| Sunday, 12th June 2022, 10:00 am

"ക്യാമറ ഓഫാക്കൂ": അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ജഗ്ഗി വാസുദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ബി.സി തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ക്ഷുഭിതനായി സദ്ഗുരു ജഗ്ഗി വാസുദേവ്. ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഈഷ ഫൗണ്ടേഷന്റെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂവര്‍ ചോദിച്ച ചോദ്യമാണ് സദ്ഗുരുവിനെ പ്രകോപിതനാക്കിയത്.

മാധ്യമപ്രവര്‍ത്തകനായ കെ. സുഭഗുണം ആയിരുന്നു ഇന്റര്‍വ്യൂ നടത്തിയത്. ഈഷ ഫൗണ്ടേഷന്റെ കോയമ്പത്തൂര്‍ ജില്ലയിലെ ബൂളുവപ്പട്ടിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ 2018ല്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ബൂളുവപ്പട്ടിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലെന്നും നിര്‍മാണം പൂര്‍ത്തിയായി ഏകദശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ആവശ്യമായ അനുമതികള്‍ തേടിയതെന്നുമായിരുന്നു ആരോപണം. ഇതിനെക്കുറിച്ച് കെ. സുഭഗുണം ചോദ്യമുന്നയിച്ചതോടെ സദ്ഗുരു അക്ഷമനായി. ഇതിനെകുറിച്ച് നിങ്ങള്‍ എത്രവട്ടം ചോദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണകൂടങ്ങളും നീതിപീഠങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഫൗണ്ടേഷന്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സര്‍ക്കാര്‍ നടപടിയെടുത്തോളം നിങ്ങള്‍ ഇടപെടേണ്ടതില്ല എന്നുമായിരുന്നു സദ്ഗുരുവിന്റെ പ്രതികരണം.

ക്യാമറ ഓഫാക്കണമെന്നും സദ്ഗുരു പറഞ്ഞു. ഇദ്ദേഹത്തിനൊപ്പമെത്തിയവര്‍ ക്യാമറകള്‍ ബലംപ്രയോഗിച്ച് ഓഫാക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.

പത്ത് വര്‍ഷത്തിനിടെ രാഷ്ട്രം വലിയ കലാപങ്ങള്‍ക്കൊന്നും വേദിയായിട്ടില്ലെന്നും മതപരമായ അസഹിഷ്ണുത ടി.വി സ്‌ക്രീനുകള്‍ രൂപപ്പെടുത്തുന്നതാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘തന്റെ പഠനകാലത്ത് കണ്ട വര്‍ഗീയതയുടെ ഇരുട്ടല്ല ഇന്ന് ഭാരതത്തിലുള്ളത്. രാജ്യത്ത് എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന കലാപശ്രമങ്ങളെ ചില മാധ്യമങ്ങള്‍ ആളിക്കത്തിക്കുകയാണ്. ഈ കലാപശ്രമങ്ങളെ അടിച്ചമര്‍ത്തണം. നിയമപരമായി തന്നെ കലാപകാരികള്‍ക്കെതിരെ നടപടി എടുക്കണം. രാജ്യത്തെ ജനങ്ങള്‍ ഇന്ന് സാമൂഹ്യ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാണ്,’ സദ്ഗുരു പറഞ്ഞു.

‘ഇന്ന് രാജ്യം ശാന്തമാണ്. കഴിഞ്ഞ് പത്ത് വര്‍ഷമായി വര്‍ഗീയ കലാപങ്ങള്‍ ഒന്നും രാജ്യത്ത് ഉണ്ടായിട്ടില്ല.

ദൃശ്യ മാധ്യമങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ് വര്‍ഗീയ കലാപങ്ങളും മതപരമായ അസഹിഷ്ണുതയും. മുന്‍ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ലോകരാജ്യങ്ങള്‍ ഭാരതത്തെ ബഹുമാനിക്കുന്നു. ആഭ്യന്തര വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ നിലപാടുകള്‍ മറ്റ് രാജ്യങ്ങള്‍ മാതൃകയാക്കുകയാണ്. നയതന്ത്ര വിഷയങ്ങളിലുള്ള അഭിപ്രായം ലോകോത്തര ശ്രദ്ധനേടുന്നു,’ സദ്ഗുരു പറഞ്ഞു.

മുന്‍പ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്റെ കാവേരി കോളിംഗ് പദ്ധതിക്കെതിരെ അഡ്വ: എ.വി അമര്‍നാഥന്‍ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയിരുന്നു.

കാവേരി നദീതീരത്ത് വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിക്കെതിരെയായിരുന്നു ഹര്‍ജി. തലക്കാവേരി മുതല്‍ തിരുവാരൂര്‍ വരെയാണ് പദ്ധതി. 253 കോടി വൃക്ഷങ്ങള്‍ നട്ടുപിടിക്കുമെന്നായിരുന്നു ഫൗണ്ടേഷന്റെ വാദം. ഇതിന് വേണ്ടി ഒരു വൃക്ഷത്തിന് 42 രൂപയാണ് പിരിക്കുന്നത്. ആകെ ചെലവ് 10,626കോടി രൂപവരും. ഈ പിരിവിനെതിരായായിരുന്നു ഹരജി.

Content Highlight: Jaggi vasudev gets angry during bbc interview, quits interview in halfway

Latest Stories

We use cookies to give you the best possible experience. Learn more