| Saturday, 27th May 2023, 9:27 pm

ജഗന്‍ മോഹന്‍ റെഡ്ഡി ഒരു സൈക്കോ ; അദ്ദേഹം സംസ്ഥാനത്തെ ദാരിദ്ര്യം നിറഞ്ഞതാക്കി മാറ്റി: ചന്ദ്രബാബു നായിഡു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡി ഒരു സൈക്കോ ആണെന്ന് ടി.ഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. അദ്ദേഹം സംസ്ഥാനത്തെ  ദാരിദ്ര്യം നിറഞ്ഞതാക്കി മാറ്റിയെന്നും ചന്ദ്രബാബു കുറ്റപ്പെടുത്തി.

‘ജഗന്‍ മോഹന്‍ റെഡ്ഡി ഒരു സൈക്കോയാണ്. സാമ്പത്തികം ദുരുപയോഗം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ സംസ്ഥാനത്തെ ദാരിദ്ര്യം നിറഞ്ഞതാക്കി മാറ്റി. വികസനത്തിനായി വലിയ തുക ചെലവഴിച്ചെങ്കിലും ഒന്നും നടന്നില്ല,’ ചന്ദ്രബാബു വിമര്‍ശിച്ചു. തന്റെ പാര്‍ട്ടിയുടെ ദ്വിദിന വാര്‍ഷിക പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15,000 നേതാക്കളും ലക്ഷക്കണക്കിന് അനുയായികളുമാണ് ആദ്യ ദിനം പരിപാടിയില്‍ പങ്കെടുത്തത്.

ദാരിദ്ര്യമനുഭവിക്കുന്ന മുന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തെ സംബന്ധിച്ചുള്ള പ്രമേയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ദേഹം സംസാരിച്ചു. ആന്ധ്രാപ്രദേശിന്റെ വരുമാനം ഒരു സമയത്ത് തെലങ്കാനയേക്കാള്‍ കൂടുതലായിരുന്നുവെന്നും എന്നാലിപ്പോള്‍ വരുമാനം വളരെ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ജഗന്‍ മോഹന്‍ സര്‍ക്കാര്‍ ആദ്യദിനം മുതല്‍ സംസ്ഥാനത്തെ നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചന്ദ്രബാബു കൂട്ടിച്ചേര്‍ത്തു.

‘2019ല്‍ ആന്ധ്രാപ്രദേശിന്റെ വരുമാനം 66786 കോടിയും തെലങ്കാനയുടെ വരുമാനം 69620 കോടിയുമായിരുന്നു. 2022-2023 കാലയളവില്‍ ആന്ധ്രാപ്രദേശിന്റെ വരുമാനം 94961 കോടിയാണ്. ഈ വര്‍ഷം തെലങ്കാനയുടെ വരുമാനം 13,21175 കോടിയായി ഉയര്‍ന്നതായും ചന്ദ്രബാബു പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്നത് തെലങ്കാനയുടെ വരുമാനം 37,259 കോടി ആയി വര്‍ധിച്ചു എന്നതാണ്,’ അദ്ദേഹം പറഞ്ഞു.

ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തില്‍ വന്നതിന് ശേഷം അദ്ദേഹത്തിന്റെ ദുര്‍ഭരണം മൂലം രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനത്തില്‍ ഏറെ മാറ്റം വന്നുവെന്നും ചന്ദ്രബാബു കുറ്റപ്പെടുത്തി.

‘ഇരു സംസ്ഥാനങ്ങളുടെയും വരുമാനം 2019ല്‍ ഒരുപോലെയായിരുന്നു. എന്നാല്‍ ജഗന്‍ അധികാരത്തില്‍ വന്നതിന് ശേഷം അദ്ദേഹത്തിന്റെ ദുര്‍ഭരണം മൂലം രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനത്തില്‍ ഏറെ മാറ്റം വന്നു. തെലങ്കാനയുടെ വരുമാനം ആന്ധ്രാപ്രദേശിനേക്കാള്‍ 40 ശതമാനം കൂടുതലാണ്. ടി.ഡി.പി ഭരണക്കാലത്തെ വികസനമാണ് ഇതിന് കാരണം,’ ചന്ദ്രബാബു പറഞ്ഞു.

2024ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കാന്‍ ചന്ദ്ര ബാബു നായിഡു അണികളോട് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി നേതാക്കളുമായും പ്രതിനിധികളുമായും വികസന തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. വികസനത്തിനായി തങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

contenthighlight: Jagan mohan reddy is a pdycho: Chandra babu naidu

We use cookies to give you the best possible experience. Learn more