പിന്നീടവര്‍ സീതാറാം യെച്ചൂരിയെത്തേടി വന്നു
Opinion
പിന്നീടവര്‍ സീതാറാം യെച്ചൂരിയെത്തേടി വന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th June 2017, 1:15 pm

ഈ ആക്രമണങ്ങളില്‍ ഒന്നുമേ തളരുന്നവരല്ല കമ്മ്യൂണിസ്റ്റ്കാര്‍ എന്നറിയാം. എങ്കിലും ഇന്ത്യയിലെ ഫാഷിസ്റ്റ്-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിന്റെ ആസുരതയില്‍ ചതഞ്ഞരയുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തോടെ ചുക്കാന്‍ പിടിക്കാന്‍ സീതാരാമനും, അദ്ദേഹത്തിന്റെ കാലത്തെ ഇടതുപക്ഷത്തിനും ശുഭാശംസകള്‍. തീക്ഷ്ണമായ പ്രതിരോധാശംസകള്‍…


“Fascism in power is the open, terroristic dictatorship of the most reactionary, the most chauvinistic, the most imperialistic elements of finance capitalism.”
– Karl Marx

“ആഗോളവല്‍ക്കരണ കാലത്തെ സോഷ്യലിസം” എന്ന പുസ്തകമെഴുതിയത് സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയാണ്. “ഇന്ത്യന്‍ ഫാഷിസ്റ്റ് കാലത്തെ കമ്മ്യൂണിസ്റ്റ് പ്രതിരോധം” എന്നൊരു പുസ്തക രചനയിലേക്ക് കടക്കുവാന്‍ മാത്രം പൊള്ളുന്ന അനുഭവങ്ങള്‍ ഉള്ള നാളുകളില്‍ക്കൂടിയാണ് അദ്ദേഹവും പ്രസ്ഥാനവും പൊയ്‌ക്കൊണ്ടിണ്ടിരിക്കുന്നത്.

കേരളത്തിലെ കണ്ണൂരില്‍ മുതല്‍ ബംഗാളും തുടങ്ങി ഇപ്പോള്‍ ദല്‍ഹിയില്‍ ഫാഷിസ്റ്റ് രക്തദാഹം ദംഷ്ട്രകള്‍ നീട്ടിത്തുടങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയെത്തന്നെ കായികമായി നേരിടാന്‍ ധൈര്യമാര്‍ജ്ജിച്ചിരിക്കുന്നു ഇക്കൂട്ടര്‍.

ഇന്ത്യന്‍ ഇടതുപഷം നേരിടുന്ന വെല്ലുവിളികള്‍ ആഗോളീകരിക്കപ്പെട്ട കോര്‍പ്പറേറ്റ് കാലത്തിന്റേത് മാത്രമല്ല, അത് അത്രമേല്‍ വന്യമായി വളര്‍ന്ന് കായികപരമായ അതിക്രമങ്ങളിലേക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസം യെച്ചൂരി ആക്രമിക്കപ്പെട്ടത് നല്‍കുന്ന ആസുര സൂചന.

ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാമത്തേത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍
ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളില്‍ വലതുപക്ഷ ചായ്വ് മുന്‍കൈ നേടിയിരിക്കുന്നുവന്നതാണ്. ഹിന്ദുത്വ ദേശീയതയും ആഭ്യന്തര- വിദേശ മൂലധന ശക്തികളാല്‍ നിയന്ത്രിക്കുന്ന നവ ഉദാരീകരണ ആശയങ്ങളും ഇഴചേര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ വരെ ആ ആശയങ്ങളുടെ പ്രചാരകരായി.

അങ്ങനെ പുതിയ രാഷ്ട്രീയ പരിതസ്ഥിതികളും, അവയുണ്ടാക്കുന്ന ജനവിരുദ്ധമായ വെല്ലുവിളികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മതപരമായ ഭിന്നിപ്പിനും തിളങ്ങുന്ന ഇന്ത്യയും (Shining India) കഷ്ടപ്പെടുന്നവരുടെ ഇന്ത്യയും (Suffering India) എന്ന വിഭജനം കൂടുതല്‍ രൂക്ഷമാക്കുന്നതിനും വഴിവെക്കുമെന്നതാണ് പുതിയ പരിതസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളി. സാമ്പത്തിക അസമത്വം വര്‍ദ്ധിതമായ ഇന്ത്യ ഇന്നിന്റെ യാഥാര്‍ഥ്യമാകുന്നു..!

നവലിബറല്‍ സാമ്പത്തിക വളര്‍ച്ചക്കായി ക്ഷേമ പരിപാടികള്‍ ചുരുക്കുന്നതില്‍ കോണ്‍ഗ്രസ്സിനും ഭാരതീയ ജനതാ പാര്‍ട്ടിക്കുമുള്ള വീക്ഷണങ്ങളില്‍ വ്യത്യാസമൊന്നുമില്ല. ഉദാരവല്‍ക്കരണ നയങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പുള്ളവരെ, അധ്വാനിക്കുന്നവരെ മതത്തിന്റെ മേലാപ്പുപയോഗിച്ച് ശിഥിലമാക്കുന്ന ദയനീയതയും ഇന്നിന്റെ ആസുര യാഥാര്‍ത്ഥ്യമാണ്.

മതവും മൂലധനവും തമ്മിലുള്ള ബാന്ധവം ശക്തമാക്കപ്പെടുന്ന കാഴ്ചക്ക് മികച്ച ഉദാഹരണം കേരളം തന്നെയാണ്. ആത്മീയ വാണിഭക്കാര്‍ മതങ്ങളെയും, രാഷ്ട്രീയ ശക്തികളെയും വിലകെട്ടി വാങ്ങിയിരിക്കുന്നു. വര്‍ഗീയത മൂലധനത്തിനെയും മൂലധനം വര്‍ഗീയതയെയും പരിപോഷിപ്പിക്കുന്നു.

വര്‍ഗീയതയും മൂലധനവും “മോദി”യില്‍ രക്ഷകനെ കാണുന്നു. പാര്‍ലമെന്ററി വ്യവസ്ഥയെ ദുര്‍ബലമാക്കി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാകുന്നത് ഭയക്കേണ്ടിയിരിക്കുന്നു. സങ്കീര്‍ണതകളിലേക്ക് ജനജീവിതം വഴിതിരിയും.

ഇന്ത്യയിലെ മധ്യവര്‍ഗം ഉദാരവല്‍ക്കരണ ആഡംബര ഉപഭോഗത്തിന്റെ ഗുണഭോക്താക്കളും ഉപഭോക്താക്കളും മാത്രമാണ്. അവരിലെ പുതുതലമുറയാവട്ടെ അരാഷ്ട്രീയവാദികളും, അസഹിഷ്ണുക്കളും ആയിത്തീര്‍ന്നിരിക്കുന്നു. അവയിലെ ഫാഷിസ്റ്റ് പരിച്ഛേദത്തിന്റെ ആക്രമാണോല്‍സുകതയാണ് യെച്ചൂരിയെ ആക്രമിക്കുന്നതില്‍ കലാശിച്ചത്.

മേല്‍സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രാന്തവല്‍കൃതരുടെയും ക്ഷുഭിത യുവത്വത്തിന്റെയും കീഴ്പ്പെടുത്തപ്പെട്ട സ്ത്രീകളുടെയും ഒരു വലിയ സമൂഹം ഇടതുപക്ഷത്തിനെ നിരായുധനായ ഒരു രക്ഷകനെപ്പോലെയാണ് നിസ്സഹായതയോടെ നോക്കിക്കാണുന്നത്.

ഈ നിരായുധമായ യുദ്ധമുന്നണിയുടെ പടതലവനായാണ് സീതാറാം യെച്ചൂരി ദേശീയ രാഷ്ട്രീയത്തില്‍ രംഗപ്രവേശനം ചെയ്യുന്നത്. ആ പദവിയുടെ ഉണ്മയെ ന്യായീകരിക്കുന്നുണ്ട്, രാജ്യസഭയില്‍ ഉള്‍പ്പടെ അദ്ദേഹം നടത്തുന്ന ഒറ്റയാള്‍ പോരാട്ടം എന്ന് വിളിക്കുവാന്‍ സാധിക്കുന്ന രാഷ്ട്രീയോദ്യമങ്ങള്‍. യെച്ചൂരി ടാര്‍ജറ്റ് ചെയ്യപ്പെടുന്നതിന്റെ പൊരുളും മറ്റൊന്നല്ല, വേറെ തിരയേണ്ടതില്ല.

ഈ ആക്രമണം ചുമരെഴുതുന്നത് യെച്ചൂരിയുടെ ഇടതുപക്ഷത്തിനു മുന്നില്‍ ചെമ്പരവതാനിയും പൂക്കളും വിരിച്ച പാതയോന്നുമില്ല എന്നുതന്നെയാണ്. തീവ്ര ഹൈന്ദവ ഫാഷിസ്റ്റുകളുടെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കേരളത്തിലെ സംഘപരിവാര്‍ വാലുകളുടെയും ശാരീരികമായ ഉന്മൂലന ഭീകരതകളെക്കൂടി നേരിട്ടുകൊണ്ടാണ് ഇന്ത്യയില്‍ ഇന്ന് കമ്യൂണിസ്റ്റുകള്‍ ജീവിക്കുന്നത്.

ഈ ഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ ചൂഷിത പീഡിത സമൂഹങ്ങളെയും ഏകോപിപ്പിക്കുന്ന നിലപാടും പ്രവര്‍ത്തനവുമായിരിക്കണം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാതല്‍. രാഷ്ട്രീയ കാലാവസ്ഥയുടെ ഭേദമനുസരിച്ച് ഇതിനു സ്വീകരിക്കുന്ന നയങ്ങളും കൗശലങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. അടിസ്ഥാന കാഴ്ച്ചപ്പാടില്‍ മാറ്റം വരുന്നില്ല. ഇതു കമ്യൂണിസ്റ്റു ഇന്റര്‍ നാഷണല്‍ പിരിച്ചുവിടുന്ന കാലത്ത് ആവര്‍ത്തിച്ചുറപ്പിച്ച പ്രമേയമാണ്.

പുതിയ മുതലാളിത്തം ലോക സാഹചര്യങ്ങള്‍ കീഴ്മേല്‍ മറിക്കുമ്പോഴും ഈ തത്വം മുറുകെപിടിക്കുമെന്നാണ് 1992ല്‍ കൊല്‍ക്കത്തയില്‍ കൂടിയ ലോക കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനവും 1997ല്‍ ഹവാനയിലും സമീപകാലത്ത് ഏതന്‍സിലും ചേര്‍ന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമ്മേളനവും ഉറക്കെ പ്രഖ്യാപിച്ചത്. ഇതിന്റെയെല്ലാം ശരിയും ശാസ്ത്രീയവുമായ പ്രായോഗികവല്‍ക്കരണത്തിന് അമാന്തം പാടില്ല എന്നത് തന്നെയാണ് ഈ ആക്രമണവും ആവര്‍ത്തിച്ചുറപ്പിക്കുന്നത്.

ഇന്നലെ പാര്‍ട്ടി പ്രവര്‍ത്തകരും പത്രക്കാരും ആക്രമണത്തിനിടെ പിടികൂടി നല്‍കിയ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവരെല്ലാം മഞ്ഞുമലയുടെ ജലപ്പരപ്പിലെ തുമ്പ് (Tip of the iceburg )മാത്രമാണ്. അവര്‍ക്കുപിന്നില്‍ രാഷ്ട്രീയ ഊര്‍ജ്ജവും, സാമ്പത്തിക ശേഷിയുമുള്ള ഫാഷിസ്റ്റ് ശക്തികള്‍ ഉണ്ടെന്നതിനു വേഗത്തില്‍ മനസ്സിലാകുന്ന തെളിവാണ് കേവലം മൂന്നു മാസത്തെ തടവ് മാത്രം ലഭിക്കുന്ന “അതിക്രമിച്ചുകടക്കല്‍” കുറ്റംചുമത്തി ദല്‍ഹി പോലീസ് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എ.കെ.ജി ഭവനുനേരെയുള്ള മൂന്നാമത്തെ ആക്രമണമാണ് ബുധനാഴ്ചത്തേത്. രണ്ടുവര്‍ഷത്തിനിടെയുണ്ടായ രണ്ട് ആക്രമണങ്ങള്‍ക്കുശേഷവും അത്തരം പ്രവണതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്ക്, പോലീസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് ആക്രമികള്‍ മഞ്ഞുമലകളുടെ നിസ്സാരത്തുമ്പ് മാത്രമാണ് എന്ന് അനുമാനിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഏതോ അപക്വമതികളായ വര്‍ഗ്ഗീയവാദി യുവാക്കളുടെ ആക്രമാണോല്‍സുകതയായല്ല ഇതിനെ കാണേണ്ടത്. കാരണം ഇത്തവണത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസുകാരനും ഭാരതീയ ഹിന്ദുസേനയുടെ തലവനുമായ വിഷ്ണു ഗുപ്ത ഏറ്റെടുത്തിട്ടുണ്ട് എന്നത് ഭീതിതമാം വിധം ശ്രദ്ധേയമാണ്.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് തടയുന്ന നിയമത്തിനെതിരെയും ജമ്മു കശ്മീരില്‍ യുവാക്കളെ മനുഷ്യകവചമാക്കുന്ന മനുഷ്യാവകാശ ലംഘനത്തിനുമെതിരെയുള്ള നിലപാടുകളാണ് സംഘപരിവാറിനെ പ്രകോപിപ്പിക്കുന്നതെന്ന് വര്‍ത്തമാനകാല രാഷ്ട്രീയം വിളിച്ചോതുന്നുണ്ട്.

പ്രകോപിതനാകുന്ന ഭീരുവിന്റെ പ്രതികാരമാണ് വെറുപ്പ് എന്നു പറഞ്ഞത് ഇതിഹാസ എഴുത്തുകാരന്‍ ബര്‍ണാഡ് ഷായാണ്. രാഷ്ട്രം ഭരിക്കുന്ന അധികാരത്തിന്റെ തണലും സംരക്ഷണവും ജനാധിപത്യപരമായ എതിര്‍ശബ്ദങ്ങളോടു പോലുമുള്ള തീവ്രമായ അസഹിഷ്ണുതയും തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍ അടയാളപ്പെടുത്തുന്നത്.

ഫാഷിസ്റ്റ് ഇരകളുടെ കൂട്ടത്തില്‍ ആദ്യത്തേതില്‍ ഒന്ന് മഹാത്മജിയായിരുന്നു. ഇരയാക്കല്‍ പ്രകിയ അത്രമേല്‍ ഭീഷണമായി വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. രാമജന്മഭൂമി മറ്റൊരു ഇരകോര്‍ത്ത ചൂണ്ടയായി. രഥയാത്ര ഇന്ത്യന്‍ മതേതരത്വത്തിന്റെ ഹൃദയത്തെ കീറിമുറിച്ചു മുറിവുകളും രക്താരുവികളും സൃഷ്ട്ടിച്ചു.

ബാബരി മസ്ജിദിന്റെ മഹത്തായ മിനാരങ്ങള്‍ നിലംപൊത്തുന്നത് കണ്ടു ഫാഷിസ്റ്റ് ഭീകരര്‍ ആര്‍ത്തുചിരിച്ചു. “ഹിന്ദു- മുസ്‌ലിം” പദങ്ങള്‍ ഉപയോഗിച്ചുള്ള ഭീതിപ്പെടുത്തുന്ന രാഷ്ട്രീയ സംജ്ഞകള്‍ നിഘണ്ടുകളിലേക്ക് ചേക്കേറി. കാലമുരുണ്ടു, ഇപ്പോള്‍ സംഘപരിവാര്‍ ഫാഷിസത്തിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി ഭാരതത്തില്‍ അധികാരത്തിലേറിയിരിക്കുന്നു. രാമനും, ക്ഷേത്രവുമൊക്കെ വിസ്മൃതിയിലായി. പുതിയ ഇരകളെ നിര്‍മ്മിക്കുന്ന പ്രക്രിയകള്‍ ഭംഗമില്ലാതെ തുടരുന്നു. ലവ് ജിഹാദ് പോലുള്ള അശ്ലീല രാഷ്ട്രീയ സമസ്യകളില്‍ മുസ്‌ലിം യുവാക്കള്‍ വേട്ടയാടപ്പെട്ടു.

അദ്വാനിയുടെ രഥയാത്രയും രാമക്ഷേത്രവും ഒരു കാലത്ത് സംഘപരിവാര്‍ വിദഗ്ദമായി ഉപയോഗിച്ച് ഇന്ത്യയുടെ മതേതരത്വത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചെങ്കില്‍, പിന്നീട് കാണുന്നത് നരേന്ദ്രമോദി എന്ന സംഘപരിവാര്‍ നേതാവിനെ മുന്‍നിര്‍ത്തി കോടാനുകോടികള്‍ മുടക്കി മാധ്യമങ്ങളെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളെയും പി.ആര്‍ ഗിമ്മിക്കുകളെയും മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതും, അതില്‍ വിജയം കാണുന്നതുമാണ്.

ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുന്ന കാര്യം രാമക്ഷേത്രവും, നരേന്ദ്രമോദിയുടെ സ്വപ്നവ്യാപാരങ്ങളുമെല്ലാം രാഷ്ട്രീയ ഗോദയിലെ എടുക്കാചരക്കുകള്‍ ആയിരിക്കുന്നു എന്നതാണ്.

എങ്കിലും ഇര നിര്‍മ്മാണം തുടരുന്നു. മനുഷ്യന്റെ ഭക്ഷണശീലങ്ങളെ ഇരയാക്കി പിന്നീട്. കാലിമാംസം വലിയൊരു പേടിസ്വപ്നമായി ഇന്ത്യയില്‍ വളര്‍ന്നു. ഗോമാതാവും, ഗോമാംസവും, ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാജ്യമാകാന്‍ പോകുന്ന രാഷ്ട്രത്തിലെ അശ്ലീല രാഷ്ട്രീയ ചര്‍ച്ചകളും രാഷ്ട്രീയ പ്രയോഗങ്ങളുമായി മാറി.

ഗോമാംസം കഴിച്ചു, സൂക്ഷിച്ചു, കാലികളെ കയറ്റിയ വാഹനത്തിന്റെ ഡ്രൈവര്‍ ആയി തുടങ്ങിയ ആരോപണങ്ങള്‍ വ്യാജമായി പോലും ഉന്നയിച്ചു സംഘപരിവാര്‍ മനുഷ്യരെ അടിച്ചും ഭേദ്യം ചെയ്തും കൊന്നുതള്ളി. രാജ്യം ഭീതിയുടെ കറുത്ത നാളുകളിലേക്ക് അത്രമേല്‍ അസാധാരണമാംവിധം തള്ളപ്പെട്ടു. എഴുത്തുകാരും, ബുദ്ധിജീവികളും കൊല്ലപ്പെട്ടു. അവരില്‍ ചിലര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌ക്കാരങ്ങള്‍ വരെ തിരികെ നല്‍കി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തി.

ഫാഷിസ്റ്റുകളെ അധികാരത്തിന്റെ ഉന്മാദം എന്തും ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ മഷിയെറിഞ്ഞു വേട്ടയാടുന്നതില്‍ തുടങ്ങി, കനയ്യ കുമാറും ഒമര്‍ ഖാലിദും ഷഹ്‌ല റാഷിദും അഹമ്മദ് നജീബും പിന്നിട്ട് ഇപ്പോള്‍ ഒടുവിലത്തെ ദൃഷ്ടാന്തമായി സീതാറാം യെച്ചൂരിയും വേട്ടയുടെ ആയുധമുനകള്‍ക്ക് മുന്നില്‍ യാഥാര്‍ഥ്യമായിരിക്കുന്നു.

യെച്ചൂരി ഒരേസമയം ഒരു ഇടതുപക്ഷ സൈദ്ധാന്തികനും ബുദ്ധിജീവിയും കേമനായ പാര്‍ലമെന്റെറിയനും യുവജനത്ക്ക് മുന്നിലെ പൊളിറ്റിക്കല്‍ ഐക്കണും അവരോടു സംവദിക്കാന്‍ ശേഷിയുള്ള ജനകീയ മുഖമുള്ളയാളും കേമനായ സംഘാടകനും ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും സൗഹൃദത്തിന്റെ സമ്പന്നത സ്വന്തമായുള്ളവനും തന്നെയാണ്. ഒരു പക്ഷേ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയില്‍ പ്രതിഭകൊണ്ടും, പ്രഭാവംകൊണ്ടും അതുല്യനായ നേതാവ്.

സാങ്കേതികവിദ്യയോട് ഒപ്പം നില്‍ക്കുന്ന ഒരു യുവതയോട് സംവദിക്കാനും ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ഏറ്റവും ആധുനികമായ രാഷ്ട്രീയ സങ്കേതങ്ങളെ ഉപയോഗിച്ച് ചെറുക്കാനും കോര്‍പ്പറേറ്റ് ചൂഷണങ്ങളെ ധീരമായി പ്രതിരോധിക്കാനും, ആധുനികനും വിദ്യാസമ്പന്നനും താരതമ്യേന ചെറുപ്പവുമായ ഒരു സഖാവിനെ വേട്ടക്കാര്‍ ഇരയായി കാണുന്നതില്‍ അവരുടെ കാഴ്ചയില്‍ യുക്തിയുണ്ട്. ഫാഷിസ്റ്റ് വേട്ടനായ്ക്കള്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് യെച്ചൂരിയുടെ നേരെയുള്ള ആക്രമണം സൂചിപ്പിക്കുന്നത്.

ഈ ആക്രമണങ്ങളില്‍ ഒന്നുമേ തളരുന്നവരല്ല കമ്മ്യൂണിസ്റ്റ്കാര്‍ എന്നറിയാം. എങ്കിലും ഇന്ത്യയിലെ ഫാഷിസ്റ്റ്-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിന്റെ ആസുരതയില്‍ ചതഞ്ഞരയുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തോടെ ചുക്കാന്‍ പിടിക്കാന്‍ സീതാരാമനും, അദ്ദേഹത്തിന്റെ കാലത്തെ ഇടതുപക്ഷത്തിനും ശുഭാശംസകള്‍. തീക്ഷ്ണമായ പ്രതിരോധാശംസകള്‍…

#യെച്ചൂരിക്കൊപ്പം