ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച നടനാണ് ജഗദീഷ്. നാല് പതിറ്റാണ്ടോളമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ജഗദീഷ് കൊമേഡിയനായും നായകനായും സഹനടനായും ആദ്യകാലങ്ങളില്‍ കഴിവ് തെളിയിച്ചു. 2015ല്‍ റിലീസായ ലീലയിലൂടെ അതുവരെ കാണാത്ത ജഗദീഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്.
ലീലക്ക് ശേഷം ജഗദീഷിലെ നടന്റെ അടുത്ത സ്റ്റേജ് ആരംഭിക്കുകയായിരുന്നു. കോമഡികളിലൂടെ തുടങ്ങിയ അദ്ദേഹം ഇന്ന് തേച്ചുമിനുക്കിയ മികച്ച അഭിനേതാവാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലാണ് അദ്ദേഹം ഇപ്പോള്‍ കൂടുതലായും അഭിനയിക്കുന്നത്.
69 വയസ്സായ അദ്ദേഹം ഇന്നും മട്ടിലും ഭാവത്തിലും യുവാവാണ്. തന്നെ കാണാന്‍ ചെറുപ്പമാണെങ്കിലും സത്യത്തില്‍ താന്‍ ചെറുപ്പമല്ലെന്നും ജഗദീഷ് പറയുന്നു. ഇപ്പോഴും പ്രേമിച്ചു നടക്കുന്ന നായക കഥാപാത്രങ്ങള്‍ ചെയ്താല്‍ പ്രേക്ഷകര്‍ ചൂരലുകൊണ്ടടിക്കുമെന്നും പ്രേക്ഷകര്‍ക്ക് എങ്ങനെ വെറൈറ്റി കൊടുക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്‌ലാഷ് ബാക്ക് സീനുകളിലെല്ലാം ഡി ഏജിങ് ഇല്ലാതെ തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്നും ജഗദീഷ് പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ കാണാന്‍ ഇപ്പോഴും ചെറുപ്പമാണെന്ന് എനിക്കറിയാം. പക്ഷെ യാഥാര്‍ത്ഥ്യം ഞാന്‍ ചെറുപ്പമല്ല എന്നതാണ്. അത് ഞാന്‍ ആദ്യം മനസിലാക്കണം. അല്ലാതെ ഞാന്‍ ഇനിയും ഒരു നായകനായിട്ട് പ്രേമവും കാര്യങ്ങളുമൊക്കെയായി നടന്നാല്‍ ആളുകള്‍ ചൂരലുകൊണ്ട് നല്ല അടി തരും എന്ന കാര്യവും എനിക്കറിയാം.
എന്നില്‍ നിന്ന് എന്താണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്, അതില്‍ എന്ത് വെറൈറ്റി കൊടുക്കാം എന്നാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അച്ഛന്റെ റോളില്‍ വേണമെങ്കില്‍ ഒരു ഫ്‌ലാഷ് ബാക്കില്‍ രണ്ടു സീനിലൊക്കെ ഇച്ചിരി റൊമാന്‍സൊക്കെ ആണെങ്കിലും പ്രേക്ഷകര്‍ സഹിക്കും. ഡി ഏജിങ് ഇല്ലാതെ തന്നെ എനിക്ക് പിടിച്ച് നില്‍ക്കാം(ചിരി),’ ജഗദീഷ് പറയുന്നു.