ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ തുറന്ന വേദി കിട്ടി എന്നതാണ് സോഷ്യല്‍ മീഡിയ വ്യാപകമായതോടെ വന്ന ഒരു പ്രധാനമാറ്റം. ഇതിന് ഗുണവും ദോഷവുമുണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഒരു വിഷയത്തിലുള്ള പൊതുവികാരം അറിയാനുള്ള ഒരു മാധ്യമമായി മാറി. ഈ മാറ്റം സിനമാ മേഖലയിലും ശക്തമായിരുന്നു. ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്നെ അതിനെ പറ്റിയുള്ള പല അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയ വഴി അറിയാനായി.
സിനിമകളെ പറ്റി രസകരമായ പല ചര്‍ച്ചകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ജഗതി ശ്രീകുമാറിന്റെ ചില സിനിമകളും കഥാപാത്രങ്ങളുമാണ്. മുമ്പ് അദ്ദേഹം ചെയ്ത പല രംഗങ്ങളും പുതിയ സിനിമകളുടെ പേരുമായി കൂട്ടിച്ചേര്‍ത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ വെള്ളാട്ടപ്പോക്കറെ റോഷാക്കാക്കിയും നന്ദനത്തിലെ കുമ്പിടിയെ മഹാവീര്യറാക്കിയും, ഭഗീരഥന്‍ പിള്ളയെ ഹൃദയം സിനിമയില്‍ വെച്ചുമൊക്കെ ചിത്രങ്ങളുണ്ട്. രണ്ട്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, നല്ല സമയം, ഡിയര്‍ ഫ്രണ്ട്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നൈറ്റ് ഡ്രൈവ്, ന്നാ താന്‍ കേസ് കൊട്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും ജഗതിയെ വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന ജഗതിക്ക് 2012 മാര്‍ച്ച് മാസം തേഞ്ഞിപ്പലത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. അതിനുശേഷം അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്തു. അപകടത്തിന് ശേഷം ഏഴു വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാര്‍ വീണ്ടും ജീവിതത്തിലോട്ട് മടങ്ങി വന്നത്.
മമ്മൂട്ടിയുടെ സി.ബി.ഐ. ദി ബ്രെയ്‌നില്‍ നീണ്ട ഇടവേളക്ക് ശേഷം അദ്ദേഹം അഭിനയിച്ചിരുന്നു. വിക്രം എന്ന ഐകോണിക് ക്യാരക്ടറായിട്ട് തന്നെയാണ് അദ്ദേഹം സിനിമയിലെത്തിയത്. സിനിമക്കെതിരെ വലിയ വിമര്‍ശനം വന്നെങ്കിലും ജഗതിയുടെ കഥാപാത്രക്കിന് കയ്യടി ലഭിച്ചിരുന്നു.
Content Highlight: jagathi’s troll photos with new films became viral on social media