| Monday, 24th June 2024, 10:34 pm

തെലങ്കാനയില്‍ ബി.ആര്‍.എസിന് തുടർച്ചയായ തിരിച്ചടി; എം.എല്‍.എ സഞ്ജയ് കുമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ആര്‍.എസിന് വീണ്ടും തിരിച്ചടി. ജഗതിയാല്‍ എം.എല്‍.എ സഞ്ജയ് കുമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ ചേരുന്ന അഞ്ചാമത്തെ ബി.ആര്‍.എസ് എം.എല്‍.എയാണ് സഞ്ജയ് കുമാര്‍.

കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ആര്‍.എസ് എം.എല്‍.എയും മുന്‍ അസംബ്ലി സ്പീക്കറുമായ പോച്ചാരം ശ്രീനിവാസ് റെഡ്ഡി ബി.ആര്‍.എസ് വിട്ടിരുന്നു.

Also Read: 18ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം: ഭരണഘടന ഉയർത്തി ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം

സഞ്ജയ് കുമാറിനെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാം തവണയാണ് ജഗതിയാല്‍ മണ്ഡലത്തില്‍ നിന്ന് സഞ്ജയ് കുമാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

മുഖ്യമന്ത്രിയും കൃഷി മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് പോച്ചാരം ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പോച്ചാരം ശ്രീനിവാസനോട് ഒരു മൂത്ത സഹോദരനെന്ന നിലയില്‍ പിന്തുണ നല്‍കാന്‍ രേവന്ത് റെഡ്ഡി അഭ്യര്‍ത്ഥിക്കുകയായിരുന്നു.

Also Read: തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ്; വിമാനത്തിന് പുറമെ അയോധ്യയിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകളും വെട്ടിക്കുറച്ചു

വരും ദിവസങ്ങളില്‍ കൂടുതല്‍ ബി.ആര്‍.എസ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ബി.ആര്‍.എസ് എം.എല്‍.എമാരായ കഡിയം ശ്രീഹരി, ദാനം നാഗേന്ദര്‍, തെല്ലം വെങ്കട്ട് റാവു എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഇവരെ കൂടാതെ ഹൈദരാബാദ് മേയര്‍ വിജയലക്ഷ്മി ആര്‍. ഗദ്വാള്‍ ഉള്‍പ്പെടെ നിരവധി ബി.ആര്‍.എസ് നേതാക്കളാണ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Also Read: സർദാർ സരോവർ പദ്ധതി: കുടിയിറക്കപ്പെട്ട ദളിത്, ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാവശ്യപ്പെട്ട് മോദിക്ക് കത്ത്

ബി.ആര്‍.എസ് എം.എല്‍.എമാരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ആര്‍.എസ് നേതാവ് ശ്രാവണ്‍ ദാസോജു പ്രതികരിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടപ്പിലാക്കിയ നിയമങ്ങള്‍ക്ക് എതിരായാണ് തെലങ്കാന മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Content Highlight: Jagathiyal BRS MLA Sanjay Kumar left the party and joined the Congress

We use cookies to give you the best possible experience. Learn more