“ജഗതി ശ്രീകുമാറിന് മറ്റൊരു മകളുണ്ട്” എന്ന വെളിപ്പെടുത്തലുമായാണ് കഴിഞ്ഞ ലക്കം മംഗളം വാരിക പുറത്തിറങ്ങിയത്. ജഗതി ശ്രീകുമാര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് “മംഗളം” ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ സെറ്റുകളില്‍ ജഗതിയുടെ ആരാധകര്‍ മംഗളത്തിന്റെ ഈ “ക്രൂരത”യെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മംഗളത്തിന്റെ വാര്‍ത്തയുടെ വിശദാംശങ്ങളുമായാണ് ഇത്തവണത്തെ മനോരമ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയത്. ജഗതി ശ്രീകുമാറിന്റെ മകളുമായുള്ള അഭിമുഖമാണ് മനോരമ ആഴ്ചപ്പതിപ്പിലെ സ്‌കൂപ്പ്. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ അഭിമുഖവും ചിത്രങ്ങളും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, മനോരമ ആഴ്ചപ്പതിപ്പിന്റെ മുഖച്ചിത്രവും ശ്രീലക്ഷ്മിയാണ്.
ശ്രീലക്ഷ്മിയ്ക്ക് പുറമേ ഇവരുടെ അമ്മയെക്കുറിച്ചുള്ള വിശദാംശങ്ങളും മനോരമ പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് കരുമത്തെ “നന്ദനം” എന്ന വീട്ടിലാണ് ശ്രീലക്ഷ്മി എന്ന “ലച്ചുവും അമ്മ കലയും താമസിക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തിലാണ് ജഗതി കലയെ പരിചയപ്പെടുന്നത്. കലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ജഗതി. പരിചയം പിന്നീട് സൗഹൃദത്തിനും അത് പ്രണയത്തിനും വഴിമാറി. ജഗതിയുടെ നിര്‍ബന്ധപ്രകാരം ഇനിയും ഒരു കുരുക്ഷേത്രം എന്ന സിനിമയില്‍ കല അഭിനയിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ പറയുന്നു. പിന്നീട് ജഗതി അഭിനയിച്ച കിരീടം, ദശരഥം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നീ ചിത്രങ്ങളിലും കല അഭിനയിച്ചു.
പിന്നീട് ജഗതി ഗുരുവായൂരില്‍ വച്ച് കലയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് തെളിവായി ജഗതി കഴുത്തിലണിയിച്ച താലി മാത്രമേ തന്റെ പക്കലുള്ളൂവെന്നും അവര്‍ വ്യക്തമാക്കുന്നു. ജഗതിക്ക് ഇങ്ങനെയൊരു ബന്ധം ഉണ്ട് എന്നത് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു.
സിനിമാ തിരക്കുകള്‍ക്കിടയിലും മകളുടെ കാര്യം ജഗതി ശ്രദ്ധിക്കാറുണ്ടായിരുന്നു. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ ശ്രീലക്ഷ്മി. എസ്.എസ്.എല്‍.സിക്ക് ഉയര്‍ന്നമാര്‍ക്കോടെ പാസായ ശ്രീലക്ഷ്മി ജില്ലാ സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിരവധി തവണ കലാതിലക പട്ടമണിഞ്ഞിട്ടുണ്ട്.
കലാകാരിയായിട്ടും മകളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ജഗതിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. “ഞാന്‍ സിനിമാ മോഹം പറഞ്ഞപ്പോള്‍ നടിയാകാന്‍ സൗന്ദര്യം മാത്രം മതി, എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാവാന്‍ വിവരവും വേണം. സൗന്ദര്യം എപ്പോള്‍ നശിയ്ക്കാം. എന്നാല്‍ അറിവ് നശിക്കില്ലെന്നാണ് പപ്പ പറഞ്ഞത്” ശ്രീലക്ഷ്മി പറഞ്ഞു.
അപകടവാര്‍ത്തയറിഞ്ഞ് കലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പോയി കണ്ടിരുന്നു. നടന്‍ ജഗദീഷാണ് യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. കലയും ശ്രീലക്ഷ്മിയും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ജഗതിയുടെ ഭാര്യ ശോഭയും മകന്‍ രാജ്കുമാറും മകള്‍ പാര്‍വതിയും മറ്റ് ബന്ധുക്കളും സിനിമാക്കാര്‍ അടക്കമുള്ള സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു.
“രാത്രി പത്തരയായതിനാല്‍ വെന്റിലേറ്റര്‍ മുറിയില്‍ കയറി കാണാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. പിന്നീട് പാര്‍വതി ഡോക്ടര്‍മാരോട് സംസാരിച്ച് അനുവാദം വാങ്ങിത്തരികയായിരുന്നു” കല മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി ഷെറിന്‍ മുഹമ്മദിനോട് വ്യക്തമാക്കുന്നു.