| Thursday, 9th June 2016, 3:36 pm

മുഖ്യമന്ത്രിയുടെ ആ പ്രസംഗത്തെക്കുറിച്ച് തന്നെ...!

ഡൂള്‍ന്യൂസ് ഡെസ്‌ക്

സഖാവ് പിണറായി വിജയന്റെ ആര്‍ജ്ജവവും, ആജ്ഞാ ശക്തിയുമുള്ള വാക്കുകളെ പ്രതിപക്ഷം അടങ്ങുന്ന പൊതുസമൂഹം ആഹ്ലാദത്തോടെയാണ് എതിരേറ്റിരിക്കുന്നത്. പക്ഷേ അത് പ്രായോഗികമാക്കുക എന്നത് എളുപ്പമല്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമ്പോള്‍ , യൂണിയന്‍ നേതാക്കള്‍ തന്നെ രക്ഷകരായി അവതരിക്കും എന്നത് തന്നെയാകും പ്രധാന പ്രശ്‌നം. അത്തരം വൈതരണികളും, രാഷ്ട്രീയ അതിപ്രസരങ്ങളും അതിജീവിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കട്ടെ എന്നത് മുഴുവന്‍ മലയാളികളുടെയും അഭിലാഷമാണ്.


എന്തായാലും അപേക്ഷ നല്‍കി അനവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും, മറുപടിയില്ലാത്ത ഫയലുകളില്‍ മുഖ്യമന്ത്രി നേരിട്ട് മറുപടി/ നിജസ്ഥിതി പറയുന്ന ദല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ മോഡല്‍ പിണറായി വിജയനും പരീക്ഷിക്കാവുന്നതാണ്.

| ഒപ്പീനിയന്‍: ജഹാംഗീര്‍ റസാഖ് പാലേരി |


ആദ്യം ഒരനുഭവം പറയാം..

പാലക്കാട്ടെ ഒരു പാവം ടീച്ചര്‍ വര്‍ഷത്തോളമായി ശമ്പളം ലഭിക്കാതെ, ദുരിതത്തിനൊടുവില്‍ ഓഫീസില്‍ കേസുമായി വന്നു. അവരുടെ നിയമന ഉത്തരവിലെ ചില പേപ്പറുകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും സമയത്ത് നീങ്ങാത്തതാണ് പ്രശ്‌നം. എന്തായാലും ഏകദേശം ആറു മാസക്കാലം കേസ് വാദിച്ചു ടീച്ചറുടെ ശമ്പളം കുടിശ്ശിക സഹിതം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഞങ്ങളുടെ ഓഫീസിനും ടീച്ചര്‍ക്കും സന്തോഷമായി. ഒരു കവറിംഗ് ലെറ്റര്‍ സഹിതം ടീച്ചര്‍ക്ക് ജഡ്ജ്‌മെന്റ്  ഞാന്‍ കവറിലാക്കി നല്‍കി തിരുവനന്തപുരത്തേക്ക് പറഞ്ഞു വിട്ടു. ഒന്നും, രണ്ടും, മൂന്നും തവണ വണ്ടിക്കൂലി കടം വാങ്ങി പോയിട്ടും ടീച്ചറുടെ ശമ്പളം പാസായില്ല.

പിന്നീട് സെക്രട്ടേറിയറ്റില്‍ പോകുമ്പോള്‍ ടീച്ചര്‍ ഓഫീസില്‍ വന്നു അല്‍പ്പനേരം സങ്കടം പറഞ്ഞു കരഞ്ഞു പോകുന്നത് പതിവായി. ചുരുക്കിപ്പറഞ്ഞാല്‍ വീണ്ടും ഒരാറുമാസം  സെക്രട്ടേറിയറ്റില്‍ മഹാന്മാര്‍ ടീച്ചറെ നടത്തിച്ചു. ശമ്പളം കിട്ടിയിട്ട് വര്‍ഷം രണ്ടായി എന്ന് സാരം.


അല്‍പ്പം അതിശയോക്തിപരമായി മാത്രമേ ഇത് മലയാളികള്‍ക്ക് തോന്നൂ.. കാരണം ആദരവ് പോയിട്ട് ഒരു മനുഷ്യജീവിയായി മുന്നില്‍ വരുന്ന സാധാരണക്കാരനെ പരിഗണിക്കാന്‍ സാധിക്കുന്ന എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്?


ഞങ്ങള്‍ക്കും രോഷവും, സങ്കടവും വന്നു. വിദ്യാഭ്യാസ വകുപ്പിലെ പ്രസ്തുത അണ്ടര്‍ സെക്രട്ടറിക്കെതിരായി ഞാന്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്തു. അല്‍പ്പം രോഷത്തോടെ തന്നെ ജസ്റ്റിസ് പ്രസ്തുത ഉദ്യോഗസ്ഥനോട് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഓര്‍ഡര്‍ ഇട്ടു. കേസ് പോസ്റ്റ് ചെയ്ത ദിവസം തമ്പുരാന്‍ തിരുവനന്തപുരത്തുനിന്നു സര്‍ക്കാര്‍ വക ആഡംബര കാറില്‍ ഹൈക്കോടതിയിലെത്തി. ജഡ്ജി രൂക്ഷമായ ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും ” ഓ…  നമ്മളിതൊക്കെ എത്ര കണ്ടതാ…” എന്ന ഭാവത്തില്‍ അലസമായി ഉത്തരങ്ങള്‍ പറഞ്ഞു. എന്തായാലും നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ടീച്ചറുടെ കാര്യത്തില്‍ തീരുമാനമാക്കാം എന്ന ഉറപ്പില്‍ കോടതി അയാളെ വിട്ടു..!

വൈകുന്നേരം കോടതി പിരിഞ്ഞു അത്യാവശ്യം ഷോപ്പിങ്ങിന് ലുലു മാളില്‍ പോയി. പകല്‍ ഹൈക്കോടതി വളപ്പില്‍ കണ്ട ഏമാന്റെ കാറ് ലുലുമാളിലെ  പാര്‍ക്കിംഗ് പോയന്റില്‍ കണ്ടപ്പോളെ എനിക്ക് സംഗതി മണത്തു. പ്രതീക്ഷിച്ചത് പോലെത്തന്നെ ഏമാനും, കുടുംബവും, അമ്മൂമ്മയും, അപ്പൂപ്പനും , പട്ടിയും , കുട്ടിയുമെല്ലാം സര്‍ക്കാര്‍ വക കാറില്‍ സര്‍ക്കാരിന്റെ ഡ്രൈവറെ വച്ചു ഉല്ലാസയാത്രയ്ക്ക് വന്നിരിക്കുകയാണ്. അതും ഒരു കോടതിയലക്ഷ്യകേസില്‍ ഹാജരാവാന്‍…!!

ഇനി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിലേക്ക് വരാം…

1) സേവനത്തിനു വരുന്നവനെ ആദരവോടെ എതിരേല്‍ക്കണം..!

അല്‍പ്പം അതിശയോക്തിപരമായി മാത്രമേ ഇത് മലയാളികള്‍ക്ക് തോന്നൂ.. കാരണം ആദരവ് പോയിട്ട് ഒരു മനുഷ്യജീവിയായി മുന്നില്‍ വരുന്ന സാധാരണക്കാരനെ പരിഗണിക്കാന്‍ സാധിക്കുന്ന എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്? വളരെ വിരളമാണ് എന്നതാണ് സത്യം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും നെഗറ്റീവ് എനര്‍ജി പ്രസരിപ്പിക്കുന്ന ഇടങ്ങളാണ്. മുന്നില്‍ ഇരിക്കുന്നവന്റെ കണ്ണുനീരിനിടയിലും, മുടി കെട്ടാനും, ഫോണില്‍ ശൃംഗരിക്കാനും, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഫോണില്‍ സംസാരിക്കാനും തയാറാകുന്ന പരനാറികള്‍ തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും…! ഇക്കൂട്ടരിലെ കഠിനാധ്വാനികളും, സത്യസന്ധരുമായ ഒരു മുപ്പതു ശതമാനം ആളുകള്‍ (സഖാവ് വി.എസ്സിന്റെ കണക്കാണ്) ജോലി ചെയ്യുന്നത് കൊണ്ട് മാത്രമാണ് നമ്മുടെ ഭരണകൂടം നിലനിന്നു പോകുന്നത്..!


സര്‍ക്കാരില്‍ നിന്ന് ഔദാര്യങ്ങള്‍ പറ്റാന്‍ ആരും സെക്രട്ടേറിയറ്റില്‍ പോകുന്നില്ല. അര്‍ഹിക്കുന്ന അവകാശങ്ങള്‍ വാങ്ങാനാണ് പ്യൂണ്‍ മുതല്‍ സെക്രട്ടറി വരെയുള്ളവന്റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ട ഗതികേട് മലയാളിക്കുണ്ടാകുന്നത്.


2) ഓരോ ഫയലിലും ഉള്ളത് അനവധി ജീവിതങ്ങളാണ്..!

സര്‍ക്കാരില്‍ നിന്ന് ഔദാര്യങ്ങള്‍ പറ്റാന്‍ ആരും സെക്രട്ടേറിയറ്റില്‍ പോകുന്നില്ല. അര്‍ഹിക്കുന്ന അവകാശങ്ങള്‍ വാങ്ങാനാണ് പ്യൂണ്‍ മുതല്‍ സെക്രട്ടറി വരെയുള്ളവന്റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ട ഗതികേട് മലയാളിക്കുണ്ടാകുന്നത്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം  വരെ വന്നു ലോഡ്ജ് മുറിയെടുത്ത് തങ്ങി പിറ്റേന്ന് സെക്രട്ടേറിയേറ്റില്‍ വരുന്നവനെ അകത്തേക്ക് കടത്തി വിടുന്നത് തന്നെ മൂന്നു മണിക്ക് ശേഷമാണ്. എന്ന് വച്ചാല്‍ തമ്പുരാന്‍മാരും, തമ്പുരാട്ടികളും ആ സമയത്ത് വീട്ടിലേക്കുള്ള യാത്രയിലായിരിക്കും. പിന്നീട് വല്ല എം.എല്‍.എ യുടെയും ശുപാര്‍ശക്കത്ത് ഉണ്ടെങ്കില്‍ മാത്രമേ അടുത്ത ദിവസമെങ്കിലും ആ പാവത്തിനെ സമയത്ത് അകത്തേക്ക് വിടൂ..!

ഏതെങ്കിലും ഒരുത്തന്‍ അന്നേ  ദിവസം ലീവാണെങ്കില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അയാള്‍ ലോഡ്ജില്‍ തങ്ങണം എന്നതാണ് സ്ഥിതി. എന്നാല്‍ ത്തന്നെ  അയാളുടെ കാര്യം ശരിയായാല്‍ ലോട്ടറി അടിച്ചു എന്ന് കരുതിയാല്‍ മതി. മിക്കപ്പോഴും വല്ല ക്ഷേമ പെന്‍ഷനുകളോ, സര്‍ക്കാരില്‍ നിന്ന് ലഭിക്കുവാനുള്ള സംഖ്യയുടെ കുടിശ്ശികയോ വാങ്ങിയെടുക്കാന്‍ വീട്ടില്‍ പട്ടിണി തുടങ്ങുന്ന സമയത്തായിരിക്കും പാവം മനുഷ്യര്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. ഒരു വിദ്യാസമ്പന്നന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു മൃഗമായി മാറുന്നു എന്നതാണ് പൊതുവായ അനുഭവം. വളരെ വിരളമാണ് മറിച്ചുള്ള  അനുഭവം എന്ന് വേദനയോടെ തന്നെ പറയട്ടെ.

3) ചായ, ഊണ്, വീണ്ടും ചായ, വീട്ടിലേക്കു മടക്കം..!

സമയത്തിനു ഓഫീസില്‍ വരുന്ന ജീവനക്കാര്‍ വളരെ കുറവാണ്. വന്നാല്‍ തന്നെ അവര്‍ ജോലി തുടങ്ങാന്‍ പിന്നെയും സമയമെടുക്കും. ഫയലുകള്‍ തുറക്കുമ്പോഴേക്കും  ചായക്കുള്ള സമയമാകും. ഇതിനിടയില്‍ പുകവലി, വെറ്റില മുറുക്കല്‍ തുടങ്ങിയ സുകുമാര കലകള്‍ ഉള്ളവര്‍ വീണ്ടും വൈകും. രാഷ്ട്രീയ  ചര്‍ച്ചകള്‍ , സ്വന്തം ഫേസ്ബുക്ക് പോസ്റ്റിനു കിട്ടിയ ലൈക്കുകള്‍, ബന്ധുവീട്ടിലെ കല്യാണ വിശേഷങ്ങള്‍, കാണുന്ന സീരിയലുകളുടെ ഭാവിയെക്കുറിച്ചുള്ള കുലങ്കശമായ  ചര്‍ച്ച, കാമുകന്റെ/ കാമുകിയുടെ/ ജാരന്റെ പഞ്ചാര ഫോണുകള്‍, വാട്‌സാപ് മെസേജുകള്‍ തുടങ്ങി നൂറു കൂട്ടം ജോലികള്‍ വേറെയും..!

ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് മുതല്‍ നൈറ്റി, സാരി, ലുങ്കി, അടുക്കള സാധനങ്ങള്‍… അടക്കമുള്ളവയുടെ കച്ചവടക്കാര്‍ (ജീവനക്കാരുടെ സ്വന്തക്കാര്‍) ഓഫീസില്‍ കയറി വരും. അവര്‍ തവണ സംഖ്യ പിരിക്കുന്നത് മുതല്‍ , പുതിയ കച്ചവടങ്ങള്‍ നടത്തുന്നത് വരെ ഓഫീസില്‍ പൊടിപൊടിക്കും. മാഡം ഒരു സാരി  വാങ്ങി തീരുന്നത് വരെ വാര്‍ധക്യപെന്‍ഷന് അപേക്ഷ നല്‍കാന്‍ വന്നവര്‍ കാത്തിരുന്നേ മതിയാവൂ..! മാഗസിന്‍ വായന, യൂണിയന്‍ പ്രവര്‍ത്തനം, ഏഷണി, പരദൂഷണം, വായ നോട്ടം എല്ലാം ഇതിനിടയില്‍ നടക്കുകയും വേണം..!


പഞ്ച് ചെയ്തു അകത്തുകടന്നയാള്‍ക്ക് തിരിച്ചിറങ്ങാന്‍ ഓഫീസ് മേധാവിയുടെ ഔട്ട്പാസ് വേണ്ടാത്ത ലോകത്തെ ഒരെയോരിടം കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളാണ്. പ്രത്യേകിച്ച് സെക്രട്ടേറിയറ്റ്. എല്ലാ യൂണിയന്‍ നേതാക്കളും പഞ്ച്‌ചെയ്തു ഹാജര്‍ രേഖപ്പെടുത്തി “മാനവവിമോചന” പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരാണ്.


4) “പഞ്ചിംഗ്” എന്ന  കറുത്ത ഹാസ്യം..!

പഞ്ച് ചെയ്തു അകത്തുകടന്നയാള്‍ക്ക് തിരിച്ചിറങ്ങാന്‍ ഓഫീസ് മേധാവിയുടെ ഔട്ട്പാസ് വേണ്ടാത്ത ലോകത്തെ ഒരെയോരിടം കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളാണ്. പ്രത്യേകിച്ച് സെക്രട്ടേറിയറ്റ്. എല്ലാ യൂണിയന്‍ നേതാക്കളും പഞ്ച്‌ചെയ്തു ഹാജര്‍ രേഖപ്പെടുത്തി “മാനവവിമോചന” പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരാണ്. പിന്നീടവര്‍ ആ ദിവസം ഒഫീസിലെത്തിയില്ല എന്ന് വരാം. പഞ്ച് ചെയ്തു പുറത്തിറങ്ങിയ നേതാവ് ഭൂമിക്കച്ചവടം ചെയ്യുന്നത് നേരില്‍കണ്ടു നടപടിയെടുത്ത കാലിക്കറ്റ് മുന്‍ വി.സി അബ്ദുല്‍ സലാമിന് ഉണ്ടായ അനുഭവം നമ്മുടെയെല്ലാം മുന്നിലുള്ളത് ഇതുമായി ചേര്‍ത്തു വായിക്കുക. പഞ്ചിംഗ് സംവിധാനം കാര്യക്ഷമമാകണമെങ്കില്‍ പഞ്ച് ചെയ്തു അകത്തുകയറുന്നവര്‍ അവിടെയിരുന്നു പണിയെടുക്കുന്നു എന്നുറപ്പുവരുത്തുന്ന ഓഡിറ്റിംഗ് സംവിധാനവും വേണം..!

5) ദുര്‍ബ്ബലമായ സേവനാവകാശം, ഉറപ്പുള്ള ശമ്പള പരിഷ്‌ക്കരണം..!

സത്യം പറഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനെ ഭരണകൂടങ്ങള്‍ക്ക് പേടിയാണ്. ഒരിക്കലും മുടക്കം വരാതെ കൃത്യമായി ശുഷ്‌കാന്തിയോടെ നടക്കുന്ന സംഭവമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ  ശമ്പള പരിഷ്‌ക്കരണം. ഒരു നാടിന്റെ മുഴുവന്‍ വരുമാനത്തിന്റെ സിംഹഭാഗവും വാരിക്കോരി നല്‍കിയിട്ടും, ഇക്കൂട്ടര്‍ അനാവശ്യമായി സമരവും, പണിമുടക്കും നടത്തുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. നമ്മുടെ സര്‍ക്കാര്‍ വരുമാനത്തിന്റെ പ്രധാന പങ്കും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുവാനാണ് വിനിയോഗിക്കുന്നത് എന്നത് ഈ സമയത്ത് പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ യാതൊരു അലംഭാവവും പുലര്‍ത്താതെ കൃത്യമായി ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നു എന്ന് കാണുവാന്‍ കഴിയും.

സേവനാവകാശ നിയമം നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. നമ്മുടെ അവകാശവുമായി ബന്ധപ്പെട്ട അപേക്ഷയുടെ ഒരു ഫയലിന്റെ നിലവിലെ സ്ഥിതി എന്താണ്, ഏതു ഓഫീസില്‍ ഏതു  ഉദ്യോഗസ്ഥന്റെ  അടുക്കലാണ് അതുള്ളത് എന്ന് അറിയുവാനുള്ള അവകാശം പോലും സേവനാവകാശ നിയമം ഉള്ള കാലത്തും മലയാളികള്‍ക്കില്ല എന്നതാണ് വസ്തുത. സത്യത്തില്‍ പൗരാവകാശങ്ങള്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ സര്‍ക്കാര്‍ ജീവനക്കാര്‍ ഭയക്കുന്നു, അല്ലെങ്കില്‍ വെറുക്കുന്നു എന്നതിന്റെ വലിയ ഉദാഹരണമാണ് വിവരാവകാശ നിയമത്തോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ നിഷേധാത്മക നിലപാടുകള്‍ എന്ന് സൂക്ഷ്മമായി  പരിശോധിക്കുമ്പോള്‍ മനസ്സിലാകും.!

അടുത്തപേജില്‍ തുടരുന്നു


സത്യത്തില്‍ നമ്മുടെ രാഷ്ട്രീയ മേഖലയില്‍ നടക്കുന്ന അഴിമതികളുടെ  പല മടങ്ങുകളാണ് ബ്യൂറോക്രസിയില്‍ സംഭവിക്കുന്നത്. നമ്മുടെ മാധ്യമങ്ങളും, പൊതു സംവാദങ്ങളും രാഷ്ട്രീയക്കാരുടെ അഴിമതികളില്‍ ശ്രദ്ധ ചെലുത്തുന്നു എന്ന് മാത്രം. കൈക്കൂലി നല്‍കുകയും, കൈക്കൂലി വാങ്ങുകയും, ജനസേവനത്തോട് അലസമനോഭാവം പുലര്‍ത്തുകയും ചെയ്യുന്ന ഒരു സമൂഹവും, സേവന മേഖലയുമാണ് നമ്മുടേത് എന്ന് നിസ്സംശയം പറയാം.


ഒരു ഫ്യൂഡല്‍ കാലത്തിന്റെ ശേഷിപ്പുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ 2016 ലും നമ്മുടെ സര്‍ക്കാര്‍ ആപ്പീസുകള്‍ എന്നത് വസ്തുതയാണ്. ഒരിക്കലെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ കയറിയിട്ടുള്ളവന്  ദുരനുഭവം തന്നെയാണ് ഉണ്ടായിരിക്കുക എന്നതും പൊതുവായി അംഗീകരിക്കപ്പെട്ടതാണ്. ഏതെങ്കിലും രൂപത്തില്‍ കൈമടക്കു നല്‍കാതെ കേവലം ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍, ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് വരെ ലഭിക്കില്ല എന്നതാണ് സത്യം.

അക്കാരണത്താല്‍ തന്നെ അഴിമതിക്ക് ഭാഗമായി അഴിമതിയെ അറിയാതെയെങ്കിലും അംഗീകരിക്കുന്ന ഒരു ജനതയായി നാം മലയാളികള്‍ മാറിയിരിക്കുന്നു. സത്യത്തില്‍ നമ്മുടെ രാഷ്ട്രീയ മേഖലയില്‍ നടക്കുന്ന അഴിമതികളുടെ  പല മടങ്ങുകളാണ് ബ്യൂറോക്രസിയില്‍ സംഭവിക്കുന്നത്. നമ്മുടെ മാധ്യമങ്ങളും, പൊതു സംവാദങ്ങളും രാഷ്ട്രീയക്കാരുടെ അഴിമതികളില്‍ ശ്രദ്ധ ചെലുത്തുന്നു എന്ന് മാത്രം. കൈക്കൂലി നല്‍കുകയും, കൈക്കൂലി വാങ്ങുകയും, ജനസേവനത്തോട് അലസമനോഭാവം പുലര്‍ത്തുകയും ചെയ്യുന്ന ഒരു സമൂഹവും, സേവന മേഖലയുമാണ് നമ്മുടേത് എന്ന് നിസ്സംശയം പറയാം.


മരണാസന്നനായ ദരിദ്ര രോഗിയുടെ ശസ്ത്രക്രിയയ്ക്ക് പണം കൈക്കൂലി ആവശ്യപ്പെടുന്ന ഡോക്ടര്‍മാര്‍ ഉള്ള നാട് ലോകത്തില്‍ തന്നെ ഒരു പക്ഷേ നമ്മുടേത് മാത്രമാകാം…!


മരണാസന്നനായ ദരിദ്ര രോഗിയുടെ ശസ്ത്രക്രിയയ്ക്ക് പണം കൈക്കൂലി ആവശ്യപ്പെടുന്ന ഡോക്ടര്‍മാര്‍ ഉള്ള നാട് ലോകത്തില്‍ തന്നെ ഒരു പക്ഷേ നമ്മുടേത് മാത്രമാകാം…!

എന്തായാലും സഖാവ് പിണറായി വിജയന്റെ ആര്‍ജ്ജവവും, ആജ്ഞാ ശക്തിയുമുള്ള വാക്കുകളെ പ്രതിപക്ഷം അടങ്ങുന്ന പൊതുസമൂഹം ആഹ്ലാദത്തോടെയാണ് എതിരേറ്റിരിക്കുന്നത്. പക്ഷേ അത് പ്രായോഗികമാക്കുക എന്നത് എളുപ്പമല്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമ്പോള്‍ , യൂണിയന്‍ നേതാക്കള്‍ തന്നെ രക്ഷകരായി അവതരിക്കും എന്നത് തന്നെയാകും പ്രധാന പ്രശ്‌നം. അത്തരം വൈതരണികളും, രാഷ്ട്രീയ അതിപ്രസരങ്ങളും അതിജീവിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കട്ടെ എന്നത് മുഴുവന്‍ മലയാളികളുടെയും അഭിലാഷമാണ്.

എന്തായാലും അപേക്ഷ നല്‍കി അനവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും, മറുപടിയില്ലാത്ത ഫയലുകളില്‍ മുഖ്യമന്ത്രി നേരിട്ട് മറുപടി/ നിജസ്ഥിതി പറയുന്ന ദല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ മോഡല്‍ പിണറായി വിജയനും പരീക്ഷിക്കാവുന്നതാണ്. കര്‍ണ്ണാടകയിലും, ജയലളിതയുടെ അടുക്കല്‍ പോലും കൂടുതല്‍ ശ്രേഷ്ഠമായ മാതൃകകള്‍ ഉണ്ട് എന്നതും കാണേണ്ടതാണ്. മുഴുവന്‍ അധികാരങ്ങളും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരില്‍ കേന്ദ്രീകരിക്കുന്ന അശാസ്ത്രീയ സിസ്റ്റം നിര്‍ത്തലാക്കുക എന്നതും ഈ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ പടികളില്‍ ഒന്നാണ്..!

ജനപക്ഷ സേവന മേഖലയും, ജനപക്ഷ സര്‍ക്കാരും ഉണ്ടാവട്ടെ എന്ന് നമുക്ക് ആശിക്കാം. അതിനായുള്ള ചുവടു വെയ്പ്പുകളില്‍ ആര്‍ജ്ജവമുള്ള മുഖ്യമന്ത്രിയ്ക്ക് നാം ഒരു ജനത എന്ന നിലയില്‍ പിന്തുണ നല്‍കാം…!

ജയ്ഹിന്ദ്…

We use cookies to give you the best possible experience. Learn more