നോട്ടുനിരോധനകാലത്തെ മോഹന്‍ലാലിന്...
Opinion
നോട്ടുനിരോധനകാലത്തെ മോഹന്‍ലാലിന്...
ജഹാംഗീര്‍ ആമിന റസാഖ്
Wednesday, 29th August 2018, 10:43 pm

പ്രിയപ്പെട്ട ലാലേട്ടാ,

താങ്കള്‍ പൃഥ്വിരാജിന്റെ ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നറിയാം. നമ്മുടെ റിസര്‍വ് ബാങ്ക്, തകര്‍ന്നുപോയ ഒരു നോട്ട് നിരോധന ദുരന്തത്തെകുറിച്ചു വ്യക്തമാക്കിയപ്പോള്‍, ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ഒരു തുറന്ന കത്തെഴുതണം എന്നാണ് കരുതിയിരുന്നത്. പക്ഷേ സംഘികളുമായി സംവാദം സാധ്യമല്ല എന്നും മനുഷ്യരുമായി മാത്രമേ സാധിക്കൂ എന്നതിനാലുമാണ് ഈ കത്ത് താങ്കള്‍ക്കായി എഴുതുന്നത്.!

ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും നമ്മുടെ റിസര്‍വ് ബാങ്കില്‍ നിന്നുവന്ന ഹൃദയഭേദകമായ ഒരു വാര്‍ത്ത, രാജ്യത്തെ ജനങ്ങളെ വഞ്ചിച്ച ഭരണകൂട നടപടിയെക്കുറിച്ചുള്ള ഒരു വാര്‍ത്ത താങ്കളും അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. കറന്‍സി നിരോധനം മൂലം ഒരു മഹാരാജ്യത്തെയാകെ നരകതുല്യമാക്കി മാറ്റിയ ഭരണകൂട നടപടി ഒരു വലിയ ദുരന്തവും പരാജയവുമായിരുന്നു എന്നാണ് നമ്മുടെ റിസര്‍വ് ബാങ്ക് തന്നെ പറയുന്നത്. ആ ദുരിത നാളുകളില്‍, ഈ ജനവിരുദ്ധ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച പിന്തിരിപ്പന്‍ കലാകാരന്മാരില്‍ ഒരാള്‍ എന്ന നിലയിലാണ് അങ്ങേക്ക് ഈ കത്തെഴുതുന്നത്.

ALSO READ: നോട്ടുനിരോധനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞിട്ടുണ്ട്: റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടിനു ശേഷവും നിരോധനത്തെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ഒരു ദേശീയ ഓണ്‍ലൈന്‍ മാധ്യമത്തില്‍ RBI യുടെ നോട്ട്‌നിരോധന കദനകഥ പുറത്തിറങ്ങിയത് വായിച്ചത് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുന്‍പായിരുന്നുവെന്ന് എന്റെ ഫേസ്ബുക്ക് മെമ്മറി ഓര്‍മ്മിപ്പിക്കുന്നു. 21,000 കോടി മുടക്കി 16,000 കോടി ഖജനാവിന് ലാഭമുണ്ടാക്കിയ നരേന്ദ്രന്‍ എന്ന “മാന്ത്രികന്റെ വിസ്മയം” പണ്ട് തന്നെ വിവരമുള്ളവര്‍ പ്രവചിച്ചിരുന്നു. #TheIncompleteBlogger ആയ ലാലേട്ടന് തന്നെ എഴുതുകയും ചെയ്തിരുന്നു.

ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ അറിവ് നേടിയ ഡോ. മന്‍മോഹന്‍ സിംഗും, 56 ഇഞ്ച് മസില്‍മേനും തമ്മിലുള്ള വ്യത്യാസവും രഘുറാം രാജന്‍ മുതല്‍ അമര്‍ത്യാ സെന്‍ തുടങ്ങി ലോകത്തിലെ സകല പണ്ഡിതരും ആവര്‍ത്തിച്ചു. ഇപ്പോള്‍ രാജ്യം ഇന്ധന വിലവര്‍ദ്ധനവും, രൂപയുടെ മൂല്യത്തകര്‍ച്ചയും തുടങ്ങി ആ അരാജക സാമ്പത്തിക നടപടികളുടെ ഭവിഷ്യത്തുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. 99 %ലധികം കറന്‍സിയും റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തിയെന്ന് ബാങ്ക് തന്നെ സമ്മതിക്കുന്നു.

വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന് എന്ന് ചോദിച്ചു ബ്ലേഡ് കമ്പനികള്‍ക്ക് മുന്നിലും, വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചുകൊണ്ട് മദ്യശാലയ്ക്ക് മുന്നിലും, തട്ടുപൊളിപ്പന്‍ മസാലകളില്‍ മീശയും പിരിച്ച് അഭിനയിച്ചുകൊണ്ട് സിനിമാകൊട്ടകകള്‍ക്ക് മുന്നിലും ആളുകളെ ക്യൂ നിര്‍ത്തിയ താങ്കള്‍, ഒരു പ്രധാനമന്ത്രി ഭ്രാന്തന്‍ ആശയവുമായി ഒരു നട്ടപ്പാതിരായ്ക്ക് ഒരു ജനതയെ ഒന്നാകെ ഉടുതുണിയോടെ നാട്ടിലെ ബാങ്കുകളുടെ മുന്നില്‍ പൊരിവെയിലത്ത് ക്യൂ നിര്‍ത്തിയതിനെ ന്യായീകരിച്ചുകൊണ്ട് എഴുതിയ ബ്ലോഗിന്റെ നാളുകള്‍ ഓര്‍മ്മയുണ്ടോ.?! പുതിയ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ താങ്കള്‍ക്ക് അന്നത്തെ ജനവിരുദ്ധ നിലപാടില്‍ പശ്ചാത്താപമുണ്ടോ?!

നോട്ടുനിരോധനത്തെ പിന്തുണച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്‌

അന്നത്തെ താങ്കളുടെ ബ്ലോഗിനെക്കുറിച്ച് സത്യസന്ധമായി പറയട്ടെ. ഒരു RSS ശാഖയില്‍ വായിക്കാന്‍ തയ്യാറാക്കിയ ഒരു മുഖസ്തുതി സര്‍ക്കുലര്‍ പോലെ തോന്നിയിരുന്നു ഞങ്ങള്‍ മലയാളികള്‍ക്കെല്ലാം. വരികള്‍ക്കിടയില്‍ എവിടെയും നോട്ട് നിരോധന ദുരന്തം നടന്ന രാജ്യത്ത് അന്നുവരെ മരിച്ചുവീണ നിരപരാധികളുടെ രക്തത്തെക്കുറിച്ച് ഒരു വാക്ക് പോലും വരാതിരിക്കുവാനുള്ള ശ്രദ്ധ നല്‍കിയ താങ്കളുടെ കൗശലം അന്ന് നന്നായി ഇഷ്ടപ്പെട്ടതായിരുന്നു. പക്ഷേ, അന്ന് താങ്കള്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയായിരുന്നില്ലേ മിസ്റ്റര്‍ കംപ്ലീറ്റ് അസംബന്ധക്കാരാ..?!

വെറും 400 കോടിയുടെ വ്യാജ കറന്‍സിക്കാരെ പരാജയപ്പെടുത്താന്‍ കോടാനുകോടി മനുഷ്യരെ ക്ലേശിപ്പിക്കുന്നതിനെ “ചെറിയ ബുദ്ധിമുട്ടുകള്‍ ” എന്ന് പേരിട്ട് വിളിക്കുന്നതിലെ യുക്തിയെന്തായിരുന്നു മിസ്റ്റര്‍ സൂപ്പര്‍ സ്റ്റാര്‍..?! വിശന്നു തളര്‍ന്നും, ഒരു തുള്ളി വെള്ളം കുടിക്കാതെയും, ജോലി ഉപേക്ഷിച്ചും, ജീവിതത്തിനും, മരണത്തിനും മധ്യേ മക്കളെയും, ഭാര്യയേയും, മാതാപിതാക്കളെയും, പ്രിയപ്പെട്ടവരെയും ആശുപത്രിയിലും, ഓപറേഷന്‍ തിയറ്ററിലും ഉപേക്ഷിച്ചും ATM കൗണ്ടറുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കാന്‍ വന്നിരുന്ന ആ മനുഷ്യര്‍ പക്ഷേ അക്രമാസക്തരായി കലാപം സൃഷ്ടടിച്ചില്ല എന്നത് മാത്രമല്ലേ ഈ അവസ്ഥയില്‍ സമാധാനിക്കാനുള്ളത്..?!

ഈ നിസഹായരായ ഇന്ത്യന്‍ ആള്‍ക്കൂട്ടം ബാങ്കുകള്‍ കൊള്ളയടിച്ചില്ല, കാവല്‍ നിന്നിരുന്ന പൊലീസിനെ വകവരുത്തില്ല, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ധാന്യപ്പുരകള്‍ കൊള്ളയടിച്ചില്ല. ഒരു നട്ടപ്പാതിരയ്ക്ക് രാജ്യത്തെ ഉടുവസ്ത്രത്തോടെ തൂക്കിയെടുത്ത് ബാങ്കിനു മുന്നിലെ അനന്തമായ ക്യൂവിലേയ്ക്കു വലിച്ചു കയറ്റിയ പ്രധാനമന്ത്രിയ്‌ക്കെതിരെ രോഷം കൊണ്ടു ജ്വലിക്കുക മാത്രമാണാ ജനത ചെയ്തത്. പക്ഷേ ആ ദിനങ്ങളിലും അയാളെയും, അയാളുടെ പിതാമഹന്മാരെയും അടക്കം ജനത തെറി വിളിക്കുന്നതിനെക്കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ താങ്കളുടെ പേനയിലെ മഷി തീര്‍ന്നുപോയ നാളുകള്‍ ഓര്‍മ്മയുണ്ടോ മിസ്റ്റര്‍ സൂപ്പര്‍ സ്റ്റാര്‍..?!

ALSO READ: കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വിജയിപ്പിച്ച എന്തെങ്കിലും പദ്ധതി ഉണ്ടോ?;99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന വാര്‍ത്തയില്‍ കേന്ദ്രത്തിനെതിരെ ട്രോള്‍ മഴ

ഒരുതുണ്ടു നോട്ടിനുവേണ്ടിയുളള പരക്കം പാച്ചില്‍ കലാപത്തില്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് സുപ്രീംകോടതിയ്ക്കു പോലും തുറന്നടിച്ചു പറയേണ്ടി വന്നതും അന്നത്തെ താങ്കളുടെ ബ്ലോഗില്‍ വിഷയമായി കണ്ടില്ല. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ആഹാരവും മരുന്നും പോലും വാങ്ങാനാവാത്ത അവസ്ഥ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടോ ലാലേട്ടാ?! പക്ഷേ ഇന്ത്യന്‍ ദരിദ്ര ജനകോടികള്‍ അത് നാളുകളോളം അനുഭവിച്ചു. നോട്ട് നിരോധിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കൈവശം തന്ത്രവുമില്ല, മന്ത്രവുമില്ല, ഒന്നുമുണ്ടായിരുന്നില്ല. നൂറുകണക്കിനാളുകളുടെ മരണങ്ങള്‍ മാത്രം ദുരന്തമായി അവശേഷിച്ചു.

കോടിക്കണക്കിനു രൂപയുടെ കളളപ്പണം സൂക്ഷിക്കുന്നവരെ വഴിയാധാരമാക്കാനാണ് പ്രധാനമന്ത്രി അസാധാരണമായ ചങ്കൂറ്റത്തോടെ നോട്ടു പിന്‍വലിക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു താങ്കള്‍ ഉള്‍പ്പടെയുള്ള ആരാധകരുടെ സ്തുതിഗീതം. എന്നാല്‍ ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നില്‍ വഴിയാധാരമായി നില്‍ക്കുന്നത് എല്ലും തോലുമായ പരമദരിദ്രരും. വിജയ് മല്യയ്ക്കു പറന്നു പോകാന്‍ വിമാനത്താവളം തുറന്നിട്ടതിനു തൊട്ടുപിന്നാലെ കോടിക്കണക്കിനു വായ്പ കിട്ടാക്കടങ്ങളുടെ പട്ടികയിലേയ്ക്ക് വകമാറ്റി.

B.J.P നേതാക്കള്‍ നൂറു കണക്കിന് കോടികള്‍ മുടക്കി മക്കളുടെ കല്യാണം ഒരു ജനതയെ അപമാനിച്ചുകൊണ്ട് നടത്തിയ ഉദാഹരണങ്ങള്‍ രാജ്യം കണ്ടു. വേറെചില B.J.P മന്ത്രിമാരുടെ കാറുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ കള്ളപ്പണം പിടിക്കുന്ന കാഴ്ചയും രാജ്യം കണ്ടു. അമിത് ഷാ പിണിയാളായിട്ടുള്ള ബാങ്കുകള്‍ കോടികള്‍ ലാഭമുണ്ടാക്കി. ഇതൊന്നും അറിയാനും, എഴുതാനും ആ ദിനങ്ങളില്‍ മേജര്‍ രവിയുടെ കശ്മീരിലെ സിനിമാ സെറ്റില്‍ സംവിധാനം ഇല്ലാതെ ബുദ്ധിമുട്ടുന്ന നാളുകള്‍ ഇപ്പോഴെങ്കിലും ഓര്‍ക്കുന്നുണ്ടോ മിസ്റ്റര്‍ ലാല്‍..?!

ALSO READ: നോട്ടു നിരോധിച്ചത് കള്ളപ്പണക്കാര്‍ക്ക് സമ്പാദ്യം വെളുപ്പിക്കാനായിരുന്നോ?: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമത

“മദ്യഷോപ്പിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് എ.ടി.എമ്മിന് മുന്നിലും അതാവാം” എന്നായിരുന്നു അന്നത്തെ താങ്കളുടെ ന്യായവാദം. കേരളത്തിലെ എത്ര ശതമാനം മനുഷ്യരാണ് ഹേ മദ്യഷാപ്പിനു മുന്നില്‍ ക്യൂ നിലക്കാറുള്ളത്.? അക്കൂട്ടര്‍ തന്നെയാണോ A.T.M നും ബാങ്കുകള്‍ക്കും മുന്നില്‍ രാവേറെ ക്യൂ നിന്നിരുന്ന ദുരന്തമുണ്ടായത് ..? മുത്തശ്ശിമാരും, സ്ത്രീകളും കുട്ടികളും ,അവശവൃദ്ധരും ക്യൂ നില്‍ക്കുന്ന എത്ര മദ്യഷോപ്പുകള്‍ താങ്കള്‍ കണ്ടിട്ടുണ്ടായിരുന്നു അസംബന്ധ രാജാവേ ..?! മദ്യഷോപ്പിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതുപോലെയാണോ ഒരു നേരത്തെ അന്നത്തിനോ, മരുന്നിനോ വേണ്ടി സ്വയം അദ്ധ്വാനിച്ച കാശിനായി പൗരന്‍ പൊരിവെയിലത്ത് യാതന സഹിക്കുന്ന അവസ്ഥയുണ്ടായിരുന്നത്.?!

കുട ചൂടിത്തരാന്‍ പരിവാരങ്ങള്‍ ഇല്ലാതെ നിങ്ങള്‍ രണ്ടേ രണ്ടു മിനിറ്റ് വെയിലത്ത് നിന്നിട്ട് എത്ര പതിറ്റാണ്ടുകളായി മിസ്റ്റര്‍ ?! ഭാര്യ സുചിത്രയും, മകന്‍ പ്രണവും, താങ്കളുടെ അച്ഛന്‍ വിശ്വനാഥന്‍ നായരുമെല്ലാം പണത്തിനായി ക്യൂ നില്‍ക്കുന്നുവെങ്കില്‍ അവരെല്ലാം മദ്യഷോപ്പിനു മുന്നില്‍ നില്‍ക്കുന്നത് പോലെയെന്ന് കാണുവാന്‍ നിങ്ങള്‍ക്ക്‌ കഴിയുമായിരുന്നോ..?!

നോട്ടുകളായി സൂക്ഷിക്കുന്ന കളളപ്പണം ആറു ശതമാനത്തില്‍ താഴെയുളള രാജ്യത്തിലായിരുന്നു പ്രചാരത്തിലുളള കറന്‍സിയുടെ 86% നോട്ടുകളും പിന്‍വലിച്ച തുഗ്ലക് പരിഷ്‌കാരം എന്നോര്‍ക്കുന്നുണ്ടോ? ഒരു കളളപ്പണക്കാരന്റെയും ജീവിതം പ്രധാനമന്ത്രി കാരണം വഴിമുട്ടിയില്ല എന്നു ഇന്നത്തെ ദിവസം തിരിച്ചറിയുന്നവരുടെ എണ്ണം എത്രയാണെന്ന് താങ്കള്‍ക്ക് ഊഹിക്കാമോ? ആ ആത്മരോഷം കാട്ടുതീയായി പടരാനുളള സാധ്യതയാണ് സുപ്രീംകോടതിയ്ക്കു പോലും അന്നത്തെ ദിനങ്ങളില്‍ ബോധ്യമായിരുന്നത്. നാളിതുവരെ പിടിച്ചെടുത്ത കള്ളപ്പണം മുഴുവന്‍ താങ്കളുടെ ആരാധ്യ പുരുഷന്‍ നരേന്ദ്രമോദിയുടെ പാര്‍ട്ടിക്കാരില്‍ നിന്നായിരുന്നു എന്ന് ഈ രാജ്യം ഇന്ന് തിരിച്ചറിയുന്നു സര്‍.!

ALSO READ: അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി: ആര്‍.ബി.ഐ

സംഘി വിഡ്ഢികള്‍ മോദി കീ ജെയ് വിളിച്ചിരുന്നുവെങ്കിലും, അവരുടെയും നില താങ്കളുടെ അത്രയും ഭദ്രമായിരുന്നില്ല സര്‍. കള്ളപ്പണക്കാരായ സിനിമാ നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന ആഡംബരത്തില്‍, കൊട്ടാരങ്ങളായ ഹോട്ടലുകളില്‍, ലോകത്തെ ഏറ്റവും മുന്തിയ വാഹനങ്ങളില്‍ ജീവിക്കുന്ന താങ്കളെപ്പോലെയല്ല സര്‍ ഒരു സാധാരണ B.J.P ക്കാരന്‍ പോലും. അയാളുടെ കയ്യിലും മൂന്നും നാലും ക്രെഡിറ്റ് കാര്‍ഡോ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനമോ ഒന്നുമില്ല സര്‍. ഒരു പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയും ആശങ്കയിലായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ.?! തീരുമാനം സെല്‍ഫ് ഗോളാകുമോ എന്ന സംശയം അവര്‍ സ്വകാര്യമായി പ്രകടിപ്പിച്ചത് ഇന്ന് യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു.

താങ്കളുടെ ഭാര്യക്കോ, മക്കള്‍ക്കോ , മാതാപിതാക്കള്‍ക്കോ , മറ്റു പ്രിയപ്പെട്ടവര്‍ക്കോ ഈ തീരുമാനംകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായോ സര്‍. ?!പത്തുമിനിട്ടെങ്കിലും താങ്കള്‍ എവിടെയെങ്കിലും പണത്തിനായി ക്യൂ നിനിന്നിരുന്നോ..? പിറന്നു വീണു മാസങ്ങള്‍ മാത്രമായ താങ്കളുടെ കുഞ്ഞ് ബാങ്കില്‍ പണമുണ്ടായിട്ടും ചികിത്സ കിട്ടാതെ മരിച്ചോ..? മാതാവോ, പിതാവോ പ്രാണന്‍ പിടഞ്ഞു കൈവെള്ളയില്‍ ഊര്‍ന്നുപോയോ ..? സഹോദരി ഫീസ് കൊടുക്കാതെ പഠനം നിര്‍ത്തിയോ ? ഇല്ല എന്നതാണ് ഉത്തരമെങ്കില്‍, താങ്കളുടെ ബ്ലോഗ് ദന്തഗോപുരത്തിലിരുന്നുകൊണ്ട് ഫാഷിസ്റ്റുകള്‍ക്ക് അടുക്കളപ്പണിചെയ്യലായിരുന്നു എന്ന് ഇന്നത്തെ റിസര്‍വ് ബാങ്ക് വാര്‍ത്തകള്‍ പ്രകാരം പറയാതെ കഴിയുമോ സര്‍ ..?

ആ തുഗ്ലക്ക് ഭ്രാന്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കിയത് എങ്ങിനെയാണ് സര്‍..? എത്ര തീവ്രവാദികളും മാവോയിസ്റ്റുകളും മനഃസ്താപത്തോടെ മടങ്ങി? ഏതു ഡാറ്റകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ബി.ജെ.പിക്കാരും കേന്ദ്രസര്‍ക്കാര്‍ പോലും ബഡായി വിടാന്‍ മടിക്കുന്ന അവകാശ വാദങ്ങള്‍ താങ്കള്‍ നടത്തിയിരുന്നത് ..? 265000 കോടിയാണോ, 246700 കോടിയാണോ വലുത് എന്ന ചെറിയ കണക്കു താങ്കള്‍ക്കു അറിയുമോ മിസ്റ്റര്‍ ? ആ പരിഷ്‌ക്കാരത്തിന്റെ ശരാശരി അയ്യായിരം കോടിയുടെ പ്രതിദിന നഷ്ടം കണക്കാക്കിയാല്‍ത്തന്നെ രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടിയുടെ (265000cr) നഷ്ടമുണ്ടായി.

ALSO READ: അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തി; ഐസകിനെ വെല്ലുവിളിച്ച് ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ അന്ന് പറഞ്ഞ വാക്ക് പാലിക്കുമോ?

ആ നടപടികൊണ്ട് രണ്ടുലക്ഷത്തിനാല്‍പ്പത്താറായിരത്തി മുന്നൂറ് കോടി രൂപയുടെ കള്ളപ്പണവും നാനൂറ് കോടിയുടെ കള്ളനോട്ടുമാണ് ഇല്ലാതാവുമെന്ന് സംഘി വിഡ്ഢികള്‍ വീമ്പടിച്ചത്. മൊത്തം രണ്ടുലക്ഷത്തി നാല്‍പ്പത്താറായിരത്തി എഴുനൂറുകോടി(246700cr). കുറഞ്ഞത് രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടിയുടെ പൊതു നഷ്ടവും പുതിയ നോട്ടച്ചടിയ്ക്കാന്‍ പന്തീരായിരം കോടിവേറെയും നാടിനു നഷ്ടം വന്നു. നൂറ്റിയിരുപതുകോടി ജനതയുടെ ദുരിതവും കുഴഞ്ഞുവീണും ചികിത്സകിട്ടാതെയും ചത്തൊടുങ്ങാന്‍ കുറെ പൗരന്‍മാരെയും ചെലവഴിച്ച് നടത്തിയ ആ യുദ്ധത്തിന്റെ ലാഭക്കണക്ക് എന്തായിരിയ്ക്കുമെന്ന് ഒരു ബ്ലോഗ് എഴുതുന്നതിനിടെ ഒരു നിമിഷം പോലും ചിന്തിക്കാന്‍ താങ്കള്‍ക്കു സാധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

തൊഴില്‍ ലീവാക്കി ഒരു പകല്‍ മുഴുവന്‍ വെയിലത്ത് നിന്നാലും, അവസാനിക്കാത്ത ക്യൂവായിരുന്നില്ലേ. ഹൃദയസ്തംഭനം വന്നും തളര്‍ന്നുവീണും ക്യൂവില്‍ത്തന്നെ മരിച്ച നൂറുകണക്കിനാളുകള്‍, ആത്മഹത്യ, സംഘര്‍ഷങ്ങള്‍, നിശ്ചയിച്ചുറപ്പിച്ച വിവാഹം ഉപേക്ഷിക്കുന്നവര്‍, ചികിത്സയും മരുന്നും ആംബുലന്‍സ് സേവനവും നിഷേധിക്കപ്പെടുന്നവര്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കൈവശമുളള മാതാപിതാക്കളുടെ കണ്‍മുന്നില്‍ ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്ന നവജാതശിശു.. ഒരു വിഡ്ഢിയായ ഭരണാധികാരി സൃഷ്ടിച്ച മരണങ്ങളുടെ ഘോഷയാത്രകള്‍ ഓര്‍മ്മയുണ്ടായിരുന്നോ കംപ്ലീറ്റ് ആക്റ്റര്‍?! തുഗ്ലക്ക് തീരുമാനത്തിന്റെ ഇരകളുടെ പട്ടികയില്‍ ഇനിയാരൊക്കയെന്നു ഒരു വരി പോലും എഴുതാതിരുന്ന നിങ്ങളുടെ ബ്ലോഗ് ആരെ സുഖിപ്പിക്കാനായിരുന്നു എന്ന് ഈ നിമിഷം ചിന്തിക്കാമോ മിസ്റ്റര്‍..?!

കീശ നിറയെ ക്രെഡിറ്റ് കാര്‍ഡുകളുളള, എസ്.യു.വി വാഹനങ്ങളും മള്‍ട്ടി പര്‍പ്പസ് സ്മാര്‍ട്ട് ഫോണുകളുമുളള സമ്പന്ന നാഗരിക മധ്യവര്‍ഗം പടച്ചുവിടുന്ന വാട്‌സാപ്പ് തമാശകളുടെ കൂട്ടത്തിലായിരുന്നു മിസ്റ്റര്‍ മോഹന്‍ലാല്‍ താങ്കളുടെ ബ്ലോഗും ഒരു ശരാശരി ഇന്ത്യക്കാരന്‍ വായിച്ചിരുന്നത്.

മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കുഴലൂത്തുകാരന്‍ എന്ന പാതാളത്തിലേക്ക് അധപതിച്ചുപോയ ഒരു കലാകാരന്‍ ഞങ്ങളുടെ നാട്ടില്‍ ജീവിച്ചിരുന്നു എന്ന് നിശ്ചയമായും ചരിത്രം താങ്കളെ അടയാളപ്പെടുത്തും മിസ്റ്റര്‍. ഈ ജനതയോടുള്ള ക്രൂരതകളാണ് ഇന്ത്യയുടെ പൊതുവികാരത്തിന്റെ പ്രതീകമാണെന്നു കരുതുന്നവരെ കാത്തിരിക്കുന്നത് തെരുവില്‍ പടരുന്ന തീയാണ്. ആ അഗ്‌നിയില്‍ ചുട്ടുചാമ്പലാവാതെ ബാക്കിയാവാന്‍ കരുത്തുള്ള യാതൊന്നും തല്‍ക്കാലം ഇന്ത്യയിലില്ല. ആ ഘട്ടത്തില്‍ താങ്കളുടെ ഗംബ്ലീറ്റ് കുഴലൂത്തുകളും ചാരമായിപ്പോയ കാഴ്ചകള്‍ കാണുന്നില്ലേ…?!

ഇനിയെങ്കിലും സാമൂഹിക വിഷയങ്ങളില്‍ ഫാഷിസ്റ്റ് അടുക്കളപ്പണിക്കാരനാവാതെ സദ്ബുദ്ധിയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു കലാകാരനായി മാനസിക പരിവര്‍ത്തനം വരട്ടെയെന്ന പ്രാര്‍ത്ഥനകളോടെ…

മഹാനായ കലാകാരനായ താങ്കള്‍ക്കു മുകളിലെ വിഹായസ്സുകള്‍ നിറയെ സ്‌നേഹാദരവുകളോടെ…

WATCH THIS VIDEO: