| Wednesday, 14th April 2021, 6:01 pm

നിറങ്ങളും ലൈംഗികതയും ഇഷ്ടപ്പെടുന്ന അമ്മമാരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ജാഹ്‌നവി സുബ്രമണ്യന്‍

സണ്‍ലൈറ്റിന്റെ ‘ഞാനുമൊരു വര്‍ണ്ണപട്ടമായിരുന്നു’ പരസ്യത്തിലെ മുത്തശ്ശിയെ അറിയില്ലേ. ട്രോളുകളിലും മീമുകളിലും നമ്മള്‍ ആഘോഷിച്ച ആ പരസ്യത്തിലെ, നിറമുള്ള വസ്ത്രമണിയാത്ത എപ്പോഴും സെറ്റും മുണ്ടും ഉടുക്കുന്ന മുത്തശ്ശി. എന്ന് മുതലായിരിക്കും അവര്‍ വെള്ള വസ്ത്രം മാത്രം ഉടുക്കാന്‍ തുടങ്ങിയതെന്ന് ആലോചിച്ചിട്ടുണ്ടോ. ആ പരസ്യം കാണുമ്പോഴൊക്കെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഒരുപാട് പെണ്ണുങ്ങളെ ഓര്‍ക്കും. ഒരു പ്രായത്തിനു ശേഷം വെള്ള അല്ലെങ്കില്‍ ഇളം നിറം വസ്ത്രം മാത്രം ഉടുത്തിട്ടുള്ള പെണ്ണുങ്ങള്‍.

എന്ന് മുതലാണ് അവര്‍ നിറമുള്ള വസ്ത്രങ്ങളുപേക്ഷിച്ചതെന്ന് ഒരുപക്ഷെ ആര്‍ക്കും അറിയുന്നുണ്ടാവില്ല. ഒരുപക്ഷെ 50 വയസ്സ് കഴിഞ്ഞതിനു ശേഷമുള്ള ഒരു പിറന്നാളിന് മക്കള്‍ ചോദിക്കാതെ തന്നെ സെറ്റും മുണ്ടും സമ്മാനിച്ചതിന് ശേഷമായിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലുമൊരു കടും കളര്‍ സാരിയുടുത്തപ്പോള്‍ ഏതെങ്കിലുമൊരാള്‍ ‘ഇതമ്മക്ക് ചേരില്ല, ഇത് കുറച്ച് നിറം കൂടുതലല്ലേ’ എന്ന് പറഞ്ഞതിന് ശേഷമായിരിക്കും. അല്ലെങ്കില്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുന്ന കടയിലെ സെയില്‍സ്മാന്‍ പറയാതെ തന്നെ ഇളം നിറമുള്ള സാരികള്‍ മാത്രം എടുത്ത് കാണിച്ചതിന് ശേഷമായിരിക്കാം.

മിക്കവാറും അതൊന്നും ഒരു കോണ്‍ഫ്‌ലിക്റ്റിന് ശേഷം ഉണ്ടാവുന്ന തീരുമാനമൊന്നും ആയിരിക്കില്ല. ഒരു പ്രായം കഴിഞ്ഞ പെണ്ണുങ്ങളുടെ ജീവിതത്തില്‍ വളരെ സ്വാഭാവികമായി, ഒരു വാദപ്രതിവാദത്തിനു പോലും ഇട നല്‍കാതെ സംഭവിക്കുന്ന ഒരു കാര്യമാണ് ഈ കടും നിറങ്ങള്‍ ഉപേക്ഷിക്കല്‍. പ്രത്യക്ഷമായ ഒരു വിലക്കും ഇല്ലെങ്കില്‍ പോലും അവരത് ചെയ്യാന്‍ പല പല കാരണങ്ങളുണ്ട്.

‘ഹൗ ഓള്‍ഡ് ആര്‍ യൂ’ സിനിമയില്‍ മഞ്ജു വാരിയര്‍ മുടി കളര്‍ ചെയ്യുന്ന രംഗം ഓര്‍മയില്ലേ. അതിനു ശേഷം മഞ്ജുവിനെ വീട്ടില്‍ കൊണ്ടുവിടുന്ന ഓട്ടോക്കാരന്‍ കളര്‍ ചെയ്ത മുടി നോക്കി വല്ലാത്തൊരു ചിരി ചിരിക്കുന്ന ഒരു സീനുണ്ട്. 10 സെക്കന്റ് പോലും സ്‌ക്രീനില്‍ ഇല്ലെങ്കിലും ആ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ എന്നെ ഇറിറ്റേറ്റ് ചെയ്ത കഥാപാത്രമാണയാള്‍. അത് വരെയുള്ള ആ സ്ത്രീയുടെ എല്ലാ ആത്മവിശ്വാസവും എത്ര പെട്ടെന്നാണ് അയാള്‍ ഒരൊറ്റ ചിരിയിലൂടെ ഒഴുക്കി കളഞ്ഞത്.

മിക്കവാറും അത് പെണ്ണുങ്ങള്‍ക്ക് മാത്രം കിട്ടുന്ന ഒരു ചിരിയാണ്. ആ ചിരി പേടിച്ചും അത് അഭിമുഖീകരിക്കാന്‍ വയ്യാഞ്ഞും തന്നെയാണ് ഒരുപാട് പെണ്ണുങ്ങള്‍ ഒരു പ്രായത്തിനു ശേഷം ആഗ്രഹമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാത്തതതും, മുടി വെട്ടാത്തതും, കളര്‍ ചെയ്യാത്തതും. ആ ചിരിക്ക് ശേഷം തലയിലൂടെ സാരിയിട്ട് മുടി ഒളിപ്പിച്ച് മാത്രം വീട്ടിലേക്ക് കേറുന്ന മഞ്ജു വാര്യരുടെ കഥാപാത്രത്തിനുണ്ടായ നാണക്കേട് സഹിക്കാന്‍ വയ്യാത്തതുകൊണ്ട് തന്നെയാണ് മിക്ക പെണ്ണുങ്ങളും പ്രായം അന്‍പതിനടുത്തെത്തുമ്പോഴേക്കും കടും നിറങ്ങള്‍ ഉപേക്ഷിക്കുന്നത്.

അല്ലെങ്കിലും സ്ത്രീകളുടെ വേഷവും നടപ്പും ‘അവരര്‍ഹിക്കുന്ന’ ബഹുമാനവും തമ്മില്‍ ഭയങ്കര ബന്ധമാണ് നമ്മുടെ ഇടയില്‍. അതുകൊണ്ടും കൂടിയാണല്ലോ സ്ലീവ്ലെസ് ഇട്ടു വരുന്ന സുകുമാരിയമ്മയുടെ കഥാപാത്രങ്ങള്‍ കുടുംബം കലക്കുന്ന ഫെമിനിച്ചി ആയതും സെറ്റും മുണ്ടും ഉടുക്കുന്ന കവിയൂര്‍ പൊന്നമ്മ നമുക്കെന്നും സ്‌നേഹനിധിയായ അമ്മയായതും.

‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന സിനിമയിലെ രത്‌ന ഷാ അവതരിപ്പിച്ച ‘ബുവാജി’ ഇത് കൃത്യമായി അഡ്രസ് ചെയ്യുന്ന ഒരു കഥാപാത്രമാണ്. വിധവയായ, വളരെ ശക്തയായ, ഒരു വലിയ കുടുംബത്തെത്തന്നെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന ഒരു കഥാപാത്രം. ഒരു ദിവസം അവരുടെ അലമാരയില്‍ സ്വിമ്മിങ് ഡ്രെസ്സും സെക്‌സ് ബുക്കുകളും കാണുന്ന വീട്ടുകാര്‍ അതോടെ അവരെ അടിച്ചുപുറത്താക്കുകയാണ്.

ഒരു പ്രായത്തിനു ശേഷം സ്ത്രീകള്‍ക്ക് എന്തിനോടും ഉള്ള താല്പര്യം അത് കടും നിറങ്ങളോടായാലും, കലയോടായാലും, ലൈംഗികതയോടായാലും ഒരുപാട് പരിഹാസത്തോടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഈ ഒരു കാഴ്ചപ്പാടുകൊണ്ട് തന്നെയാവണം ഒരു പ്രായം കഴിഞ്ഞാല്‍ അമ്മക്ക് വസ്ത്രം വാങ്ങികൊടുക്കുമ്പോള്‍ വെറും സെറ്റും മുണ്ടും മാത്രം വാങ്ങിക്കൊടുക്കുന്ന എത്രയോ മക്കളെ കണ്ടിട്ടുണ്ട്.

അവരില്‍ എത്ര പേര് ചോദിച്ചിട്ടുണ്ടാവും ‘അമ്മക്ക് ഏത് കളര്‍ സാരിയാണ് വേണ്ടതെന്ന്’ എന്ന് അറിയില്ല. ഇനിയെങ്കിലും അത് ചോദിച്ച് തുടങ്ങണ്ടേ? ഏതായാലും സണ്‍ലൈറ്റിന്റെ പരസ്യത്തിലെ ‘അമ്മ ചുവപ്പ് സാരിയുടുത്ത് പട്ടം പറത്തുന്നത് കാണുമ്പോള്‍ മനസ്സില്‍ ഭയങ്കര സന്തോഷം തോന്നാറുണ്ട്. പ്രായം നോക്കാതെ എല്ലാവരും വര്‍ണപ്പട്ടങ്ങള്‍ ആവട്ടെ…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jahnvi subramanian writes about old Mothers’ wishes

ജാഹ്‌നവി സുബ്രമണ്യന്‍

We use cookies to give you the best possible experience. Learn more