ഭോപ്പാൽ: മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നടത്തി മധ്യപ്രദേശ് ബി.ജെ.പി എം.എൽ.എ രാജാസിങ്. ‘ജയ് ഭീം, ജയ് മീം’ എന്ന മുദ്രാവാക്യം രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്നു എന്നായിരുന്നു രാജാസിങിന്റെ പ്രസ്താവന.
മധ്യപ്രദേശിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹിന്ദു സമൂഹത്തെ തകർക്കാൻ ദളിതരെയും ഗോത്രവർഗക്കാരെയും ഹിന്ദുക്കളിൽ നിന്ന് അകറ്റി നിർത്തുകയാണെന്ന് ബി.ജെ.പി എം.എൽ.എ ആരോപിച്ചത്. ‘ജയ് ഭീം, ജയ് മീം’ എന്ന മുദ്രാവാക്യം ഇതിനു വേണ്ടിയാണ് മറ്റു സമുദായക്കാർ ഉപയോഗിക്കുന്നതിനും ബി.ജെ.പി എം.എൽ.എ പറഞ്ഞു.
‘ഇന്ത്യയെ ഒരു ഇസ്‌ലാമിക രാഷ്ട്രമാക്കാൻ, മുസ്‌ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിക്കണമെന്ന് അവരുടെ സമുദായത്തിലുള്ളവരെ പഠിപ്പിക്കുന്നു. അതിനായി ‘ജയ് ഭീം, ജയ് മീം’ മുദ്രാവാക്യം ഉപയോഗിച്ച് ഹിന്ദുക്കളെ വിഭജിക്കാൻ അവർ ആഗ്രഹിക്കുന്നു. ഹിന്ദു സമൂഹത്തെ തകർക്കാൻ എസ്.സി സമുദായത്തെ ഉപയോഗിക്കാനും ഞങ്ങളുടെ എസ്.ടി സഹോദരങ്ങളെ അകറ്റാനും അവർ ആഗ്രഹിക്കുന്നു,’ എന്നായിരുന്നു രാജാസിങ് പറഞ്ഞത്.
തന്റെ പ്രസംഗത്തിൽ ലവ് ജിഹാദ് പരാമർശവും രാജാസിങ് ഉന്നയിച്ചു. നമ്മുടെ സഹോദരിമാരെ മുസ്‌ലിങ്ങൾ വശീകരിക്കുകയാണെന്നും അവരെ മതം മാറ്റി ,വെറും കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാനുള്ള യന്ത്രങ്ങളാക്കി തീർക്കുകയാണെന്നും, നമ്മുടെ പെണ്മക്കളെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും രാജാസിങ് പറഞ്ഞു.
‘നമുക്കുവേണ്ടി നിലകൊള്ളേണ്ടത് ഹിന്ദുക്കളുടെ കടമയല്ലേ? ഓരോ ജില്ലയിലും ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. ഞങ്ങളുടെ പദ്ധതി ഒരു ‘ഹം ദോ’ (രണ്ട് കുട്ടികൾ) എന്നതാണ്. അവർക്ക് ‘ഹം പാഞ്ച് ഹമാരേ പച്ചാസ്’ (50 കുട്ടികൾ) പദ്ധതിയുണ്ട്, അതുമായി അവർ മുന്നോട്ട് പോകുന്നു. ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനസംഖ്യ 8% കുറഞ്ഞുവെന്നും മുസ്‌ലിം ജനസംഖ്യ 43% വർധിച്ചുവെന്നും പറയുന്ന ഒരു സർവേ റിപ്പോർട്ട് വന്നു. നാം ഇതിനെ കുറിച്ചൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്,’ രാജാസിങ് കൂട്ടിച്ചേർത്തു.
നേരത്തെയും രാജാസിങ് ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഹൈദരാബാദ്, തെലങ്കാന, മഹാരാഷ്ട്ര ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
Content Highlight: Jai Bheem Jai Meem’ slogan being used to divide Hindus: Raja Singh