മലയാളസിനിമയില്‍ നടന്‍മാരെന്ന് പറയാന്‍ കഴിയുന്നത് കുറച്ച് പേരെ മാത്രമാണെന്ന് പറയുകയാണ് പഴയ അഭിമുഖത്തില്‍ ജഗതി ശ്രീകുമാര്‍. നടന്‍മാരെന്ന് വിളിക്കാന്‍ തനിക്ക് തോന്നിയിട്ടുള്ളത് ഇവരെയൊക്കെയാണെന്ന് പേരെടുത്ത് പറയുന്നുമുണ്ട് കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗതി.
‘വിരലിലെണ്ണാവുന്ന നടന്‍മാരേ നമുക്കുള്ളൂ. താരങ്ങള്‍ ഒരുപിടിയുണ്ട്. ഒരു ലോറി നിറയെ താരങ്ങളുണ്ട്. നടന്‍മാരെന്ന് പറഞ്ഞാല്‍ തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു, ഉര്‍വശി, മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരൊക്കെയാണ്.
ഇവരോടൊക്കെ സഹപ്രവര്‍ത്തകര്‍ എന്നതിലുപരി എനിക്ക് ബഹുമാനമുണ്ട്. കാരണം ഇവരെല്ലാം കഴിവുള്ള കലാകാരന്‍മാരാണ്. താരങ്ങളല്ല ഇവരാരും. താരപരിവേഷം മാധ്യമങ്ങളും പ്രേക്ഷകരുമൊക്കെ കൊടുക്കുന്നുണ്ടാവാം. എന്നാല്‍ ഇവരെല്ലാം കലാകാരന്‍മാരാണ്,’ ജഗതി പറയുന്നു.
കഥാപാത്രത്തെ പറ്റിയുള്ള അവരുടെ സമഗ്രമായ വിലയിരുത്തല്‍, സൂക്ഷ്മമായ ഭാവങ്ങള്‍, അത് നമ്മളിലേക്ക് പകരാനുള്ള ആത്മാര്‍ത്ഥതയോട് കൂടിയ അവരുടെ പ്രവൃത്തി ഇതെല്ലാമാണ് ഇവരെ നല്ല നടന്‍മാരായി തനിക്ക് തോന്നാനുള്ള കാരണമെന്നും ജഗതി പറഞ്ഞു.
ഡയലോഗ് പറയുമ്പോള്‍ ചിലരെല്ലാം കൃത്യമായി ടൈമിങ് സൂക്ഷിക്കുമെന്നും എന്നാല്‍ ചിലര്‍ സമയമെടുത്ത് ഡയലോഗ് പറയുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൈമിങ് കൃത്യമായി സൂക്ഷിക്കുന്നയാളാണ് നെടുമുടി വേണുവെന്ന് ജഗതി പറയുന്നുണ്ട്.
പലപ്പോഴും ഡയലോഗ് പറയുമ്പോള്‍ കൂടെ നില്‍ക്കുന്നയാളുടെ പ്രതികരണത്തിനനുസരിച്ചായിരിക്കും നമ്മുടെ പ്രകടനമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.