അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഹൈദരാബാദിലെ അനധികൃത കെട്ടിടം ബുള്‍ഡോസര്‍ ചെയ്തു. പിന്നാലെ നടപടിയ്ക്ക് നേതൃത്വം നല്‍കിയ ഐ.എ.എസ് ഓഫീസറെ തെലങ്കാന സര്‍ക്കാര്‍ സ്ഥലം മാറ്റി. ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ കൂടിയാണ് നടപടി.
ഗ്രേറ്റര്‍ ഹൈദരാബാദ് മുൻസിപ്പൽ കോര്‍പ്പറേഷന്റെ സോണല്‍ കമ്മീഷണറായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഭോര്‍കോഡ് ഹേമന്ത് സഹദേവറാവുവിനെയാണ് സ്ഥലം മാറ്റിയത്. സര്‍ക്കാരിന്റെ ഉന്നതതല നേതൃത്വത്തെ അറിയിക്കാതെ നടപടിയെടുത്തതിനാലാണ് തീരുമാനം.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ലോട്ടസ് പോണ്ട് വസതിക്ക് പുറത്തായി റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച രണ്ട് താത്കാലിക ഷെഡുകള്‍ പൊളിച്ചുമാറ്റാനാണ് സഹദേവറാവു അനുമതി നല്‍കിയത്. ലോട്ടസ് പോണ്ട് ഉള്‍പ്പെടുന്ന പ്രദേശം തെലങ്കാന മുന്‍സിപ്പില്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗമാണ്.
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍ റെഡ്ഡിയുടെ സുരക്ഷയ്ക്കായി പണിത ഷെഡുകളാണ് ഇവ. എന്നാല്‍ ഇതിനെതിരെ യാത്രക്കാര്‍ വ്യാപകമായി പരാതി ഉയര്‍ത്തുകയും ചെയ്തിരുന്നു. നിലവില്‍ ജഗന്‍ റെഡ്ഡി മുഖ്യമന്ത്രി അല്ലാത്തതിനാല്‍ ഇത്തരത്തില്‍ ഒരു സുരക്ഷയുടെ ആവശ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെഡുകള്‍ പൊളിച്ചുനീക്കിയത്.
നടപടി ഉന്നതതലത്തെ അറിയിച്ചിരുന്നെങ്കില്‍ ആ വിവരം മുന്‍ മുഖ്യമന്ത്രിയുടെ വൃത്തങ്ങളിലേക്ക് എത്തുമായിരുന്നുവെന്ന് ഏതാനും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ആന്ധ്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടി വിജയിച്ചതോടെയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. തുടര്‍ന്ന് ടി.ഡി.പിയുടെ എന്‍. ചന്ദ്രബാബു നായിഡു പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. കനത്ത തോല്‍വിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് നേരിട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിലും മോശം പ്രകടനമാണ് വൈ.എസ്.ആര്‍ സംസ്ഥാനത്ത് നടത്തിയത്.
Content Highlight: Jagan Mohan Reddy’s illegal building was bulldozed