| Tuesday, 12th March 2024, 5:30 pm

സഞ്ജുവിന്റെ സാധ്യത കുറയുന്നു, പന്തിന് ലോട്ടറി അടിച്ച പോലയായി; വമ്പന്‍ വെളിപ്പെടുത്തലുമായി ജെയ് ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. 2024 മാര്‍ച്ച് 22നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും വിരാട് കോഹ്‌ലി നയിക്കുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ മത്സരം.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് റിഷബ് പന്തും ദല്‍ഹി കാപ്പിറ്റല്‍സുമാണ്. വാഹനാപകടത്തില്‍ പരിക്ക് പറ്റി ഏറെ കാലം ചികിത്സയിലായിരുന്ന ദല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ കാര്യത്തില്‍ കഠിനമായ തിരിച്ച് വരവിലായിരുന്നു. താരം ഐ.പി.എല്ലില്‍ തിരിച്ച് വരുമെന്നായിരുന്നു പറഞ്ഞത്.

2022 ഡിസംബറിലെ വാഹനാപകടത്തെത്തുടര്‍ന്ന് പന്ത് ഒരു വര്‍ഷത്തിലേറെയായി മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. എന്നാല്‍ ചികിത്സക്ക് ശേഷം താരം ഐ.പി.എല്ലില്‍ തിരിച്ചുവരാനായി കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഇപ്പോള്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് താരത്തിന് നല്‍കിയെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ അതിനോടൊപ്പം ജെയ് ഷാ താരത്തെക്കുറിച്ച് ഒരു നിര്‍ണായക വെളിപ്പെടുത്തലും നടത്തിയിരിക്കുകയാണ്.

ഐ.പി.എല്ലിന് ശേഷം വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ താരം ഫിറ്റാണെങ്കില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ താരത്തെ എത്തിക്കുമെന്നാണ് ജെയ്ഷാ പറയുന്നത്.

‘അദ്ദേഹം ബാറ്റിങ്ങും കീപ്പിങ്ങും നന്നായി ചെയ്യുന്നു, അദ്ദേഹത്തിന് ഞങ്ങള്‍ക്ക് വേണ്ടി ടി-20 ലോകകപ്പ് കളിക്കാന്‍ കഴിയുമെങ്കില്‍, അത് ഞങ്ങള്‍ക്ക് വലിയ കാര്യമായിരിക്കും, അവന്‍ ഞങ്ങള്‍ക്ക് ഒരു വലിയ സ്വത്താണ്, അദ്ദേഹം ഫിറ്റാണെങ്കില്‍ കീപ്പര്‍ പൊസിഷനിലും കളിക്കാം. ഐ.പി.എല്ലില്‍ അദ്ദേഹം എങ്ങനെ ചെയ്യുന്നുവെന്ന് നോക്കാം.’ പി.ടി.ഐയോട് ഷാ പറഞ്ഞു.

ഇതോടെ മലയാളി താരമായ സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ടീമില്‍ എത്താനുള്ള സാധ്യതയുണ്ടെന്നതും വ്യതമാണ്. സഞ്ജു അവസാനമായി സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിനത്തിലാണ് കളിച്ചത്. നിര്‍ണായക മത്സരത്തില്‍ സഞ്ജു സെഞ്ച്വറിയും നേടിയിരുന്നു.

Content Highlight: Jai Shah Talking About Rishabh Pant

We use cookies to give you the best possible experience. Learn more