ന്യൂദല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം നേടി ജഗ്ദീപ് ധന്‍കര്‍. 528 വോട്ട് നേടിയാണ് ധന്‍കര്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 780 വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ 725 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 528 വോട്ടും നേടി ജഗ്ദീപ് ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.
15 വോട്ടുകള്‍ അസാധുവായി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ശിവസേനയിലെ ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം, ബി.എസ്.പി എന്നിങ്ങനെ എന്‍.ഡി.എയുടെ പുറത്തുള്ള വോട്ടുകളും ഉറപ്പിക്കാന്‍ ധന്‍കറിനായി.
ടി.ആര്‍.എസ്, ആം ആദ്മി പാര്‍ട്ടി, ജെ.എം.എം, ശിവസേനയിലെ 9 എം.പിമാര്‍ എന്നിവര്‍ മാര്‍ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണി വരെ തുടര്‍ന്നിരുന്നു.
അസുഖബാധിതര്‍ ആയതിനാല്‍ രണ്ട് ബി.ജെ.പി എം.പിമാര്‍ വോട്ട് ചെയ്തില്ല. സണ്ണി ഡിയോള്‍, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്ന ബി.ജെ.പി എം.പിമാര്‍.
തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. 36 എം.പിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ മാത്രമാണ് വോട്ട് ചെയ്തത്. 34 എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിര്‍ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്.
രാജസ്ഥാനില്‍ നിന്നുള്ള നേതാവാണ് ധന്‍കര്‍. നേരത്തെ ബംഗാള്‍ ഗവര്‍ണറായിരുന്നു. അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക
Content Highlight: Jagdeep Dhankar won the Vice President election