ഹൈദരാബാദ്: വിശാഖപട്ടണത്തെ പോളിമര്‍ കമ്പനിയില്‍ രാസവാതക ചോര്‍ച്ച മൂലമുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍.
മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയാണ് സഹായ ധനം പ്രഖ്യാപിച്ചത്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അടിയന്തരസഹായമായി 25000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. രാസവാതക ചോര്‍ച്ച ബാധിക്കപ്പെട്ട 15000 കുടുംബങ്ങള്‍ക്ക് 10000 രൂപയുടെ സര്‍ക്കാര്‍ ധനസഹായവും നല്‍കുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. എല്ലാവരുടേയും ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അതേസമയം വിഷവാതക ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് ആന്ധ്ര സര്‍ക്കാരിനും കേന്ദ്രത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കത്തയച്ചു.
ഇരകളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും കൊവിഡ് വൈറസ് പടരുന്നതുമൂലം രാജ്യമെമ്പാടുമുള്ള മനുഷ്യജീവിതം അപകടത്തിലാകുകയും വീടിനകത്ത് താമസിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ സംഭവിച്ച ഈ ദുരന്തം വലിയ ആഘാതമാണ് ജനങ്ങള്‍മേല്‍ ഉണ്ടാക്കിയതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.