| Thursday, 15th September 2022, 9:44 pm

ബി.സി.സി.ഐയില്‍ പിടിമുറുക്കാനൊരുങ്ങി ജയ് ഷാ; ഗാംഗുലിക്ക് പകരം പ്രസിഡന്റായേക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഐ.സി.സി ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ചെയര്‍മാന്റെ കാലയളവ് അവസാനിക്കുന്നതോടെ ഗാംഗുലി ഐ.സി.സിയുടെ തലപ്പത്തേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാംഗുലി ഐ.സി.സിയുടെ തലവനാവുമ്പോള്‍ നിലവിലെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തെത്തിയേക്കും.

നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റായ ഗാംഗുലി നവംബറില്‍ ഐ.സി.സിയുടെ ചെയര്‍മാനായി സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗ്രെഗ് ബാര്‍ക്ലേയാണ് നിലവില്‍ ഐ.സി.സിയുടെ തലപ്പത്തിരിക്കുന്നത്.

ചെയര്‍മാന്‍ സ്ഥാനത്തുള്ള ബാര്‍ക്ലേയുടെ കാലയളവ് അവസാനിരിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആ സ്ഥാനത്തേക്ക് ഗാംഗുലിയെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേസമയം തനിക്ക് രണ്ട് വര്‍ഷം കൂടി ഐ.സി.സിയുടെ ചെയര്‍മാനായി തുടരാന്‍ ആഗ്രഹമുണ്ടെന്ന വിവരം ബാര്‍ക്ലേ സംഘാടകരെ അറിയിച്ചിരുന്നു. ഗാംഗുലി ബി.സി.സി.ഐയില്‍ നിന്ന് രാജിവെക്കുന്ന പക്ഷം ജയ് ഷായാണ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുക. അതേസമയം അരുണ്‍ ധുമല്‍ സെക്രട്ടറിയുമാകും.

സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജി വെച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും പുറത്ത് വന്നിരുന്നു. എന്നാല്‍, അതിനെ ശക്തമായി തള്ളി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രംഗത്ത് വന്നിരുന്നു.

അന്നത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തനിക്ക് നല്‍കിയ പിന്തുണക്ക് നന്ദിയറിയിച്ചു കൊണ്ട് ഗാംഗുലി ട്വീറ്റ് ചെയ്തിരുന്നു.

ക്രിക്കറ്റ് തനിക്ക് ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ പിന്തുണയായിരുന്നെന്നും ഗാംഗുലി ട്വീറ്റില്‍ പറഞ്ഞിരുന്നു.

വോട്ടിങ്ങിലൂടെയാണ് ഐ.സി.സി ചെയര്‍മാനെ തെരഞ്ഞെടുക്കുക. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മാറ്റിയിട്ടുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇനി ആവശ്യമില്ല. 51 ശതമാനം വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയാണ് ഐ.സി.സി.യുടെ തലപ്പത്തെത്തുക. 16 അംഗ ബോര്‍ഡില്‍, സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഡയറക്ടര്‍മാരില്‍ നിന്ന് വെറും ഒമ്പത് വോട്ടുകള്‍ മതി.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ജയ് ഷാ തന്നെ നയിക്കണമെന്ന് പല സംസ്ഥാന അസോസിയേഷനുകളും ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, ഗാംഗുലി ഐ.സി.സിയുടെ തലപ്പത്തെത്തിയില്ലെങ്കിലും ജയ് ഷാ ബി.സി.സി.ഐയുടെ അധ്യക്ഷനാവാനും സാധ്യതയുണ്ട്.

സുപ്രീം കോടതി ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയതോടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ ഗാംഗുലിക്കും ജയ് ഷാക്കും മൂന്ന് വര്‍ഷം കൂടി തുടരുന്നതിന് തടസമില്ല.

എന്നാല്‍ സൗരവ് ഗാംഗുലി വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിടയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഗാംഗുലിക്ക് പകരം ജയ് ഷായാണ് ബി.സി.സിഐ പ്രസിഡന്റാവുക. എന്നാല്‍ സുപ്രീം കോടതി വിധിയെക്കുറിച്ചോ ബി.സി.സി.ഐ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ഗാംഗുലിയും ജയ് ഷായും ഇതുവരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

ജയ് ഷാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍ നിലവില്‍ പതിനഞ്ചോളം സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാണെന്നും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.

Content Highlight: Jai Shah grips BCCI; Ganguly will be replaced by President

We use cookies to give you the best possible experience. Learn more