 2019, 6:27 pm

'ജയ് ശ്രീറാം മാത്രമല്ല, അള്ളാഹു അക്ബര്‍ വിളിച്ച് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം'- എഴുത്തുകാരന്‍ അമീഷ് ത്രിപാഠി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ‘ജയ് ശ്രീറാം’ മാത്രമല്ല ‘അള്ളാഹു അക്ബര്‍’ വിളിച്ച് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് എഴുത്തുകാരന്‍ അമീഷ് ത്രിപാഠി. എല്ലാ സമുദായങ്ങളിലും തീവ്രവാദികളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈയില്‍ ‘ദ പ്രിന്റ്’ നടത്തിയ ‘ദ പ്രിന്റ് ഓഫ് ദ കഫ്’ പരിപാടിയില്‍ പ്രിന്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്തയോടും അസോസിയേറ്റ് എഡിറ്റര്‍ മാനസി ഫഡ്‌കെയോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുദ്രാവാക്യത്തിന്റെയോ അല്ലാതെയോ പേരില്‍ ആരെങ്കിലും നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇന്ത്യയില്‍ ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്‌നമാണിത്. നമ്മുടെ നിയമസംവിധാനത്തിനു ശക്തിയില്ലാത്തതിനാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഭൂരിഭാഗം കുറ്റവാളികള്‍ക്കും അറിയാം.’- ത്രിപാഠി പറഞ്ഞു.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘എല്ലാ സമുദായങ്ങളിലും തീവ്രവാദികളുണ്ട്. ചിലര്‍ ജയ് ശ്രീറാം തെറ്റായി ഉപയോഗിക്കും. ചിലര്‍ അള്ളാഹു അക്ബറും. മറ്റു ചിലര്‍ മറ്റു ചില കാര്യങ്ങളാകും ഉപയോഗിക്കുക. ഇതാണു പ്രധാന പ്രശ്‌നമെന്നു ഞാന്‍ കരുതുന്നില്ല. നിയമം കൈയിലെടുക്കുന്നു എന്നുള്ളതാണു പ്രധാന പ്രശ്‌നം. അവര്‍ മുദ്രാവാക്യം വിളിക്കുന്നോ ഇല്ലയോ എന്നല്ല. അവരെ നിയമം ഉപയോഗിച്ച് ശിക്ഷിക്കണം.

ജനങ്ങള്‍ ഉപദ്രവിക്കപ്പെടുന്നു. അതെങ്ങനെ നിര്‍ത്താന്‍ സാധിക്കും? ജയ് ശ്രീറാമും അള്ളാഹു അക്ബറും നിരോധിക്കുന്നതുകൊണ്ടു സാധിക്കുമോ? ഇല്ല. കൃത്യമായി നിയമസംവിധാനം ഉപയോഗിക്കുമ്പോള്‍ മാത്രമാണ് അതു നിര്‍ത്താന്‍ കഴിയുക.’- അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ വിശ്വാസങ്ങളും താരതമ്യേന സമാധാനപരമായാണു നിലനില്‍ക്കുന്നത്. വിശ്വാസങ്ങളെച്ചൊല്ലി രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ പ്രതിശീര്‍ഷാടിസ്ഥാനത്തില്‍ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more