ചെന്നൈ: ധനുഷ് നായകനായ ജഗമേ തന്തിരത്തില്‍ പ്രതിനായക വേഷത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയുമായിരുന്നെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ന്യൂസ് 18 ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ന്യൂയോര്‍ക്കിലായിരുന്നു ആദ്യം സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്. ലോകപ്രശസ്തരായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയും സമീപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരിക്കല്‍ അവരുടെ കാസ്റ്റിംഗ് ഏജന്റുമാരേയും മാനേജരേയും ഞങ്ങള്‍ ബന്ധപ്പെട്ടു,’ കാര്‍ത്തിക് പറയുന്നു.
എന്നാല്‍ അവരുടെ ബഡ്ജ്റ്റ് തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. പിന്നീട് സിനിമ ലണ്ടനിലേക്ക് മാറ്റിയെന്നും അങ്ങനെയാണ് ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്‌മോയെ കാസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനുഷിന്റെ നാല്‍പതാം ചിത്രമായ ജഗമേ തന്തിരം ലണ്ടനിലെ ഗ്യാങ്ങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം, വംശീയത, ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങള്‍ ഇവയെല്ലാമാണ് ചര്‍ച്ച ചെയ്യുന്നത്.
ലണ്ടനിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
ധനുഷിനോടൊപ്പം ജെയിംസ് കോസ്മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.
2020 മെയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ജഗമേ തന്തിരം. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടുപോകുകയായിരുന്നു.
തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ഒ.ടി.ടി. റിലീസിലേക്ക് കടക്കുകയായിരുന്നു.