ചെന്നൈ: ‘ജയ് ഭീം’ എന്ന ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് നടന്‍ സൂര്യയ്‌ക്കെതിരെ വണ്ണിയാര്‍ സംഘം കോടതിയില്‍.
ചിത്രത്തിന്റെ നിര്‍മാതാക്കളായ നടന്‍ സൂര്യ, ജ്യോതിക, പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്ന്‍മെന്റ്, ചിത്രത്തിന്റെ സംവിധായകന്‍ ടി. ജെ. ജ്ഞാനവേല്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോം ആമസോണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പെടെ സി.ആര്‍.പി.സിയുടെയും ഐ.പി.സിയുടെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അസോസിയേഷന്‍ കടലൂര്‍ ജില്ലയിലെ ചിദംബരത്തെ പ്രാദേശിക കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
അതേസമയം, സൂര്യയ്ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും അറിയിച്ച് തമിഴ്‌നാട്ടില്‍ ഗോത്രവിഭാഗങ്ങളുടെ പ്രകടനം നടത്തിയിരുന്നു. ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി ഒ.ടി.ടി റിലീസ് ആയി അടുത്തിടെ പുറത്തെത്തിയ ‘ജയ് ഭീം’ എന്ന ചിത്രം തങ്ങളുടെ പ്രതിസന്ധികളെ വെളിച്ചത്തുകൊണ്ടുവന്നെന്ന് തമിഴ്‌നാട് ട്രൈബല്‍ നൊമാഡ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം.ആര്‍. മുരുകന്‍ പറഞ്ഞിരുന്നു. സിനിമയെ പ്രതീകവത്കരിച്ച് കൈകളില്‍ എലികളെയും പാമ്പുകളെയും വഹിച്ചാണ് മധുരൈ കളക്ടറേറ്റിനു മുന്നില്‍ വിവിധ ഗോത്ര വിഭാഗങ്ങളിലുള്ള അന്‍പതോളം പേര്‍ എത്തിയത്.
കഴിഞ്ഞ നവംബര്‍ 2 നാണ് സൂര്യ, ലിജോ മോള്‍ ജോസ്, മണികണ്ഠന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇതിന് ശേഷം നിരവധി വിവാദങ്ങളാണ് സിനിമക്കെതിരെ ഉടലെടുത്തത്. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.
മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞിരുന്നു.