പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ “താലിബാനി” എന്ന് വിശേഷിപ്പിച്ച് ജഗ്ഗി വാസുദേവ്. മാര്‍ച്ച് 27ന് തന്റെ “യൂത്ത് ആന്റ് ട്രൂത്ത്” പരിപാടിയുമായി സര്‍വ്വകലാശാലയിലെത്തിയ ജഗ്ഗി സര്‍വകലാശാല പരിസരത്ത് വെച്ച് നടന്ന സംഭാഷണത്തിനിടെ പാക് വംശജനായ ബിലാല്‍ ബിന്‍ സാബിഖ് എന്ന വിദ്യാര്‍ത്ഥിയെയാണ് ആക്ഷേപിച്ചത്.
“അണ്‍പ്ലഗ് വിത്ത് സദ്ഗുരു” എന്ന പരിപാടിയുടെ അവതാരകനായിരുന്നു സാബിഖ്. ചര്‍ച്ചയ്ക്കിടെ ജീവിതത്തെയും മാനസിക പിരിമുറുക്കത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് സാബിഖിനെ താലിബാനിയെന്ന് ജഗ്ഗി വിളിച്ചത്.
ജഗ്ഗിയുടെ ഇസ്‌ലാമോഫോബിക് പരാമര്‍ശം അനുവദിക്കാനാകില്ലെന്നും അപലപിക്കുന്നുവെന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ തന്റെ സംഭാഷണം എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട ജഗ്ഗി താലിബാന്‍ എന്ന് വിളിച്ചതിന് വിചിത്രമായ വിശദീകരണമാണ് നല്‍കിയത്. “അറബിയില്‍ താലിബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം “ഉത്സാഹിയായ വിദ്യാര്‍ത്ഥി” എന്നാണ്. ബിലാലും മറ്റു വിദ്യാര്‍ത്ഥികളും ഉത്സാഹ ഭരിതരാണ്. ഉത്സാഹഭരിതരായ വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ എല്ലായ്പ്പോഴും അങ്ങനെ വിളിക്കാറുണ്ട്. ഈ സാഹചര്യത്താലാണ് ബിലാലിനോട് തമാശയായി അത് പറഞ്ഞത്. ആരുടെയെങ്കിലും മനോവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ” ജഗ്ഗി പറഞ്ഞു.
ജഗ്ഗിയുടെ മാപ്പപേക്ഷയെയും വീഡിയോ എഡിറ്റ് ചെയ്തതാണെന്ന വാദത്തെയും തള്ളിക്കളഞ്ഞ വിദ്യാര്‍ത്ഥി യൂണിയന്‍ തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞു. ഇന്ത്യയില്‍ ഉത്സാഹഭരിതരായ വിദ്യാര്‍ത്ഥികളെ “താലിബാനി” എന്ന് വിളിക്കാറുണ്ടെന്ന ജഗ്ഗിയുടെ വാദത്തെ വിശ്വസിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.
നിരവധി അനുയായികളും അധികാരവും പദവിയുമുള്ള സഹിഷ്ണുത പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആളുകള്‍ നിലവിലെ സാഹചര്യത്തില്‍ “താലിബാനി” പോലുള്ള രാഷ്ട്രീയപരവും തീവ്രവാദപരവുമായ അര്‍ത്ഥങ്ങളേക്കുറിച്ച് ബോധ്യവും സൂക്ഷ്മബോധവുമുള്ളവരായിരിക്കണം. ഇതുപോലുള്ള കാഷ്വല്‍ ഇസ്‌ലാമോഫോബിയ തെറ്റിധാരണയും മുന്‍വിധിയും പ്രോത്സാഹിപ്പിക്കുന്നതാണ്. ബ്രിട്ടനിലും ന്യൂസിലാന്‍ഡിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ഭീകരാക്രമണത്തിന് ഇരയാകുന്ന സാഹചര്യമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.