തിരുവനന്തപുരം: കുടുംബത്തെ കുറിച്ചും മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ബിഹൈന്‍ഡ് വുഡ്‌സിന്റെ ‘ഐസ് ബ്രേക്ക് വിത്ത് വീണ’ എന്ന പരിപാടിയിലാണ് തന്റെ മകനും ജഗതി ശ്രീകുമാറിന്റെ മകളും തമ്മിലുള്ള വിവാഹത്തെ കുറിച്ചും ജഗതിയുടെ മകള്‍ പാര്‍വതിയെ വിവാഹത്തിന് മുന്‍പ് മതം മാറ്റിയതിന് പിന്നിലുള്ള കഥകളെ കുറിച്ചും പി.സി ജോര്‍ജ് വിശദീകരിച്ചത്.
മതം മാറ്റിയ ശേഷമേ മകളെ ഈ വീട്ടിലേക്ക് വിവാഹം ചെയ്ത് അയക്കൂവെന്ന് ജഗതി അന്ന് നിര്‍ബന്ധം പിടിച്ചതെന്നും ഹിന്ദുവായി തന്നെ അവള്‍ ഇവിടെയും ജീവിച്ചാല്‍ മതിയെന്നായിരുന്നു തങ്ങളുടെ നിലപാടെന്നും പി.സി ജോര്‍ജ് അഭിമുഖത്തില്‍ പറയുന്നു.
മകനും പാര്‍വതിയും തമ്മില്‍ ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോള്‍ ഒരു എതിര്‍പ്പും പറഞ്ഞിട്ടില്ലെന്നും എത്രയും പെട്ടെന്ന് വിവാഹം നടത്തണമന്നായിരുന്നു തനിക്ക് താത്പര്യമെന്നും എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷം മതി വിവാഹമെന്ന് ജഗതി ശ്രീകുമാര്‍ നിലപാടെടുക്കുകയായിരുന്നെന്നും ജോര്‍ജ് പറയുന്നു. എന്നാല്‍ മക്കളുടെ കാര്യത്തില്‍ പല വിവാദങ്ങളും പച്ചക്കള്ളങ്ങളും വാര്‍ത്തയായി വന്നതോടെ എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് ജഗതി ആവശ്യപ്പെടുകയായിരുന്നെന്നും വിവാഹത്തിന് മുന്‍പായി തന്റെ വീട്ടില്‍ എത്തിയ ജഗതി മകളെ മതംമാറ്റണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നെന്നും പി.സി ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു.
‘ ചെറുക്കന്‍ ക്രിസ്ത്യാനിയും പെണ്ണ് ഹിന്ദുവും ആയതുകൊണ്ട് വിവാഹം പള്ളിയില്‍ വെച്ച് നടത്താമോ എന്ന് ഞാന്‍ ഇവിടെ പിതാവിനോട് ചോദിച്ചിരുന്നു. നിയമം അനുസരിച്ച് പള്ളിയില്‍ വെച്ച് തന്നെ വിവാഹം നടത്താമെന്ന് അച്ചനും പറഞ്ഞു. അങ്ങനെ പള്ളിയില്‍ വെച്ച് വിവാഹം നടത്താനിരിക്കുമ്പോള്‍ ഒരു ദിവസം ജഗതി ഫോണില്‍ വിളിച്ച്, ഞാന്‍ അങ്ങോട്ട് വരുന്നു എന്ന് പറഞ്ഞു. അങ്ങനെ ഇവിടെ എത്തിയ ശേഷം എന്നോട് ചോദിച്ചു, വിവാഹശേഷം ഇവര്‍ ഈരാറ്റുപേട്ടയാണോ അതോ തിരുവനന്തപുരത്താണോ താമസിക്കാന്‍ പോകുന്നതെന്ന്. എന്റെ മകന്‍ ഈരാറ്റുപേട്ട തന്നെ താമസിക്കാനാണ് സാധ്യതയെന്നും ദത്തുവരാന്‍ താത്പര്യപ്പെടുമെന്ന് തോന്നുന്നില്ലന്നും ഞാന്‍ പറഞ്ഞു,
അവനോട് ചോദിക്കാമെന്ന് പറഞ്ഞ് അവനോടും അഭിപ്രായം ചോദിച്ചു. ഞാന്‍ ഇവിടെത്തന്നെ താമസിക്കുമെന്നും ഇവിടം വിട്ട് പോകില്ലെന്നും അവന്‍ പറഞ്ഞു. നന്നായി, എനിക്കിഷ്ടപ്പെട്ടു എന്നായിരുന്നു ജഗതിയുടെ മറുപടി. പക്ഷേ ഒരു കാര്യമുണ്ടെന്നും ഇവിടെയാണ് നിങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മകളെ നിങ്ങള്‍ ക്രിസ്ത്യാനിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിന്റെ ആവശ്യമെന്താണെന്നും ഹിന്ദുവായിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും ഞാന്‍ പറഞ്ഞു. എം.എല്‍.എയ്ക്ക് അത് പറയാമെന്നും എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ ഒക്കില്ലെന്നുമായിരുന്നു ജഗതിയുടെ മറുപടി. ‘ഞാനും എം.എല്‍.എയുമെല്ലാമങ്ങ് മരിച്ചു പോകും. ഇത് കഴിഞ്ഞ് ഷോണും പാര്‍വതിയും മക്കളും കൂടി ജീവിക്കണം. അത് കഴിഞ്ഞ് ഷോണും പാര്‍വതിയും മരിക്കുന്ന ഒരു കാലം വരും. അപ്പോള്‍ ഷോണിനെ നിങ്ങള്‍ നിങ്ങളുടെ കുടുംബകല്ലറയില്‍ കൊണ്ടുപോയി അടക്കും, എന്റെ മകളെ നിങ്ങള്‍ എവിടെയാ അടക്കുന്നത് തെമ്മാടിക്കുഴിയിലോ?
അങ്ങേര് ചോദിച്ചതാണ്.
ഒന്നുകില്‍ ഇവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് ജീവിക്കാം, അവിടെ എല്ലാം ശ്മശാനമാണ്. ഈരാറ്റുപേട്ടയിലാണെങ്കില്‍ എന്റെ മകളെ നാളെ ക്രിസ്ത്യാനിയാക്കണം, എന്നാലേ വിവാഹം നടക്കൂവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പുള്ളിയാണ് പറഞ്ഞത്, ഞാനല്ല. എന്നിട്ട് അദ്ദേഹം തന്നെയാണ് പള്ളീലച്ചന്റെയടുത്ത് പോയതും മകളെ മാമോദീസ മുക്കിയതും. അങ്ങനെ അച്ചന്‍ എന്നെ വിളിച്ചു ജഗതി ശ്രീകുമാര്‍ വന്നിരുന്നെന്നും മകളെ മാമോദീസ മുക്കണമെന്ന് പറഞ്ഞെന്നും പറഞ്ഞു. അല്‍ഫോണ്‍സാ എന്നോ മറ്റോ ഒരു പേരും ഇട്ടു. ഞാന്‍ അവളെ പാറു എന്നാണ് വിളിക്കുന്നത്, പി.സി ജോര്‍ജ്ജ് പറഞ്ഞു നിര്‍ത്തി.
സ്ത്രീധന തുകയൊക്കെ കൃത്യമായി പറഞ്ഞുറപ്പിച്ചാണ് വിവാഹം നടത്തിയതെന്ന തരത്തില്‍ വാര്‍ത്ത കേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് ഒരു നയാപൈസ പോലും സ്ത്രീധനമായി വാങ്ങിയിട്ടില്ലെന്നും അങ്ങേര് ജീവിച്ചിരിപ്പുണ്ടല്ലോ ഈ നിമിഷം വരെ സ്ത്രീധനമായോ അല്ലാതെയോ ഒരു രൂപയെങ്കിലും വാങ്ങിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റിക്ക് ഞാനടിക്കുമെന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.
ഈ നിമിഷം വരെ ഒരു പൈസ വാങ്ങിയിട്ടില്ല. എപ്പോള്‍ ഈ വഴി വന്നാലും അദ്ദേഹം ഈ വീട്ടില്‍ വരും. ഒരു ദിവസം വന്നപ്പോള്‍ എന്നോട് ചോദിച്ചു രൂപയായോ സ്ഥലമായോ മകള്‍ക്ക് എന്തെങ്കിലും കൊടുക്കണമെന്നുണ്ട് എന്ന്. അത് എനിക്ക് കേള്‍ക്കുകയേ വേണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എനിക്ക് പണം ആവശ്യമില്ലെന്നും നിങ്ങള്‍ നിങ്ങളുടെ മകള്‍ക്ക് എന്തുകൊടുക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കില്ലെന്നും പറഞ്ഞു. അവള്‍ എന്റെ മകളാണ്. കല്യാണത്തിന് പോലും ഒരു പൈസ ഞാന്‍ ആരെക്കൊണ്ടും ചെലവാക്കിച്ചിട്ടില്ല. എന്റെ പോക്കറ്റില്‍ നിന്നാണ് പണം ചെലവഴിച്ചത്, പി.സി ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക