| Sunday, 21st November 2021, 4:15 pm

ജയ് ഭീം ഒരു സമുദായത്തിനും എതിരല്ല; വണ്ണിയാര്‍ സമുദായത്തിന് മറുപടിയുമായി ജ്ഞാനവേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജയ് ഭീം എന്ന ചിത്രം വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന പട്ടാളി മക്കള്‍ കക്ഷിയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍. ഒരു സമുദായത്തേയും അപമാനിക്കാന്‍ താന്‍ ഉദ്ദശിച്ചിട്ടില്ലെന്ന് തമിഴിലെഴുതി പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറയുന്നു. വിവാദത്തിന്റെ പേരില്‍ സൂര്യയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അഗ്നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശപ്പെട്ടു. ഒ.ടി.ടി റിലീസിന് മുന്‍പ് സിനിമ കണ്ടവരാരും അങ്ങനൊരു കലണ്ടര്‍ കണ്ടിരുന്നില്ലെന്നാണ് ജ്ഞാനവേല്‍ വിശദീകരിച്ചത്.

‘കണ്ടിരുന്നെങ്കില്‍ അത് മാറ്റുമായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം ഒരുപാട് പേര്‍ കലണ്ടര്‍ ചൂണ്ടികാണിച്ചിരുന്നു. വിവാദമാകുന്നതിന് മുമ്പ് തന്നെ കലണ്ടറുള്ള ദൃശ്യങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. മാറ്റം വരുത്തുമ്പോള്‍ ആളുകള്‍ ഞങ്ങളെ മനസിലാക്കുമെന്ന് വിചാരിച്ചു.

സംവിധായകനെന്ന നിലയില്‍ ഉത്തരവാദിത്വം എനിക്കാണ്. ഈ വിവാദത്തിലേക്ക് സൂര്യയെ വലിച്ചിഴക്കുന്നത് ശരിയല്ല. ഒരു നിര്‍മാതാവെന്ന നിലയിലും നടനെന്ന നിലയിലും ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അദ്ദേഹം ചെയ്തത്. സംഭവിച്ചതിനെല്ലാം ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണ്.

ജയ്ഭീം ഒരു സമുദായത്തേയും അപമാനിക്കാന്‍ ഉദ്ദശിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ പ്രയാസമുള്ള സമയത്ത് ഞങ്ങളുടെ ഒപ്പം നിന്ന സിനിമാ സാമുദായിക പ്രവര്‍ത്തകര്‍, രാഷ്ട്രീയസംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എല്ലാവര്‍ക്കും നന്ദി’ ജ്ഞാനവേല്‍ പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 2 നാണ് സൂര്യ, ലിജോ മോള്‍ ജോസ്, മണികണ്ഠന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇതിന് ശേഷം നിരവധി വിവാദങ്ങളാണ് സിനിമക്കെതിരെ ഉടലെടുത്തത്. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: jai-bhim-director-tj-gnanavel-opens-up-about-controversy-says-film-isn-t-against-a-community

We use cookies to give you the best possible experience. Learn more