കൊച്ചി: മലയാളത്തിന്റെ അഭിനയ കുലപതി ജഗതി ശ്രീകുമാറിന്റെ 70-ാം പിറന്നാളാണ് ചൊവ്വാഴ്ച. സിനിമ-സാംസ്‌കാരിക ലോകത്തെ നിരവധി പേരാണ് ജഗതിയ്ക്ക് ആശംസകളുമായി എത്തിയത്.
2012 ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് സിനിമാരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി.
ജഗതിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങള്‍ പങ്കുവെക്കുകയാണ് മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍.
യോദ്ധ സിനിമയിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീലക്ഷ്മി ഒന്നാമതായി തെരഞ്ഞെടുത്തിരിക്കുന്നത്. അച്ഛന്റെ തനിക്ക് എക്കാലത്തും ഇഷ്ടപ്പെട്ട മികച്ച കഥാപാത്രമാണ് യോദ്ധയിലതെന്നും ശ്രീലക്ഷ്മി പറയുന്നു.
സിനിമയിലെ ‘ഈ ഫോറസ്റ്റ് മുഴുവന്‍ കാടണല്ലോ’, എന്ന ഡയലോഗ് തനിക്കേറ്റവും ഇഷ്ടപ്പെട്ടതാണെന്നും ശ്രീലക്ഷ്മി പറയുന്നു. താനിത് പറയുമ്പോള്‍ പപ്പ ചിരിച്ച് കൊള്ളാലോ എന്ന് പറയാറുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.
കിലുക്കം സിനിമയിലെ ഫോട്ടോഗ്രാഫര്‍ നിശ്ചല്‍ എന്ന കഥാപാത്രമാണ് ശ്രീലക്ഷ്മിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ കഥാപാത്രം. പാസഞ്ചറിലെ ആഭ്യന്തരമന്ത്രി തോമസ് ചാക്കോ എന്ന കഥാപാത്രമാണ് ശ്രീലക്ഷ്മിയ്ക്ക് ഇഷ്ടപ്പെട്ട മൂന്നാമത്തെ കഥാപാത്രം.
അച്ഛന്‍ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് തനിക്കിഷ്ടമാണെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു. നെഗറ്റീവ് ടച്ചുള്ള കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ താന്‍ അച്ഛനോട് പറയുമ്പോള്‍ ‘എന്റെ കഞ്ഞിയില്‍ പാറ്റയിടാനാണോ?’ എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളതെന്നും ശ്രീലക്ഷ്മി പറയുന്നു.
വാസ്തവത്തിലെ ഉണ്ണിത്താന്‍ ആശാന്‍, കാബൂളിവാലയിലെ കന്നാസ് എന്നിവയും തനിക്കിഷ്ടപ്പെട്ട വേഷങ്ങളാണെന്ന് ശ്രീലക്ഷ്മി പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക