| Wednesday, 20th April 2022, 10:25 pm

രാജ്യം ബി.ജെ.പിയുടെ ബുള്‍ഡോസര്‍ രാജിലേക്ക് | തടയാന്‍ ബൃന്ദ കാരാട്ടായി തെരുവിലിറങ്ങുമോ ഇന്ത്യ

അന്ന കീർത്തി ജോർജ്

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്‌ലിങ്ങളുടെ താമസസ്ഥലങ്ങളും കെട്ടിടങ്ങളും കടകളും തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ചയായിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പോലും മറി കടന്നുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഈ പൊളിച്ചുനീക്കലുകള്‍ നടത്തിയത്. പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ട് മാത്രമാണ് സ്ഥലത്തെത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിയമവിരുദ്ധ നടപടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്താണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ സംഭവിച്ചത് ? മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ബി.ജെ.പി പ്രയോഗിച്ച ബുള്‍ഡോസര്‍ രാജിന്റെ, ജെ.സി.ബി രാജിന്റെ തുടര്‍ച്ചയാണോ ഈ സംഭവങ്ങള്‍ ? പൊളിച്ചുനീക്കലിന് കാരണമായി കരുതുന്ന ദല്‍ഹിയിലെ ബി.ജെ.പി നേതാവിന്റെ പരാതി എന്തായിരുന്നു? ജഹാംഗീര്‍പുരിയില്‍ കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ദിവസത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ എന്തെല്ലാം? അതും ഇന്നത്തെ പൊളിച്ചുനീക്കലും തമ്മിലുള്ള ബന്ധമെന്താണ് ? പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് നടന്ന കോടതി നടപടികള്‍ ? സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ടല്ലാതെ, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും സ്ഥലത്ത് എത്താത്തതിനെതിരെ പ്രതിഷേധമുയരുന്നത് എന്തുകൊണ്ട് | പരിശോധിക്കാം


ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസിങ്ങ്

9 ബുള്‍ഡോസറുകളാണ് ബുധനാഴ്ച രാവിലെ ജഹാംഗീര്‍പുരിയിലെത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ബുള്‍ഡോസറും മുന്‍സിപ്പല്‍ അധികൃതരും സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രദേശത്തെ വീടുകളും കടകളും പൊളിച്ചുനീക്കാന്‍ തുടങ്ങുകയായിരുന്നു.

ആളുകള്‍ താമസിക്കുന്ന വീടുകളും സ്ഥിരമായി പ്രവര്‍ത്തിച്ചുവരുന്ന കടകളുമെല്ലാമാണ് ഇത്തരത്തില്‍ തകര്‍ത്തെറിഞ്ഞത്. അധികാരികളുടെ ഭാഗത്തുനിന്നും ഈ പൊളിച്ചുനീക്കലിനെ കുറിച്ച് മുന്നറിയിപ്പോ ഒഴിഞ്ഞുപോകണമെന്ന നോട്ടീസോ ലഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തങ്ങളുടെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് ജെ.സി.ബിക്ക് മുന്‍പിലെത്തി കണ്ണീരോടെ പറയുന്നവരുടെയും അപേക്ഷിക്കുന്നവരുടെയും ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയും നിറഞ്ഞിരിക്കുകയാണ്.

ആന്റി എന്‍ക്രോച്ച്‌മെന്റ് ഡ്രൈവ് അഥവാ അനധികൃത ഭൂമി കയ്യേറ്റം തടയല്‍ പദ്ധതിയുടെ ഭാഗമായി സാധാരണയായി നടക്കുന്ന പ്രവര്‍ത്തനമാണിതെന്നാണ് നോര്‍ത്ത് ദല്‍ഹി മുന്‍സിപ്പല്‍ അധികൃതരുടെ വാദം. എന്നാല്‍ ബി.ജെ.പി അധ്യക്ഷന്‍ അദേശ് ഗുപ്ത എന്‍.ഡി.എം.സി മേയര്‍ക്ക് നല്‍കിയ പരാതിക്ക് തൊട്ടുപിന്നാലെ ഉണ്ടായ നടപടി അത്ര സാധാരണമായി കാണാനാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ‘കലാപകാരികളുടെ’ അധനികൃത ഭൂമികള്‍ കണ്ടെത്തി അവ പൊളിച്ചുകളയണമെന്നായിരുന്നു അദേശ് ഗുപ്ത മേയര്‍ക്ക് നല്‍കിയ പരാതി.

മാത്രമല്ല, ജഹാംഗീര്‍പുരിയില്‍ കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ടു നടന്ന വര്‍ഗീയ സംഘര്‍ഷത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഈ നടപടി മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യം വെച്ചുള്ളത് മാത്രമാണെന്നും വിമര്‍ശനമുയരുന്നുണ്ട്. മുസ്‌ലിം പള്ളിയുടെ ഗേറ്റും പള്ളിയോട് ചേര്‍ന്നുള്ള മുസ് ലിങ്ങളുടെ വീടുകളും കടകളുമാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. മറ്റേതെങ്കിലും വിഭാഗങ്ങളുടെ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായി ഇതുവരെയും വിവരങ്ങളൊന്നും വന്നിട്ടില്ല.

പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ടു നടന്ന കോടതി വ്യവഹാരങ്ങള്‍

ചൊവ്വാഴ്ച തന്നെ പൊളിച്ചുനീക്കല്‍ തുടങ്ങാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍ ആവശ്യമായ പൊലീസ് സന്നാഹത്തെ ലഭിക്കാത്തതുകൊണ്ട് അടുത്ത ദിവസത്തേക്ക് മാറ്റി.

നിയമപരമായ മുന്നറിയപ്പുകളൊന്നുമില്ലാത്ത ഈ പൊളിച്ചുനീക്കലിനെ കുറിച്ചറിഞ്ഞ പ്രദേശവാസികള്‍ ജംഇയത്തുല്‍ ഉലമയാ ഹിന്ദിന്റെ നേതൃത്വത്തില്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കേസിലെ വാദം കേള്‍ക്കല്‍ ഹൈക്കോടതി ബുധനാഴ്ച ഉച്ചയിലേക്ക് മാറ്റി. തുടര്‍ന്ന്
ബുധനാഴ്ച രാവിലെ തന്നെ അധികൃതര്‍ ഇടിച്ചുനിരത്താനായി എത്തുകയായിരുന്നു. ജഹാംഗീര്‍പൂരില്‍ ഈ നടപടികള്‍ തുടരുന്നതിനിടെ സുപ്രീം കോടതിയിലേക്ക് ഹരജിയെത്തുകയും നടപടി നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേയും കപില്‍ സിബലുമാണ് ജംഇയത്തുല്‍ ഉലമായ ഹിന്ദിന് വേണ്ടി ഹാജരായത്. കപില്‍ സിബല്‍ ഈ കേസ് വാദിക്കാനുണ്ടായിരുന്നു എന്ന പേരില്‍ കോണ്‍ഗ്രസാണ് ഈ പൊളിച്ചുനീക്കല്‍ നടപടിക്കെതിരെ നിയമപരമായി പൊരുതുന്നതെന്ന ചില വ്യാജ അവകാശവാദങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ അഭിഭാഷകനെന്ന നിലയില്‍ ഉലമായ ഹിന്ദിന് വേണ്ടി വാദിക്കാനായി മാത്രമാണ് കപില്‍ സിബല്‍ കോടതിയിലെത്തിയത്.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. മലയാളി അഭിഭാഷകരായ പി.വി സുരേന്ദ്ര നാഥും സുഭാഷ് ചന്ദ്രനുമായിരുന്നു ബൃന്ദക്ക് വേണ്ടി ഹരജിയില്‍ ഹാജരായത്.

പൊളിച്ചുനീക്കല്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷവും അധികൃതര്‍ നടപടിയുമായി മുന്നോട്ടുപോയതാണ് സംഭവത്തില്‍ കൂടുതല്‍ പ്രതിഷേധമുയരാന്‍ ഇടയാക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഓര്‍ഡര്‍ എത്രയും വേഗം അധികൃതര്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊളിച്ചുനീക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലെ വാദം വ്യാഴാഴ്ച കേള്‍ക്കുമെന്നും അതുവരെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമായിരുന്നു കോടതി വിധിച്ചിരുന്നത്.

എന്നാല്‍ കോടതി വിധി കയ്യില്‍ കിട്ടുന്നത് വരെ പൊളിച്ചുമാറ്റല്‍ തുടരുമെന്നായിരുന്നു മേയര്‍ രാജ് ഇക്ബാല്‍ സിംഗിന്റെ വാദം. രണ്ട് മണിക്കൂറോളം ഇടിച്ചുനിരത്തല്‍ തുടരുകയും ചെയ്തു. പിന്നീടാണ് ഇതെല്ലാം നിര്‍ത്തിവെച്ചത്. നിലവില്‍ പ്രദേശത്ത് പൊളിച്ചുനീക്കല്‍ നടക്കുന്നില്ല. എന്നാല്‍ ഇതിനോടകം തന്നെ നിരവധി വീടുകളും കടകളും വസ്തുക്കളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ബുള്‍ഡോസറിന് മുന്‍പിലെത്തിയ സി.പി.ഐ.എമ്മിന്‍റെ ബൃന്ദ കാരാട്ടും പ്രതികരിക്കാത്ത മറ്റു പ്രതിപക്ഷ പാര്‍ട്ടികളും

കോടതിയുടെ സ്‌റ്റേ ഓര്‍ഡറിന്റെ പകര്‍പ്പുമായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് ബുള്‍ഡോസറുകള്‍ക്ക് മുന്‍പിലെത്തിയത്. സി.പി.ഐ. എം.എല്‍ നേതാവ് രവി റായിയടക്കമുള്ളവര്‍ ബൃന്ദക്കൊപ്പമുണ്ടായിരുന്നു. കോടതി പകര്‍പ്പ് ലഭിച്ചിട്ടും നടപടികള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാകാതിരുന്ന അധികൃതര്‍ക്കും ബുള്‍ഡോസറുകള്‍ക്കും മുന്‍പില്‍ ബൃന്ദ കാരാട്ട് ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.


‘പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്, ആ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിയമവിരുദ്ധമായ പൊളിച്ചുനീക്കലിലൂടെ നിയമവും ഭരണഘടനയും നിരപ്പാക്കിയിരിക്കുകയാണ്. സു്പ്രീം കോടതിയെയും കോടതി ഉത്തരവുകളെയും ഇടിച്ചു തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്,’ ബൃന്ദ പറഞ്ഞു. പിന്നീട് നടപടികള്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് വേണ്ടി ജനങ്ങള്‍ സഹകരിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതാക്കളോ, ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയോ ഈ പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് സംഭവസമയത്തോ അതിനടുത്ത മണിക്കൂറുകളിലോ പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഹുല്‍ ഗാന്ധി ബി.ജെ.പി തങ്ങളുടെ ഹൃദയത്തിലെ വെറുപ്പ് നീക്കാനാണ് നോക്കേണ്ടതെന്ന തരത്തില്‍ ചില വരികള്‍ ട്വീറ്റ് ചെയ്യുകയാണ് ചെയ്തത്.

രാജ്യത്തെ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ വരെ ഹനിക്കപ്പെടുകയും ന്യൂനപക്ഷങ്ങള്‍ ബി.ജെ.പി ഭരണകേന്ദ്രങ്ങളില്‍ നിന്നും ക്രൂരമായ അതിക്രമങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ പോലും മൗനം തുടരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിന് കൂടുതല്‍ വഴിയൊരുക്കുകയാണെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു.

ഏപ്രില്‍ 17ന് ഹനുമാന്‍ ജയന്തി ദിനത്തില്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയ അതിക്രമങ്ങള്‍

ഹനുമാന്‍ ജയന്തി ജാഥയുമായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ജഹാംഗീര്‍പുരിയിലെ മുസ്‌ലിം പള്ളിക്ക് മുന്‍പിലേക്ക് എത്തുകയായിരുന്നു. ഈ ജാഥ നടത്താനോ പള്ളിക്ക് മുന്‍പിലേക്ക് പോകാനോ ഇവര്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മുസ്‌ലിങ്ങളുടെ നിസ്‌കാര സമയത്ത് പള്ളിക്ക് മുന്‍പിലെത്തിയ ഈ ജാഥയിലുള്ളവര്‍ ഉച്ചത്തില്‍ ഹൈന്ദവ മന്ത്രങ്ങള്‍ ചൊല്ലുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശം സംഘര്‍ഷാവസ്ഥയിലായി. തുടര്‍ന്നു നടന്ന അക്രമസംഭവങ്ങളിലും കല്ലേറിലും ഒരു പൊലീസുകാരനടക്കം ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ഹനുമാന്‍ ജയന്തി ശോഭായാത്രുമായി വന്നവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജാഥയിലുണ്ടായിരുന്നവര്‍ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തങ്ങള്‍ ആയുധങ്ങള്‍ കൈവശം വെച്ചിരുന്നെന്ന് ജാഥയിലെത്തിയവരില്‍ പലരും സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

25 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിം കമ്യൂണിറ്റിയില്‍ പെട്ടവരാണെന്നാണ് ജഹാംഗീര്‍പൂരിലെ നിവാസികള്‍ പറയുന്നത്. ഒരു കമ്യൂണിറ്റിയില്‍ പെട്ടവരെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണ് പൊലീസ് നടപടികളും അറസ്റ്റെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ചില അഭിഭാഷകര്‍ തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പയറ്റിയ ബി.ജെ.പിയുടെ ബുള്‍ഡോസര്‍ രാജ്

തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ കലാപവും സംഘര്‍ഷവും നടത്തിയ സ്ഥലങ്ങളില്‍, ബി.ജെ.പി ഭരണകേന്ദ്രങ്ങള്‍ ന്യൂനപക്ഷങ്ങളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് അവരുടെ വീടും സ്വത്തും നശിപ്പിക്കുന്ന നടപടി മറ്റു സംസ്ഥാനങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥായിരുന്നു ഇതിന് തുടക്കം കുറിച്ചത്.

ക്രിമിനലുകളുടെ അനധികൃത സ്വത്തുക്കള്‍ ഇടിച്ചുനിരത്തുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു യോഗി ഈ ബുള്‍ഡോസിങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ബുള്‍ഡോസര്‍ ബാബ എന്ന പേരും യോഗിക്ക് ലഭിച്ചിരുന്നു. ക്രിമിനലുകള്‍ എന്ന് മുദ്ര കുത്തി, വിമര്‍ശകരെയും പ്രതിഷേധിക്കുന്നവരെയും അടിച്ചമര്‍ത്തുന്നതിനും ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും തുടച്ചുനീക്കുന്നതിനും വേണ്ടിയാണ്, അനിധികൃത കയ്യേറ്റമെന്ന് ആരോപിച്ച് അവരുടെ വീടുകളടക്കം ഇല്ലാതാക്കുന്നതെന്ന് ബി.ജെ.പിക്കെതിരെ അന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ ദല്‍ഹിയിലെ ബി.ജെ.പി നേതാവിന്റെ പരാതിയിലും കാണാനാകുന്നത് യേഗിയുടെ അതേ ഭാഷ തന്നെയാണ്. കയ്യേറ്റമെന്ന പേരില്‍ ബി.ജെ.പി അധികാരികളും അധികൃതരും ന്യൂനപക്ഷങ്ങളുടെ വീടും വരുമാന മാര്‍ഗങ്ങളും ഇല്ലാതാക്കുന്നതും ഈ ബുള്‍ഡോസര്‍ രാജിന്റെ തുടര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

ജഹാംഗീര്‍പൂരിലെ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നും ഉയരുന്നത്. #Bulldozer, #StopBulldozingMuslimHousse ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡായി കഴിഞ്ഞു.

ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസിങ്ങും തുടര്‍ന്നു നടന്ന സംഭവങ്ങളും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നും നടക്കുന്ന വിവിധ തലങ്ങളിലുള്ള ആസൂത്രിതമായ ആക്രമണങ്ങളുടെ തുടര്‍ച്ചയായ ജഹാംഗീര്‍പുരി ബുള്‍ഡോസിങ്ങിനെതിരെ രാജ്യത്ത് ജനരോഷം ഉയരുമോ? ഭരണഘടനയെയും മനുഷ്യാവകാശങ്ങളെയും തല്ലിതകര്‍ത്ത്, ഭരണാധികാരികള്‍ തന്നെ ജനങ്ങളെ തെരുവിലാക്കുന്നതിനെ ഇനിയും നിസംഗതയോടെ ഇന്ത്യന്‍ ജനത നോക്കിനില്‍ക്കുമോ ? ബുള്‍ഡോസറുകള്‍ക്ക് മുന്‍പില്‍ സുപ്രീം കോടതി വിധിയുമായി നിലയുറപ്പിച്ച സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ടിന്റെ നടപടി, സംഘപരിവാര്‍ ഫാസിസത്തെ തെരുവിലിറങ്ങിയും കോടതി കയറിയും നേരിടാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ നിര്‍ബന്ധിതരാക്കുമോ എന്നിങ്ങനെയാണ് ഈ ചര്‍ച്ചകള്‍. ഇതിനുള്ള മറുപടി വരും ദിവസങ്ങളിലറിയാം.

Content Highlight : Jahangirpuri Demolition and Hanuman Jayanti Violence | Explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more