മുഖത്തെ ചായത്തിലെ അധികാര രാഷ്ട്രീയം
Daily News
മുഖത്തെ ചായത്തിലെ അധികാര രാഷ്ട്രീയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2016, 8:05 pm

ഭീമന്‍ രഘുവും, സിദ്ധീഖും, താങ്കളും, ജഗദീഷുമെല്ലാം ഇലക്ഷന്‍ പ്രഖ്യാപിച്ച് ഇവിടുത്തെ രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ അധികാര രാഷ്ട്രീയം മാത്രമെന്ന് കരുതുന്ന ഇടതു വലതുമുന്നണികള്‍ “സ്ഥാനാര്‍ഥിവേട്ട” തുടങ്ങുമ്പോള്‍ മാത്രം ചായം തേച്ചവര്‍ രാഷ്ട്രീയമുള്ളവരാകുന്നത് , പാര്‍ലമെന്ററി രാഷ്ട്രീയവും അധികാര രാഷ്ട്രീയവും മുന്നില്‍കണ്ടു മാത്രമാണ് എന്ന് തിരിയാത്ത നിഷ്‌കളങ്കരോ മലയാളികള്‍..?


jahan

quote-mark

എം.വി  നികേഷ് കുമാര്‍ എന്ന ചെറുപ്പക്കാരന്‍ ഒരു വിസ്മയവും, മാധ്യമ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകവും, എന്നെപ്പോലുള്ള രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് നേരിന്റെ വഴിയിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണവുമായിരുന്നു. അദ്ദേഹം ആ നിലയില്‍ അംഗീകരിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. പക്ഷേ, ഈ ഇഷ്ടത്തെയും ബഹുമാനത്തേയും വോട്ടാക്കി മാറ്റുന്ന അധികാര രാഷ്ട്രീയത്തിന്റെ കുറുക്കുവഴി തന്ത്രങ്ങളോട് രാജിയാവാന്‍ ഞങ്ങള്‍ വോട്ടര്‍മാര്‍ക്ക് എന്തു ബാധ്യതയുണ്ട്..?! ക്രിസ്ത്യന്‍ വര്‍ഗ്ഗീയ പ്രീണനം എന്നതല്ലാതെ വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ മറ്റെന്തു രാഷ്ട്രീയമാണ് ഉള്ളത്..?!

Jahangir-Rasaq| ഒപ്പീനിയന്‍: ജഹാംഗീര്‍ റസാഖ് പാലേരി |


മുന്നണികള്‍ തീരുമാനിക്കുന്ന  സ്ഥാനാര്‍ഥികള്‍ക്കെതിരെ  വലിയ  തോതിലുള്ള  ബഹുജന പ്രതിഷേധം കേരളത്തിന്റെ  രാഷ്ട്രീയ  ചരിത്രത്തില്‍  ആദ്യമായാണ്  എന്ന്  തോന്നുന്നു. കൗതുകകരമായ കാര്യം കമ്യൂണിസ്റ്റ് പശ്ചാത്തലവും, കെ.പി.എസി യുടേത്  പോലുള്ള  പാരമ്പര്യവും  ഉണ്ടായിട്ടു പോലും  ലളിതചേച്ചിയെപ്പോലുള്ള ആളുകള്‍ക്കെതിരെ  വലിയ പ്രതിഷേധം നടക്കുകയും, എന്നാല്‍  കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ  പേരില്‍ വരെ ഭര്‍സനങ്ങള്‍  കേള്‍ക്കുന്ന  നികേഷ്  കുമാറിന്  എതിരെപ്പോലും  അത്തരം  പ്രതിഷേധങ്ങള്‍ ആ നിലയ്ക്ക് പ്രകടമാകുന്നില്ല എന്നതുമാണ് .വീണ ജോര്‍ജ്ജിനും, മുകേഷിനും, സിദ്ദിഖിനും, ജഗദീഷിനും,  എതിരായെല്ലാം  പ്രതിഷേധങ്ങള്‍  നടക്കുമ്പോഴും  സ്ഥാനാര്‍ഥിത്വത്തില്‍  നിന്ന് പിന്‍വാങ്ങാന്‍  തീരുമാനിച്ചത്  ലളിത ചേച്ചി മാത്രമാണ്.

ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, അതിനായുള്ള സമരമുഖങ്ങളില്‍ ജ്വലിക്കുന്ന പ്രതീകമായി അടയാളപ്പെടുത്തപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമാണ്  നേതാക്കള്‍ ജനമനസ്സുകളില്‍ കൂടി നേതാവാകുന്നത്. അവര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയും, ജനപ്രതിനിധികള്‍ ആവുകയും ചെയ്യുന്നത് പിന്നീട് സ്വാഭാവികവും, നൈസര്‍ഗ്ഗികവുമായ ഒരു പ്രക്രിയയായി മാറുകയാണ് ചെയ്യുന്നത്. സഖാവ് വി.എസ്സിനെപ്പോലെയുള്ളവര്‍ അതിനു ഉദാഹരണങ്ങളാണ്. അത്തരം  ജനനേതാക്കളുടെ അഭാവമാണോ, മുന്നണികളുടെ  ആത്മവിശ്വാസക്കുറവാണോ, ഈ  തിരഞ്ഞെടുപ്പില്‍  സെലബ്രിറ്റി ഹണ്ട്  തുടങ്ങാന്‍ മുന്നണികളെ പ്രേരിപ്പിച്ചത് എന്നത് വ്യക്തമല്ല. എന്തായാലും കേരളം ഇതിനെ എങ്ങിനെ സ്വീകരിക്കും എന്നത്  മെയ് 19ന്  കണ്ടു തന്നെ അറിയണം..

പ്രിയപ്പെട്ട  ലളിത ചേച്ചി,

ഇന്ന് രാവിലെ ഒരു ഓണ്‍ലൈന്‍ പത്രത്തിലാണ് “ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ട്” എന്ന താങ്കളുടെ പ്രസ്താവന കണ്ടത്. കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണ്ണയങ്ങള്‍ വിവാദങ്ങള്‍ ആവുകയും, താങ്കള്‍ക്കു സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയും ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ് താങ്കളുടെ പ്രസ്താവന എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

1 ചേച്ചി, സഖാവ് വി.എസ് മുതല്‍, ഉമ്മന്‍ചാണ്ടി, പിണറായി, സുധീരന്‍ തുടങ്ങി ഒ.രാജഗോപാല്‍ വരെ മാറി നിന്നുകൊണ്ട്, പുതുമുഖങ്ങളും, യുവാക്കളും, വനിതകളും നിയമസഭയില്‍ ഉണ്ടാകണം എന്ന് സ്വപ്നം കാണുന്ന ഈ തലമുറയുടെ പ്രതിനിധികളില്‍ ഒരാളാണ് ഞാന്‍. ആ നിലയില്‍ “ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ട്” എന്ന ചേച്ചിയുടെ പ്രസ്താവന ആഹ്ലാദത്തോടെ തന്നെയാണ് വായിച്ചത്. കാരണം സാമൂഹിക പ്രതിബദ്ധതയും, സാമൂഹിക അനീതികളോട് പ്രതികരിക്കുവാനുള്ള ആര്‍ജ്ജവവും സമൂഹത്തില്‍ ആദ്യമുണ്ടാകേണ്ടത് കലാകാരന്മാര്‍ക്ക് തന്നെയാണ്. കാരണം കാലത്തിന്റെ പ്രവാചകന്മാരാണ് എഴുത്തുകാരും കലാകാരന്മാരും. റൂസ്സോ, വോള്‍ട്ടയര്‍, മോണ്ടെസ്‌ക്യൂ, ഖലീല്‍ ജിബ്രാന്‍ തുടങ്ങി നമ്മുടെ ആനന്ദും, ബഷീറും, ഒ.വി വിജയനും അടക്കം ആ നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയും, എഴുതുകയും ചെയ്തിട്ടുണ്ട്.

2 പക്ഷേ, എന്‍ഡോസള്‍ഫാന്‍ ദുരന്തം അമ്ലമഴ പോലെ പെയ്ത കാലത്തും, എഴുത്തുകാരും, കലാകാരന്മാരും, കാലികൃഷിക്കാരും അടക്കം ഫാഷിസ്റ്റ് രാക്ഷസന്മാരാല്‍ വധിക്കപ്പെടുകയും, മരക്കൊമ്പുകളില്‍ തൂങ്ങിയാടുകയും ചെയ്ത കാലത്തും, തുടങ്ങി സാമൂഹിക അനീതികള്‍ പേമാരിയായി പെയ്ത കാലങ്ങളിലെല്ലാം നയതന്ത്രപരമായ മൗനം പാലിച്ച നിങ്ങള്‍ കലാകാരന്മാര്‍, സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ സമയത്ത് നിയമസഭയുടെ ആഡംബരവും, അധികാരവും ലഭിക്കുമെന്ന പ്രതീക്ഷ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രം “ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ട്” എന്ന് പറയുന്നതില്‍ പരിഹാസ്യതയല്ലാതെ മറ്റൊന്നുമില്ല.


ഗണേഷ്‌കുമാര്‍ പെണ്ണ്‌കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ചപ്പോഴാണ് എന്റെ ഓര്‍മ്മ ശരിയെങ്കില്‍ നിങ്ങള്‍ പറഞ്ഞ ചായം തേച്ചവര്‍ അവസാനമായി മുഷ്ട്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു തെരുവിലിറങ്ങിയത്. നിങ്ങളില്‍പ്പെട്ട ചില സൂപ്പര്‍ മെഗാ ജീവികള്‍ ഇതിനിടയിലും ചില സംഘപരിവാര്‍ സ്തുതി ഗീതങ്ങളും, പട്ടാള ഗാഥകളും എഴുതാന്‍ മറന്നില്ല എന്നതും പറയാതിരിക്കാനാവില്ല.


Ganesh2

ഭീമന്‍ രഘുവും, സിദ്ധീഖും, താങ്കളും, ജഗദീഷുമെല്ലാം ഇലക്ഷന്‍ പ്രഖ്യാപിച്ച് ഇവിടുത്തെ രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ അധികാര രാഷ്ട്രീയം മാത്രമെന്ന് കരുതുന്ന ഇടതു വലതുമുന്നണികള്‍ “സ്ഥാനാര്‍ഥിവേട്ട” തുടങ്ങുമ്പോള്‍ മാത്രം ചായം തേച്ചവര്‍ രാഷ്ട്രീയമുള്ളവരാകുന്നത് , പാര്‍ലമെന്ററി രാഷ്ട്രീയവും അധികാര രാഷ്ട്രീയവും മുന്നില്‍കണ്ടു മാത്രമാണ് എന്ന് തിരിയാത്ത നിഷ്‌കളങ്കരോ മലയാളികള്‍..?!

3 ഗണേഷ്‌കുമാര്‍ പെണ്ണ്‌കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ചപ്പോഴാണ് എന്റെ ഓര്‍മ്മ ശരിയെങ്കില്‍ നിങ്ങള്‍ പറഞ്ഞ ചായം തേച്ചവര്‍ അവസാനമായി മുഷ്ട്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു തെരുവിലിറങ്ങിയത്. നിങ്ങളില്‍പ്പെട്ട ചില സൂപ്പര്‍ മെഗാ ജീവികള്‍ ഇതിനിടയിലും ചില സംഘപരിവാര്‍ സ്തുതി ഗീതങ്ങളും, പട്ടാള ഗാഥകളും എഴുതാന്‍ മറന്നില്ല എന്നതും പറയാതിരിക്കാനാവില്ല. ഇപ്പോള്‍ സെല്‍ഫി എടുത്തും, വിദേശ രാജ്യങ്ങളില്‍ രാജ്യത്തെ കുത്തക കമ്പനികളുടെ മാനേജര്‍ ജോലിയെടുത്തും കഴിയുന്ന നരേന്ദ്ര മോഡിയുടെ “പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ട്ടനായും” ഒരു ക്രിക്കറ്റ് താരവും ഞങ്ങളെ സേവിക്കാന്‍ ഇറങ്ങിയിരിക്കുന്നു. നിങ്ങളുടെയൊക്കെ നിസ്വാര്‍ത്ഥ മനസ്സുകള്‍ക്ക് മുന്നില്‍ കൂപ്പുകൈ..!!

4ചേച്ചി, വ്യക്തിപരമായി താങ്കള്‍ കെ.പി.എസി എന്ന കേരളത്തില്‍ ഇടതുപക്ഷം വളരാന്‍ സഹായിച്ച കലാസമിതിയുടെ ഭാഗമായിരുന്നു എന്ന് വിസ്മരിക്കുന്നില്ല. എന്നിട്ടും നിങ്ങളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ “ഏതോ കുട്ടികള്‍, എവിടെയോ പ്രതിഷേധം” സംഘടിപ്പിച്ചതിന്റെ പേരില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനും താങ്കള്‍ തയ്യാറായെങ്കില്‍ എന്തു കമ്യൂണിസ്റ്റ് ഗുണമാണ് താങ്കള്‍ക്കുള്ളത്..?


സിദ്ധീക്കും, ജഗദീഷും, ചേച്ചിയുമെല്ലാം മികച്ച കലാകാരന്മാരാണ്. ആ അംഗീകാരം ഞങ്ങള്‍ തന്നിട്ടുമുണ്ട്. ശ്രീശാന്ത് നല്ല ബൗളര്‍ ആയിരുന്നു. ആ ചെറുപ്പക്കാരനെ ആ നിലയിലും അംഗീകരിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായിരുന്നു. പക്ഷേ അയാള്‍ ഏറ്റവും മോശം രാജ്യസഭാംഗമായിരുന്നു എന്ന് ചേച്ചിയും കേട്ടുകാണും.


nikesh,-veena,-mukesh

ആഗോളീകൃതമായ ഒരു ലോകത്ത് കോര്‍പ്പറേറ്റുകള്‍ ഭരിക്കുകയും, മാധ്യമങ്ങള്‍ അജണ്ടകള്‍ നിശ്ചയിക്കുകയും ചെയ്യുമ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം മാത്രമാണ് എല്ലാം എന്ന് ചിന്തിക്കുന്നതില്‍ അവരെ മാത്രം കുറ്റപ്പെടുത്തുവാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ, നിങ്ങളെപ്പോലുള്ളവര്‍ സ്‌ക്രീനില്‍ നടത്തുന്ന പ്രകടനങ്ങളില്‍ ഞങ്ങള്‍ കയ്യടിക്കുകയും, കണ്ണുനിറയ്ക്കുകയും ചെയ്യുന്നത് നിങ്ങളുടെ അഭിനയത്തികവിനും, കലാപരമായ ധിഷണയ്ക്കുമുള്ള അംഗീകാരമാണ്. അത് ഞങ്ങളുടെ രാഷ്ട്രീയ നിര്‍ണ്ണയവകാശത്തിനെ ഒളിച്ചുകടത്തുന്ന ഉപകരണമായി മാറുമ്പോള്‍ പ്രതിഷേധിക്കാതെ വയ്യ.

സിദ്ധീക്കും, ജഗദീഷും, ചേച്ചിയുമെല്ലാം മികച്ച കലാകാരന്മാരാണ്. ആ അംഗീകാരം ഞങ്ങള്‍ തന്നിട്ടുമുണ്ട്. ശ്രീശാന്ത് നല്ല ബൗളര്‍ ആയിരുന്നു. ആ ചെറുപ്പക്കാരനെ ആ നിലയിലും അംഗീകരിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായിരുന്നു. പക്ഷേ അയാള്‍ ഏറ്റവും മോശം രാജ്യസഭാംഗമായിരുന്നു എന്ന് ചേച്ചിയും കേട്ടുകാണും.

5 ദൂരദര്‍ശന്‍ അല്ലാത്ത ടെലിവിഷന്‍ ചാനലുകള്‍, പ്രത്യേകിച്ച് മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മലയാളികളുടെ മുന്നില്‍ എം.വി  നികേഷ് കുമാര്‍ എന്ന ചെറുപ്പക്കാരന്‍ ഒരു വിസ്മയവും, മാധ്യമ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകവും, എന്നെപ്പോലുള്ള രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് നേരിന്റെ വഴിയിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണവുമായിരുന്നു. അദ്ദേഹം ആ നിലയില്‍ അംഗീകരിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. പക്ഷേ, ഈ ഇഷ്ടത്തെയും ബഹുമാനത്തേയും വോട്ടാക്കി മാറ്റുന്ന അധികാര രാഷ്ട്രീയത്തിന്റെ കുറുക്കുവഴി തന്ത്രങ്ങളോട് രാജിയാവാന്‍ ഞങ്ങള്‍ വോട്ടര്‍മാര്‍ക്ക് എന്തു ബാധ്യതയുണ്ട്..?! ക്രിസ്ത്യന്‍ വര്‍ഗ്ഗീയ പ്രീണനം എന്നതല്ലാതെ വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ മറ്റെന്തു രാഷ്ട്രീയമാണ് ഉള്ളത്..?!

6 ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും കേട്ടുകേള്‍വി ഇല്ലാത്ത വിധം ഇന്നാട്ടിലെ മുന്നണികള്‍ക്ക് ഇത്രമേല്‍ ആത്മവിശ്വാസം ഇല്ലാതാകാന്‍ മാത്രം ഈ നാട്ടില്‍ എന്താണ് സംഭവിച്ചത്..? നിങ്ങളുടെയൊക്കെ രാഷ്ട്രീയ പാരമ്പര്യവും, ജനങ്ങളെ സേവിക്കുവാനുള്ള പ്രതിബദ്ധതയും ഇലക്ഷന്‍ കമ്മീഷന്റെ നോട്ടിഫിക്കേഷന്‍ വന്നതിന്റെ അടുത്ത ദിവസം മുതല്‍ മാത്രം നിറഞ്ഞു തുളുമ്പി മാധ്യമങ്ങളില്‍ വരെ പടരുന്നതിന്റെ പിന്നില്‍ യാദൃശ്ചികതയും, നിഷ്‌കളങ്കതയും മാത്രമാണുള്ളത് എന്ന് മലയാളികള്‍ വിശ്വസിക്കണമെന്നോ..?! പി.പി മുകുന്ദനും, സഖാവ് ശശിധരനും, സഖാവ് ഗുരുദാസനും, ചിലപ്പോള്‍ സാക്ഷാല്‍ വി.എം സുധീരനും അടക്കമുള്ളവര്‍ പുറത്തു നില്‍ക്കുകയും, ശ്രീശാന്തും, സിദ്ധീക്കും, ജഗദീഷും, ഭീമന്‍ രഘുവും , വീണ ജോര്‍ജ്ജും അടക്കം നിയമസഭയില്‍ ഞങ്ങളെ ഭരിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയമെങ്കില്‍, വ്യക്തമായി പറഞ്ഞാല്‍ അധികാര രാഷ്ട്രീയമെങ്കില്‍, ഞങ്ങള്‍ മലയാളികളെ തെറി വിളിക്കുംപോലെ പിന്നെയും “രാഷ്ടീയ പ്രബുദ്ധര്‍” എന്ന് വിളിക്കുന്നതെന്തിനാണ്..?


ഓണ്‍ലൈനിലെ ചില സി.പി.എം ഭക്തര്‍ നിങ്ങളില്‍ ചിലരെ മഹാന്മാരായ ജോസഫ് മുണ്ടശ്ശേരി മാഷുമായും, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുമായെല്ലാം താരതമ്യം ചെയ്യുന്നത് കണ്ടു. അവര്‍ രാഷ്ട്രീയ ഗോദയില്‍ മത്സരിച്ചതും, ഈ നാടിന്റെ നന്മകളുടെ രാഷ്ട്രീയത്തിന്റെയും, വിപ്ലവാത്മകമായ മാറ്റങ്ങളുടെയും ഭാഗമായതും, ഇപ്പോഴത്തെ ഇലക്ഷനിലെ “സെലബ്രിറ്റി ഹണ്ടുമായി” താരതമ്മ്യം ചെയ്യുന്നവരുടെ ചരിത്ര ബോധത്തില്‍, അവര്‍ ഇടതായാലും, വലതായാലും, സഹതപിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.


bheeman-raghu

7 മുകളില്‍ ഞാന്‍ തന്നെ സൂചിപ്പിക്കുകയുണ്ടായി, സഖാവ് വി.എസ്സും, പിണറായിയും, ഉമ്മന്‍ചാണ്ടിയും, സുധീരനും, കെ.എം മാണിയും, ആര്യാടനും, രാജഗോപാലും ഒന്നുമില്ലാത്ത ഒരു നിയമസഭയെക്കുറിച്ചു. പക്ഷേ ആ സീറ്റുകളില്‍ ഭീമന്‍ രഘുവും, വീണജോര്‍ജ്ജും, ജഗദീഷും, ശ്രീശാന്തും, മുകേഷും മറ്റും ഇരിക്കുന്നത് മലയാളിയുടെ രാഷ്ട്രീയ മുന്നേറ്റത്തെയും, വികസന സങ്കല്‍പ്പങ്ങളെയും, ഗുണപരമായി ബാധിക്കുമെന്ന് കരുതുവാന്‍ തല്‍ക്കാലം ന്യായങ്ങളില്ല.

ഓണ്‍ലൈനിലെ ചില സി.പി.എം ഭക്തര്‍ നിങ്ങളില്‍ ചിലരെ മഹാന്മാരായ ജോസഫ് മുണ്ടശ്ശേരി മാഷുമായും, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുമായെല്ലാം താരതമ്യം ചെയ്യുന്നത് കണ്ടു. അവര്‍ രാഷ്ട്രീയ ഗോദയില്‍ മത്സരിച്ചതും, ഈ നാടിന്റെ നന്മകളുടെ രാഷ്ട്രീയത്തിന്റെയും, വിപ്ലവാത്മകമായ മാറ്റങ്ങളുടെയും ഭാഗമായതും, ഇപ്പോഴത്തെ ഇലക്ഷനിലെ “സെലബ്രിറ്റി ഹണ്ടുമായി” താരതമ്മ്യം ചെയ്യുന്നവരുടെ ചരിത്ര ബോധത്തില്‍, അവര്‍ ഇടതായാലും, വലതായാലും, സഹതപിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.

8 എന്തായാലും മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ അതാതു സമയത്തെ അധികാര വേട്ടയ്ക്കായി ഉപയോഗിക്കുന്ന ഗിമ്മിക്കുകള്‍ അവിടെ നില്‍ക്കട്ടെ. അതിനു വി.എസ് അച്യുതാനന്ദന്റെ ചിത്രം ഫളക്‌സ് ബോര്‍ഡില്‍ ഉപയോഗിക്കുന്നത് മുതല്‍, ഇപ്പോഴത്തെ ഒഴിവുവന്ന രാജ്യസഭാസീറ്റില്‍ പോലും കമിഴ്ന്നുവീണ ആന്റണിയെ ആദര്‍ശ ധീരനാക്കി പ്രസംഗിപ്പിക്കുന്നത് അടക്കമുള്ള പൊളിറ്റിക്കല്‍ ഗിമ്മിക്കുകളില്‍ പെടുത്താം ഭീമന്‍ രഘു മുതല്‍, വീണ ജോര്‍ജ്ജ് വരെയുള്ളവരുടെ സ്ഥാനാര്‍ഥിത്വം.

അപ്പോഴും താങ്കള്‍ പറഞ്ഞ ചായം തേച്ചവരുടെ രാഷ്ട്രീയ പാരമ്പര്യത്തിന് വലിയ തെളിവുകള്‍ ഒന്നുമില്ല. ഞാന്‍ നമ്മുടെ രാഷ്ട്രീയ ഭൂമികയെ കേരളത്തിലേക്ക് ചുരുക്കുന്നു. വിമോചന സമരം മുതലിങ്ങോട്ട് കേരളത്തില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ ദശാസന്ധികളില്‍ എത്ര കലാകാരന്മാര്‍ ഉത്തരവാദിത്വപരമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്..?  അടിയന്തിരാവസ്ഥ  കാലങ്ങള്‍ മുതല്‍, അഴിമതികളുടെ കറുത്ത കാലങ്ങള്‍ തുടങ്ങി, ഏറ്റവും ഒടുവില്‍ ഫാഷിസ്റ്റ് കാലങ്ങളില്‍, കര്‍ഷക ആത്മഹത്യകളുടെ ദുരന്ത ദിനങ്ങളില്‍, ആള്‍ദൈവങ്ങളുടെ തെമ്മാടിത്തരങ്ങളുടെ കാലങ്ങളില്‍ നിങ്ങളില്‍ എത്ര കലാകാരന്മാര്‍ സാമൂഹിക പ്രതിബദ്ധതയും, മനുഷ്യസ്‌നേഹവും പ്രകടിപ്പിച്ചിട്ടുണ്ട്..? മുഖത്തെ ചായം കഴുകി രാഷ്ട്രീയം സിരകളില്‍ ആവാഹിച്ചുകൊണ്ട് തെരുവുകളില്‍, വേദികളില്‍ നിറഞ്ഞിട്ടുണ്ട്..?


കല്‍ബുര്‍ഗ്ഗിമാരും. കാലികൃഷിക്കാരുമടക്കം ദാരുണമായി കൊല്ലപ്പെടുമ്പോള്‍ പട്ടാളഗാഥകള്‍ എഴുതി , ഇന്ത്യ മരിക്കുമ്പോള്‍ നാം ജീവിക്കുന്നതെന്തിനു എന്ന അശ്ലീല രാഷ്ട്രീയം ബ്ലോഗുന്നവരും നിങ്ങളുടെ കൂട്ടത്തിലില്ലേ..?! ഇക്കൂട്ടര്‍ മോഹന്‍ലാല്‍ ആയാലും,  സുരേഷ്‌ഗോപിയായാലും, ഭീമന്‍ രഘു ആയാലും, ശ്രീശാന്ത് ആയാലും ജനങ്ങള്‍ തള്ളിക്കളയും എന്ന  കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. നിങ്ങള്‍ കലാകാരന്മാര്‍ കലയിലൂടെ തന്നെ രാഷ്ട്രീയം പറയട്ടെ. കാരണം രാഷ്ട്രീയം പറയാന്‍, നിലപാടുകള്‍ അടയാളപ്പെടുത്താന്‍ കലയോളം മികച്ച മാധ്യമം വേറെയെതുണ്ട്..?


sreesanth

9 നിങ്ങളില്‍ മിക്കവര്‍ക്കും രാഷ്ട്രീയമുണ്ട്, അംഗീകരിക്കുന്നു. പക്ഷേ അത് ഭരിക്കുന്നവരുടെ ദാസ്യത്തിന്റെ രാഷ്ട്രീയവും, അവാര്‍ഡുകളും, സ്ഥാനമാനങ്ങളും സംഘടിപ്പിക്കുന്ന രാഷ്ട്രീയവും മാത്രമായിരുന്നു; ഇപ്പോഴും അങ്ങിനെയാണ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കെ.പി.എസി
ലളിത എന്ന  താങ്കള്‍ക്കു ആര്‍ജ്ജവത്തോടെ നിഷേധിക്കാന്‍ ആയേക്കാം. കാരണം, താങ്കളുടെ രാഷ്ട്രീയ പശ്ചാത്തലവും, കലാകാരി എന്ന നിലയിലെ വളര്‍ച്ചയിലെ ഘട്ടങ്ങളും അത്രമേല്‍ രാഷ്ട്രീയപരം തന്നെയാണ്. പക്ഷേ, നിങ്ങളില്‍ സംഘപരിവാര്‍ അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പടെയുള്ളവരില്‍ എത്രപേര്‍ക്ക് അത് നിഷേധിക്കാനാവും..?!

10 കല്‍ബുര്‍ഗ്ഗിമാരും. കാലികൃഷിക്കാരുമടക്കം ദാരുണമായി കൊല്ലപ്പെടുമ്പോള്‍ പട്ടാളഗാഥകള്‍ എഴുതി , ഇന്ത്യ മരിക്കുമ്പോള്‍ നാം ജീവിക്കുന്നതെന്തിനു എന്ന അശ്ലീല രാഷ്ട്രീയം ബ്ലോഗുന്നവരും നിങ്ങളുടെ കൂട്ടത്തിലില്ലേ..?! ഇക്കൂട്ടര്‍ മോഹന്‍ലാല്‍ ആയാലും,  സുരേഷ്‌ഗോപിയായാലും, ഭീമന്‍ രഘു ആയാലും, ശ്രീശാന്ത് ആയാലും ജനങ്ങള്‍ തള്ളിക്കളയും എന്ന  കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. നിങ്ങള്‍ കലാകാരന്മാര്‍ കലയിലൂടെ തന്നെ രാഷ്ട്രീയം പറയട്ടെ. കാരണം രാഷ്ട്രീയം പറയാന്‍, നിലപാടുകള്‍ അടയാളപ്പെടുത്താന്‍ കലയോളം മികച്ച മാധ്യമം വേറെയെതുണ്ട്..?

ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാര്‍ഗില്‍ യുദ്ധത്തിലെക്കുപോയ നാനാ പാടേക്കറിന്റെയും, നാട്ടിലെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ധീരമായി പ്രതികരിക്കുന്ന കമല ഹാസന്റെയും നാട്ടിലെ മനുഷ്യര്‍ തന്നെയാണ് ഞങ്ങള്‍. ആയതിനാല്‍, ഇലക്ഷന്‍ അടുക്കുമ്പോള്‍, അധികാരത്തിന്റെ ശീതളതയിലേക്ക് കുറുക്കുവഴികള്‍ തേടുന്ന നിങ്ങളില്‍ പെട്ട ചായം തേച്ചവര്‍ക്ക് സ്വാര്‍ത്ഥരാഷ്ട്രീയമല്ലാതെ ജനപക്ഷ രാഷ്ട്രീയമുണ്ട് എന്ന് പറഞ്ഞു ഞങ്ങളെ കൊതിപ്പിക്കരുത്. നിങ്ങളുടെ കൂട്ടത്തില്‍ ഇങ്ങനെയല്ലാത്തവര്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. കാരണം ചരിത്രവും അതാണ് സൂചിപ്പിക്കുന്നത്. താങ്കളോട് അടക്കം ഹൃദയത്തില്‍ നിന്ന് ഒരു ലാല്‍സലാം പറയാന്‍ ഹൃദയം തുടിക്കുന്നുമുണ്ട് , പക്ഷേ , നിങ്ങള്‍ കലാകാരന്മാരോടുള്ള ഞങ്ങളുടെ ഇഷ്ടവും ബഹുമാനവും, അധികാര രാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴികളായി കാണുവാന്‍ മുന്നണികള്‍ മിനക്കെടുന്ന സമയത്ത് യഥാര്‍ത്ഥ “രാഷ്ട്രീയ പ്രബുദ്ധത”യുള്ളവരായി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സ്വയം അടയാളപ്പെടുത്തുവാന്‍ തന്നെയാണ് ഞങ്ങള്‍ മലയാളികള്‍ക്ക് ഇഷ്ടടം. ഈ കറുത്ത രാഷ്ട്രീയ കാലത്ത് അത് തന്നെയാണ് കാലം ആവശ്യപ്പെടുന്നതും..!!

ലാല്‍ സലാം