ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധംഖറിനെ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി.
ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ആണ് ധംഖറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജെ.പി. നദ്ദയുടെ നേതൃത്വത്തിലായിരുന്നു യോഗം.
പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ടൂളായി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണറായിരിക്കെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നയാളാണ് ജഗ്ദീപ് ധംഖര്‍. മമത ബാനര്‍ജിയോട് നേരിട്ട് ഏറ്റുമുട്ടി ധംഖര്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഓഗസ്റ്റ് പത്തിനാണ് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി അവസാനിക്കുന്നത്. ജൂലൈ 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഓഗസ്റ്റ് ആറിനാകും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍ സ്വദേശിയായ ജഗ്ദീപ് ധംഖര്‍ മുന്‍പ് ജുന്‍ജുനുവില്‍ നിന്നുള്ള ലോക്സഭാ എം.പിയായിരുന്നു. 2019 ജൂലായ് 30 മുതല്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരുന്നു. സുപ്രീംകോടതി അഭിഭാഷകനായ അദ്ദേഹം 1993-1998 ല്‍ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു.