പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പി.കെ.ആര്‍. പിള്ള നിര്‍മിച്ച് 1989ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു വന്ദനം. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ ഗിരിജ ഷെട്ടാര്‍ ആയിരുന്നു നായികയായത്.1987ലെ അമേരിക്കന്‍ ചിത്രമായ സ്റ്റേക്ക്ഔട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അമല, നാഗാര്‍ജുന എന്നിവരെ നായികാനായകന്മാരാക്കി പ്രിയദര്‍ശന്‍ വന്ദനം തെലുങ്കിലേക്ക് നിര്‍ണ്ണയം എന്ന പേരില്‍ പുനര്‍നിര്‍മിച്ചിരുന്നു. നായികയും നായകനും ഒന്നിക്കാതെയാണ് ഈ സിനിമ അവസാനിക്കുന്നതെങ്കിലും മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഇന്നും ഏറെ ആരാധകരുള്ള ഒന്നാണ് വന്ദനം.
ഈ സിനിമയുടെ സമയത്ത് താനും സംവിധായകന്‍ പ്രിയദര്‍ശനും തമ്മില്‍ ക്ലൈമാക്‌സിന്റെ പേരില്‍ ഒരുപാട് വഴക്ക് കൂടിയിട്ടുണ്ടെന്ന് പറയുകയാണ് ജഗദീഷ്. സിനിമയില്‍ നായകനും നായികയും ഒന്നിക്കണമെന്ന പക്ഷക്കാരനായിരുന്നു താനെന്നാണ് നടന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘വന്ദനം എന്ന സിനിമയുടെ സമയത്ത് ഞാനും പ്രിയദര്‍ശനും കൂടെ വഴക്ക് കൂടിയിട്ടുണ്ട്. ആ സിനിമയില്‍ നായകനും നായികയും ഒന്നിക്കണമെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ വലിയ വഴക്കും തര്‍ക്കവുമൊക്കെ നടന്നു.
കുട്ടിക്കാലത്ത് ഞാന്‍ എം.ടി സാറിന്റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ആ സിനിമകളൊക്കെ വളരെ സന്തോഷത്തോടെ കണ്ടിരുന്നിട്ട് അവസാനം വലിയ ട്രജഡിയാകും. നഗരമേ നന്ദി, മുറപ്പെണ്ണ് എന്നീ സിനിമകളൊക്കെ എന്റെ മനസിലൊക്കെ വലിയ ഇംമ്പ്രഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. വളരെ സങ്കടത്തോടെയാണ് ഞാന്‍ ഈ സിനിമകളൊക്കെ കണ്ടിട്ടുള്ളത്.
അതുകൊണ്ട് ചില സിനിമകള്‍ കാണുന്നതിന് മുമ്പ് ഞാന്‍ ആ സിനിമ കണ്ടവരോട് അതിനെ പറ്റി ചോദിക്കാറുണ്ട്. ‘കൂടുതല്‍ കഥയൊന്നും പറയണ്ട അവസാനം ഈ കുട്ടി രക്ഷപ്പെടുമോയെന്ന് മാത്രം പറഞ്ഞാല്‍ മതി’യെന്നാണ് ഞാന്‍ പറയാറുള്ളത്. രക്ഷപ്പെടുമെന്ന് പറഞ്ഞാല്‍ ഞാന്‍ ആ സിനിമ കാണും. ആ കുട്ടി രക്ഷപ്പെടില്ലെന്ന് പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാകും,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About Vandanam Movie Climax And Priyadarshan