ഹൈദരാബാദ്: വിശാഖപട്ടണത്തെ പോളിമര്‍ കമ്പനിയില്‍ രാസവാതക ചോര്‍ച്ച മൂലമുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍.
മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയാണ് സഹായ ധനം പ്രഖ്യാപിച്ചത്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അടിയന്തരസഹായമായി 25000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. രാസവാതക ചോര്‍ച്ച ബാധിക്കപ്പെട്ട 15000 കുടുംബങ്ങള്‍ക്ക് 10000 രൂപയുടെ സര്‍ക്കാര്‍ ധനസഹായവും നല്‍കുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. എല്ലാവരുടേയും ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അതേസമയം വിഷവാതക ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് ആന്ധ്ര സര്‍ക്കാരിനും കേന്ദ്രത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കത്തയച്ചു.
ഇരകളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും കൊവിഡ് വൈറസ് പടരുന്നതുമൂലം രാജ്യമെമ്പാടുമുള്ള മനുഷ്യജീവിതം അപകടത്തിലാകുകയും വീടിനകത്ത് താമസിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ സംഭവിച്ച ഈ ദുരന്തം വലിയ ആഘാതമാണ് ജനങ്ങള്‍മേല്‍ ഉണ്ടാക്കിയതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
അതേസമയം വിഷയത്തില്‍ ഉന്നത തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പോളിമര്‍ കമ്പനിക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രിയില്‍ കഴിയുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
വിഷവാതകം ശ്വസിച്ച് എട്ട് പേരാണ് ഇതുവരെ മരണപ്പെട്ടത്. 246 പേര്‍ കിങ് ജോര്‍ജ് ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 20 പേര്‍ വെന്റിലേറ്ററിലാണ്. 800 ആളുകളെയാണ് ആര്‍.ആര്‍ വെങ്കിട്ടപുരത്തുനിന്നും ഒഴിപ്പിച്ചത്.
ആര്‍.ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമെര്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വാതക ചോര്‍ച്ച ഉണ്ടായത്. സ്റ്റെറീന്‍ വാതകമാണ് ഫാക്ടറിയല്‍ നിന്ന് ചോര്‍ന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ചയാണ് തുറന്നത്.
അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷ വാതകം ചോര്‍ന്നിരുന്നു. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.