സഖാവ് ഇ.എം.എസ്; ഇരുപതാണ്ടിന്റെ ധൈഷണിക ശൂന്യത
Opinion
സഖാവ് ഇ.എം.എസ്; ഇരുപതാണ്ടിന്റെ ധൈഷണിക ശൂന്യത
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി
Monday, 19th March 2018, 3:10 pm

I became a Communist by studying capitalist political economy, and when I had osme understanding of that problem, it actually seemed to me os absurd, os irrational, os inhuman, that I simply began to elaborate on my own formulas for production and distribution.
– Fidel Castro-

“ഈ.എം മറക്കാത്തൊരോര്‍മ്മയായ് നാടിന്റെ

നേരില്‍ തിളങ്ങിയ വിപ്ലവതാരകം

ജീവിതം കൊണ്ടു ചരിത്രം രചിച്ചവന്‍

നാളേക്കൊരൂര്‍ജ്ജമായ് കത്തിപ്പടര്‍ന്നവന്‍

താണോന്റെ കയ്യില്‍ ഭരണ സൗധത്തിന്റെ

വാതില്‍ തുറന്നു തോളൊപ്പം നടന്നവന്‍””

മഹാനായ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ സഖാവ് ഇ.എം.എസ് സൃഷ്ടിച്ച ധൈഷണികമായ ശൂന്യതയ്ക്ക് ഇരുപതാണ്ട്. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്മതയോടുകൂടി വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ദാര്‍ശനികനായിരുന്നു സഖാവ് ഇ.എം.എസ്.

1909 ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളം മനയില്‍ ജനിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് ജന്മിത്വത്തിന്റെയും സമ്പത്തിന്റെയും അധികാരവും സൗകര്യങ്ങളും വിട്ടെറിഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തിന്റെ പൂണൂലറുത്തുമാറ്റി അദ്ദേഹം ജനങ്ങളുടെ ഇടയിലേക്കിറങ്ങി. സ്വന്തം ജീവിതത്തിലും പുരോഗമനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലും വിപ്ലവകരമായ മാറ്റമായിരുന്നു അത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചപ്പോഴും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായപ്പോഴും കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവും ഒക്കെ ആയപ്പോഴും കേരളത്തിന്റെ കേരളത്തിന്റെ സാമൂഹിക പരിഷ്‌ക്കരണങ്ങള്‍ക്ക് അദ്ദേഹം നായകത്വം വഹിച്ചു.

 

ആചാരത്തിന്റെയും വിശ്വാസത്തിന്റെയും അദൃശ്യതടവറക്കുള്ളില്‍ ഭയന്നുവിറച്ചുനില്‍ക്കുകയായിരുന്ന മനുഷ്യമനസ്സുകളെ അതില്‍ നിന്നും മോചിപ്പിക്കാന്‍ തന്റെ ജീവിതം അദ്ദേഹം മാറ്റിവെച്ചു. മേലാളനെ കണ്ടാല്‍ രണ്ടാംമുണ്ട് അരയില്‍ കെട്ടി ഓച്ചാനിച്ചുനിന്നവര്‍ നട്ടെല്ലു നിവര്‍ത്തി നിന്ന് രണ്ടാംമുണ്ടെടുത്ത് തലയില്‍ കെട്ടാന്‍ അദ്ദേഹം അടിസ്ഥാനവര്‍ഗ്ഗത്തെ പ്രാപ്തനാക്കി. “അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്” എന്ന നാടകം വി.ടി.ഭട്ടതിരിപ്പാട് എഴുതുകയും ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ അത് അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ അന്തര്‍ജന സ്ത്രീകളെ പറ്റി മാത്രമായിരുന്നില്ല, അത് രാജ്യത്ത് അടുക്കളയില്‍ തളക്കപ്പെട്ട മുഴുവന്‍ സ്ത്രീസമൂഹത്തിനു വേണ്ടി കൂടിയായിരുന്നു.

എല്ലാവര്‍ക്കും മുന്‍പേ ചിന്തിച്ച എല്ലാവര്‍ക്കും മുന്‍പേ വിപ്ലവവഴിയിലൂടെ നടന്ന ഇ.എം.എസ്, ലോകത്തില്‍ ആദ്യമായി ജനാധിപത്യ വ്യവസ്ഥയിലൂടെ ഭരണത്തിലെത്തിയ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി എന്നും ഈ സഖാക്കളുടെ സഖാവിന് സ്വന്തം.

ഇന്നും ഓരോ ചരിത്രമുഹൂര്‍ത്തത്തിലും ഓരോ മലയാളിയും ആലോചിക്കുക ഇ.എം.എസ് ജീവിച്ചിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ആ മുഹൂര്‍ത്തത്തോട് പ്രതികരിച്ചിരിക്കുക, എങ്ങനെയായിരിക്കും അദ്ദേഹം ആ ഘട്ടത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തിരിക്കുക, അതുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഏതു വഴിയായിരിക്കും നിശിതമായ വിശലകനത്തിലൂടെ അദ്ദേഹം നിര്‍ദേശിച്ചിരിക്കുക എന്നൊക്കെയാവും.

 

അതു കൊണ്ടുകൂടിയാണ് ഇന്ത്യന്‍ ഇടതുപക്ഷം സ്ഥലജല വിഭ്രമവും, നിലപാടുകളില്‍ ആശയക്കുഴപ്പങ്ങളും നേരിടുമ്പോള്‍ അത്രമേല്‍ നിസ്സഹായമാവുമ്പോള്‍ സഖാവിനെ മിസ് ചെയ്യുന്നത്. വര്‍ത്തമാനകാലത്ത് കാസ്‌ട്രോ ഇല്ലാത്ത ക്യൂബയില്‍, ഹ്യൂഗോ ഷാവേസ് ഇല്ലാത്ത വെനസ്വേല സമാനമായ രാഷ്ട്രീയ സ്ഥിതി നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. സുപരിചിതമായ ഒരാശയത്തിന് പുതുതായ വ്യാഖ്യാനമോ അര്‍ഥഭേദമോ നല്‍കാന്‍ ഇ.എം.എസിനുണ്ടായിരുന്ന കഴിവായിരിക്കണം ഒരുപക്ഷേ ഇന്ത്യന്‍ ഇടതുപക്ഷത്തിന് അദ്ദേഹത്തില്‍ ഒരാചാര്യനെ കാണുവാന്‍ സഹായകമാക്കിയത്.

മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് ഇ.എം.എസ് നല്‍കിയ സംഭാവന ഓര്‍ക്കുമ്പോള്‍, പകരം വയ്ക്കാന്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നില്ല എന്നതാണ് ഇ.എം.എസ്സിനെ ഒരു വിഗ്രഹമാക്കിയത് എന്നും കാണാതിരുന്നുകൂടാ. അദ്ദേഹത്തിന്റെ രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്ത് മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തുകയും അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും സഖാവ് കാണിച്ച ശുഷ്‌കാന്തി കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തിയത് ചരിത്രമാണ്.

ഏത് പ്രശ്നത്തെയും പരസ്പര ബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിന് കാണിച്ച പാടവം ലോകത്തിലെ തന്നെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അമൂല്യമായ സംഭാവനയാണ് നല്‍കിയത്. ഇ.എം.എസ്സിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്‌കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട് എന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും.

 

കേരളത്തിന്റെ ശ്വാസവും ശബ്ദവുമായിരുന്നു ഇ.എം.എസ് എന്നത് അതിശയോക്തി ആയിരുന്നില്ല. വലതുപക്ഷ നിരയില്‍ അദ്ദേഹത്തിന്റെ ധൈഷണിക പാടവത്തിന്റെ ഏഴയലത്ത് എത്തുന്ന യാതൊരു വ്യക്തിത്വവും ഉണ്ടായിരുന്നില്ല എന്നതും വസ്തുതയായിരുന്നു. ഏതു വിഷയത്തിലായാലും ആ വാക്കുകള്‍ക്ക് കേരളം കൊതിച്ചു. അതുണ്ടാക്കിയ വിവാദത്തീപ്പൊരികള്‍ കേരളം ആസ്വദിച്ചു.

വായിച്ചും എഴുതിയും പ്രസംഗിച്ചും പൊതു ജീവിതത്തിലെ ചൈതന്യമായിരുന്ന വ്യക്തിത്വം. ലാളിത്യമായിരുന്നു ഇ.എംഎസിനെ വേറിട്ടു നിര്‍ത്തിയിരുന്നത്. ഗാന്ധിജിയ്ക്കു ശേഷം ഇത്രയും ലളിതമായ ജീവിതം നയിച്ച മറ്റൊരാള്‍ ഇല്ലെന്ന് ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞത് നെഞ്ചില്‍ തട്ടിത്തന്നെയായിരുന്നു. കര്‍ക്കശമായി ആ ലാളിത്യം പാലിക്കാന്‍ അദ്ദേഹം അവസാന നിമിഷം വരെ ശ്രമിച്ചു. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം വിജയിക്കുകയും ചെയ്തു.

ആ ലാളിത്യമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആധുനിക നേതാക്കളില്‍ നിന്നും വിട പറയുന്നത് എന്നതും വര്‍ത്തമാനകാലത്തില്‍ കാണാം. ഫ്‌ലാറ്റും ചാനലും ആഡംബരവും അക്കാദമിയുമായി ധനദുര്‍ദ്ദേവതയുടെ ആരാധകരായി മാറിയ ഒരാള്‍ക്കൂട്ടമായി അദ്ദേഹത്തിന്റെ പാര്‍ട്ടിയെന്നത് ഏറ്റവും ചുരുങ്ങിയത് എതിരാളികളുടെ ആരോപണമെങ്കിലുമാണ്. ഇ.എം.എസ് അത്തരം ആരോപണങ്ങള്‍ക്ക് പോലും ഇടം നല്‍കിയിട്ടില്ല എന്നതും ചരിത്രത്തിലെ അപൂര്‍വ്വതയാണ്.

 

ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്നാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി എന്തു ചെയ്യണമെന്നതില്‍ ഒരു മുന്നനുഭവവും ഇല്ലാത്ത കാലത്താണ് 1957 ല്‍ ഇ.എം.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മണ്ണിന്റെ മക്കളെ കുടിയൊഴിപ്പിക്കുന്നത് തടയുന്ന കരാറില്‍ അധികാരമേറ്റയുടന്‍ ഒപ്പുവച്ച ഇ.എം.എസ്, താന്‍ നയിച്ച രണ്ടു മന്ത്രിസഭകളുടെ കാലത്ത് ഭൂപരിഷ്‌കരണം, വിദ്യാഭ്യാസത്തില്‍ അധികാര വികേന്ദ്രീകരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ എടുത്തുകളയല്‍, തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടല്‍ ഒഴിവാക്കല്‍ എന്നീ ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.

ഒരുപക്ഷേ, കേരളത്തിന്റെ സാമൂഹ്യ നവോഥാനത്തിന്റെയും, കേരള മോഡല്‍ എന്ന സങ്കല്‍പ്പത്തിന്റെയും അടിത്തറ എന്ന് പറയുന്നത് മേല്‍പ്പറഞ്ഞ വിപ്ലവകരമായ ഭരണ നടപടികളാണ്. ഇന്നും നാം അതിന്റെ ഗുണഭോക്താക്കളാണ് എന്ന് അംഗീകരിക്കാതെ കഴിയില്ല.

ഇടതുപക്ഷം ചെയ്ത ഏറ്റവും വലിയ നന്മയായ ഭൂപരിഷ്‌കരണം തുറന്നുവിട്ട സാമൂഹ്യഊര്‍ജം വളരെ പെട്ടെന്ന് കേരള സമൂഹത്തെ മാറ്റി മറിച്ചത് ചരിത്രപരമായ ഒരു ഉണ്മയുടെ സ്മരണകൂടിയാണ്. ഭൂസ്വത്തിന്റെ പുനര്‍വിതരണം ഗ്രാമീണ സമ്പദ്ഘടനയെ വികേന്ദ്രീകരിച്ചു. വന്‍തോതിലുള്ള ഗള്‍ഫ് കുടിയേറ്റം നിര്‍മാണമേഖലയില്‍ പുതിയതൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

ഗ്രാമീണ റോഡുകളുടെയും അങ്ങാടികളുടെയും വികാസം ഗതാഗതം, കച്ചവടം, ചുമട് തുടങ്ങിയ ഇടങ്ങളിലും തൊഴിലവസരങ്ങള്‍ വ്യാപകമാക്കി. വിദ്യാഭ്യാസത്തിന്റെ ത്വരിതഗതിയിലുള്ള വ്യാപനം കായികവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത ഗ്രാമീണ യുവാക്കളില്‍ ശക്തമാക്കി. കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നേടേണ്ട സ്ഥിതിമാറി. ആവശ്യത്തിന് കാര്‍ഷികത്തൊഴിലാളികളെ ലഭ്യമല്ല എന്ന പുതിയ അവസ്ഥയും സംജാതമായി. അതിനാല്‍ കാര്‍ഷികയന്ത്രവല്‍ക്കരണത്തെ ഇന്നാരും എതിര്‍ക്കുന്നും ഇല്ല. ഇടതുപക്ഷമടക്കം; അത് സാധ്യവുമല്ല.

ഇടതുപക്ഷത്തിനെതിരായി ഉന്നയിക്കപ്പെടുന്ന ഹൈ വോള്‍ട്ടേജ് ആരോപണങ്ങളില്‍ ഏതെങ്കിലും പൊളിഞ്ഞാല്‍ ഉടനെ ആരോപണം ഉയര്‍ത്തിയവര്‍ തിരിഞ്ഞുകൊണ്ടിരുന്നതു് മുകളില്‍പ്പറഞ്ഞ ചോദ്യങ്ങളിലേക്കായിരുന്നു. ഒരു ഡിസ്‌കഷന്‍ ഗ്രൂപ്പില്‍ അനന്തമായി നീളുന്ന ഏതു ചര്‍ച്ചയും വിഷയത്തില്‍ നിന്നു് വഴിമാറി ഫാസിസത്തിലേക്കു് എത്തുമെന്നു് ഒരു പ്രോബബിലിറ്റി തിയറിയുണ്ട്. (Godwin”s Law). അതേ പോലെയാണു്, ഇടതുപക്ഷത്തോടുള്ള സ്‌പെസിഫിക് ആയ വിമര്‍ശനങ്ങളില്‍ ഏതെങ്കിലും പൊളിയുന്ന പക്ഷം മേല്‍പ്പറഞ്ഞ ചോദ്യങ്ങളിലേക്കെത്താനുള്ള സാധ്യതയും. ഉത്തരം മുട്ടുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും സംവാദങ്ങള്‍ ഫാഷിസ സ്വഭാവത്തിലേക്കു രൂപപ്പെടുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പരിസരങ്ങളില്‍ നിന്നാണ് ഈ പതിനാറടിയന്തിരം എന്ന സംജ്ഞ രൂപം കൊള്ളുന്നത്.

അത് ചരിത്രബോധമില്ലായ്മയും, ഭൂതകാലത്തെ നിഷേധിക്കുന്നതുമാണ്. പക്ഷേ അത്തരം മൂര്‍ത്തമായ സാഹചര്യങ്ങളെ സഖാവ് ഇ എം എസ് കൌശലത്തോടെ നേരിട്ടിരുന്നു. ഒരുപക്ഷെ ഫോട്ടോഷോപ്പും, സോഷ്യല്‍ മീഡിയ ഗിമ്മിക്കുകളും ബൌദ്ധികമായ വ്യായമങ്ങളെ നിയന്ത്രിക്കുന്ന ഇക്കാലത്ത്, അത്തരം ഒരു ധൈഷണിക തേജസ്സിന്റെ അഭാവം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു, നവമാധ്യമങ്ങളില്‍പ്പോലും.

 

ഒരു ജനാധിപത്യ രാജ്യത്ത് ജനതയുടെ ഭാവിയുമായി രാഷ്ട്രീയത്തിനുള്ളത് പൊക്കിള്‍ കൊടി ബന്ധമാണെന്നിരിക്കേ, രാഷ്ട്രീയ രംഗത്തെ ജീര്‍ണ്ണത രാഷ്ട്രത്തെ തന്നെ നാശത്തിലേക്ക് നയിക്കുമെന്നും വ്യക്തമാണ്. അതുകൊണ്ടാണ് മതവിശ്വാസം, കലാസഹിത്യം തുടങ്ങിയ മേഖലകളില്‍ വേണ്ടതിനേക്കാള്‍ പതിന്മടങ്ങ് സാമൂഹിക ജാഗ്രത രാഷ്ട്രീയ രംഗം ആവശ്യപ്പെടുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ മനസ്സാണ് ലോക ഭൂപടത്തില്‍ ഈ കൊച്ചുനാടിനെ വേറിട്ടു നിര്‍ത്തിയത്. ആ രാഷ്ട്രീയ മനസ്സിന്റെ ശില്‍പികളില്‍ ഒരാള്‍ തന്നെയാണ് സഖാവ് ഇ.എം.എസ് പ്രകൃതി ഭംഗി കാലാവസ്ഥ വ്യാപാര സാധ്യത തുടങ്ങിയ ഘടകങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ കേരളത്തെ ലോകത്തിനു പരിചയപ്പെടുത്തിയെങ്കിലും ചരിത്രത്തിലെ വിസ്മയമായി നമ്മുടെ നാട്ടിനെ മാറ്റിയത് അതിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്.

മത സാമുദായിക ശക്തികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണില്‍ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയയത് ചരിത്രത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ സമുദായങ്ങള്‍ക്ക് അകത്തു നടന്ന നവോഥാന സംരഭങ്ങളുടെ അനിവാര്യവും അനുയോജ്യവുമായ തുടര്‍ച്ചയായിരുന്നു ഇവിടെയുണ്ടായ ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ രാഷ്ട്രീയവുമെന്ന് കാണാം..സായുധ വിപ്ലവമല്ല ജനങ്ങളോടൊപ്പം നിന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആണ് പാര്‍ട്ടി ഇനി വളരേണ്ടത്.

 

ഇതെല്ലാം പറയുമ്പോഴും, വര്‍ത്തമാനകാലത്ത് അധികാര രാഷ്ട്രീയത്തിന്റെ സകല ജീര്‍ണ്ണതകളും, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും ബാധിച്ചിരിക്കുന്നു എന്ന് വേണം കാണാന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആശയസമരം വ്യക്തിപരമായ വിഭാഗീയതയായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. അതോടെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുക വഴി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പതനം പൂര്‍ണമായിരിക്കുന്നു എന്ന് വ്യംഗ്യം.

അതോടൊപ്പം പാര്‍ട്ടി നേതാക്കള്‍ക്ക് നേരെ ചരിത്രത്തില്‍ ഇല്ലാത്തവിധം അഴിമതി ആരോപണങ്ങളും ഉയര്‍ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. സ്ഥാനാര്‍ഥികളായതിനു ശേഷം പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്ന വിചിത്ര കാഴ്ചകളും ഈയടുത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ അടക്കം സുലഭമായികാണാം..! ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇ.എം.എസ്സിനെപ്പോലുള്ള പ്രസ്ഥാന ശില്‍പികളുടെ അഭാവം കേവലം വൈകാരികമായ ശൂന്യത എന്നതിനപ്പുറം, അതൊരു സാമൂഹ്യ ദുരന്തംകൂടിയാകുന്നുണ്ട്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം സാഹിത്യത്തിലും ചിന്തയിലും ചരിത്ര രചനയിലും കമ്മ്യൂണിസ്റ്റ് രീതികള്‍ പിന്തുടരുകയും അതിന് സാഹിത്യ ലോകത്തില്‍ നിര്‍ണ്ണായകമായ ഇടം നേടിക്കൊടുക്കുകയും ചെയ്തു. ചരിത്രമെന്നത് സവര്‍ണന്റെയും രാജാക്കന്മാരുടെയും ജീവചരിത്രം മാത്രമല്ലെന്നും, കീഴാളാനും അടിച്ചമര്‍ത്തപ്പെടുന്നവനും ചരിത്ര നിര്‍മ്മിതിയില്‍ സ്ഥാനമുണ്ടെന്നും ഇ.എം.എസ് ഉറക്കെപറഞ്ഞു.

 

സാഹിത്യം സമൂഹ നന്മക്ക് വേണ്ടിയാകണമെന്ന് വിശ്വസിച്ചയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ “ആത്മകഥ ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവര്‍ഡ് ലഭിച്ചത് മേല്‍പ്പറഞ്ഞ രീതിയില്‍ പോരാട്ടത്തിന്റെ ഭാഷ സാഹിത്യ ലോകത്തെക്കൊണ്ട് കൂടി അംഗീകരിപ്പിക്കുന്ന സഖാവിന്റെ അക്ഷര മാന്ത്രികതയായിരുന്നു. മലയാളത്തിലെ മാര്‍ക്‌സിയന്‍ വിമര്‍ശനത്തിന് കരുത്തുപകര്‍ന്നത് ഇ.എം.എസ്സിന്റെ കൃതികളാണ് എന്നതും തര്‍ക്കമില്ലാത്ത ചരിത്രമാണ്.

തന്റെ ദര്‍ശനങ്ങളെ അദ്ദേഹം കര്‍മ്മായുധമാക്കി. ഈ ലോകത്തെ വ്യാഖ്യാനിച്ചാല്‍ പോര ലോകത്തെ മാറ്റിമറിക്കുകയാണ് വേണ്ടത്. ആശയ വ്യാഖ്യാനം വചനത്തില്‍ മാത്രമല്ല കര്‍മ്മത്തില്‍ കൊണ്ടുവരികയും നവലോക നിര്‍മ്മിതിക്കുവേണ്ടി തന്റെ ദര്‍ശനത്തെ ഉപയോഗിക്കുകയും ചെയ്ത മഹാനാണ് ഇ.എം.എസ്. അദ്ധേഹത്തിന്റെ ശരീരത്തിലെ രക്തം കട്ടപിടിച്ചു പോയെങ്കിലും ആ സമയത്തും അദ്ദേഹം ഏതൊരു മഷിക്കുപ്പിയില്‍ തന്റെ തൂലിക മുക്കിയിരുന്നുവോ ആ മഷി വറ്റിയിരുന്നില്ല. കട്ടപിടിച്ചിരുന്നില്ല. അത് അദ്ധേഹത്തിന്റെ മരണാനന്തര കര്‍മ്മധാരയെ കാണിച്ചുതരുന്നു.

 

സ്വന്തമായതെല്ലാം ത്യജിച്ച് കടന്നുപോയവരെ ഇന്ത്യ സന്യാസി എന്ന് വിളിച്ചപ്പോള്‍ യൂറോപ്പ് അവരെ കമ്മ്യൂണിസ്റ്റ് എന്നുവിളിച്ചു. മൂന്നു കഷ്ണങ്ങളായി കിടന്നിരുന്ന മലയാളിയുടെ മാതൃഭൂമിയെ യോജിപ്പിച്ച് മലയാളിക്ക് കൈരളി എന്ന ഒരമ്മയെ നല്‍കിയത് ഇ.എം.എസ്സായിരുന്നു. അതുകൊണ്ടാണ് ഐക്യകേരളം പിറവിയെടുത്തപ്പോള്‍ കൈരളി തന്റെ സിംഹാസനത്തില്‍ ഇ.എം.എസ്സിനെ ഇരുത്തിയത് എന്നതുമൊരു കാവ്യനീതിയായി അടയാളപ്പെടുത്താം.

ജീവിതത്തിന്റെ ഓരോ ഇഞ്ചിലും കമ്യൂണിസ്റ്റ് ആവാന്‍ നടത്തിയ സമരമായിരുന്നു ഇ.എം.എസിന്റെ ജീവിതം എന്നു നിരീക്ഷിക്കുന്നതിലും അതിശയോക്തിയില്ല. അത് അദ്ദേഹത്തെ മാതൃകാ കമ്യൂണിസ്റ്റാക്കി. മുന്‍പ് ഇന്ത്യന്‍ ഇടതുപക്ഷം നേരിട്ട രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും മുന്നോട്ടു പോകാനുള്ള കരുത്തായി മാറിയിരുന്നു എന്നതായിരുന്നു അനുഭവം. ആ നിലയില്‍ സഖാവ് ഇ.എം.എസ്സിന്റെ ശൂന്യത ഇന്നും വലിയ വിടവും ന്യൂനതയുമായി ബാക്കിയാകുന്നു ഇടതുപക്ഷത്തെ സംബന്ധിച്ച്. ഫാഷിസത്തിന്റെ ആസുരനാളുകളില്‍, ആഗോളീകരണത്തിന്റെ ലോക ക്രമങ്ങള്‍ ജീവിതങ്ങളെയും, യുവതയെയും, സമൂഹത്തെയും നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന കാലത്ത് ഇ.എം.എസ് സൃഷ്ട്ടിച്ച വിടവ് ഭയാനകം കൂടിയാണ്.!

മഹാനായ കമ്മ്യൂണിസ്റ്റ് ആചാര്യന്റെ സ്മരണകള്‍ക്ക് മുന്‍പില്‍ ബാഷ്പാഞ്ജലി..!