അമരാവതി: മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയിലെ സ്വകാര്യ വസതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് അയച്ചു.
നിയമം ലംഘിച്ച് അനധികൃതമായാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കാണിച്ച് ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് നല്‍കിയത്.
ചന്ദ്രബാബു നായിഡുവും കുടുംബവും എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗനേനി രമേശില്‍ നിന്ന് ലീസിനിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന് ലിംഗനേനി മറുപടി നല്‍കിയിരുന്നു.
എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡവലപ്‌മെന്റ് അതോറിറ്റി പറഞ്ഞു. അമരാവതിയിലുള്ള ബംഗ്ലാവില്‍ നിന്നും എത്രയും പെട്ടെന്ന് ഒഴിയണമെന്നും കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിച്ചെന്നും ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞ ജൂണിലാണ് നോട്ടീസ് നല്‍കിയത്.
നായിഡുവിന്റെ വസതിക്ക് സമീപത്തായി എട്ട് കോടി രൂപ ചിലവഴിച്ച് അദ്ദേഹം പണികഴിപ്പിച്ച ‘പ്രജാ വേദിക’എന്ന പേരിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ നേരത്തെ പൊളിച്ചുമാറ്റിയിരുന്നു.
നായിഡുവിന്റെ ബംഗ്ലാവായ ലിംഗമാനേനി ഗസ്റ്റ് ഹൗസാണ് പൊളിച്ചു നീക്കുന്നത്. ഗുണ്ടൂര്‍ ജില്ലയിലെ കൃഷ്ണനദീ തീരത്താണ് ബംഗാവ്. നദീസംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ് ബംഗ്ലാവ് പണിതതെന്നും കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ചപ്പോഴുണ്ടായ എല്ലാ ലംഘനവും ഇവിടേയും സംഭവിച്ചിട്ടുണ്ടെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു.
സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ നിയമലംഘനം നടത്തിയത് തുടര്‍ന്നുപോകാന്‍ കഴിയില്ലെന്നതുകൊണ്ടാണ് കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചുമാറ്റിയതെന്നും ഹരിത ട്രൈബ്യൂണലിന്റേയും നദീതടസംരക്ഷണ ആക്ടും ലംഘിച്ചുകൊണ്ടാണ് പണിതതെന്ന് വ്യക്തമാകുകയും ചെയ്തസാഹചര്യത്തിലായിരുന്നു നടപടിയെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2016 മുതല്‍ കൃഷ്ണ നദീ തീരത്തുള്ള വസതിയിലാണ് ചന്ദ്രബാബു നായിഡു താമസിച്ചത്. ഹൈദരാബാദില്‍ നിന്നും അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനെ തുടര്‍ന്നായിരുന്ന ഇത്.
പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്. ആന്ധ്രാപ്രദേശ് കാപിറ്റല്‍ റീജിയന്‍ അതോറിറ്റിയായിരുന്നു ഹാള്‍ നിര്‍മ്മിച്ചുനല്‍കിയത്. വസതിയോട് ചേര്‍ന്നുതന്നെയായിരുന്നു ഹാളും നിര്‍മിച്ചത്.
ഔദ്യോഗിക കാര്യങ്ങള്‍ക്കായി തുടര്‍ന്നും ഓഫീസ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നായിഡു ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ വസതിയായി ഹാള്‍ ഉള്‍പ്പെടെ അനുവദിച്ചു തരണമെന്നായിരുന്നു കത്തിലെ ആവശ്യം.