മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വന്ദനം. മോഹന്‍ലാലിന് പുറമെ മുകേഷ്, ഗിരിജ ഷെട്ടാര്‍, ജഗദീഷ്, നെടുമുടി വേണു തുടങ്ങി വന്‍ താരനിര അണിനിരന്ന റോം കോം ചിത്രം റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം വന്ദനം പലരുടെയും ഇഷ്ടചിത്രമായി മാറി.
വന്ദനം സിനിമയുടെ ചിത്രീകരത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ശാരീരികമായി താന്‍ ഏറ്റവും കൂടുതല്‍ സ്‌ട്രെയിന്‍ എടുത്തിരിക്കുന്നത് വന്ദനം സിനിമയിലെ ചേസിങ് സീന്‍ എടുക്കുമ്പോഴായിരുന്നുവെന്ന് ജഗദീഷ് പറയുന്നു. സിനിമയില്‍ ഇപ്പോള്‍ കാണുന്നതിനേക്കാള്‍ ഒരുപാട് സമയം ഷൂട്ടിങ് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീറ്റില്ലാത്ത സൈക്കിള്‍ സീറ്റില്‍ ഇരിക്കുന്നത് ക്യാമറ ട്രിക്ക് അല്ലായിരുന്നെന്നും സീനില്‍ കാണിച്ചിരിക്കുന്നതിന്റെ പകുതി വേദനയൊക്കെ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നെന്നും ജഗദീഷ് പറഞ്ഞു.
‘ഫിസിക്കലി ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌ട്രെയിന്‍ എടുത്തിരിക്കുന്നത് വന്ദനം സിനിമയിലെ ചേസിങ് സീന്‍ എടുക്കുമ്പോഴായിരുന്നു. അതൊരുപാട് ബുദ്ധിമുട്ടിയെടുത്ത രംഗമായിരുന്നു. ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നത് എത്ര മിനിറ്റാണോ അതിനേക്കാള്‍ ഒരുപാട് നേരമായിരുന്നു ഷൂട്ടിംഗ് ടൈം. എന്നും രാവിലെ എട്ട് മണി മുതല്‍ ഒന്‍പത് മണി വരെ, അല്ലെങ്കില്‍ ഏഴര മണി മുതല്‍ ഒന്‍പതര മണി വരെ ആ രംഗം ഷൂട്ട് ചെയ്യും.
ബെംഗളൂരുവിലെ തിരക്കിന് മുമ്പ് അത് പ്രിയന് ഷൂട്ട് ചെയ്യണമായിരുന്നു. എന്നും രാവിലെ ആ രംഗത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ആഹാരം വരെ കഴിച്ചിരുന്നത്. അങ്ങനെ കുറെ ദിവസം ഷൂട്ട് ചെയ്തതാണ് നിങ്ങള്‍ ഇപ്പോള്‍ സ്‌ക്രീനില്‍ കാണുന്നത്. ആ രംഗത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ചെന്നൈയിലെ സെറ്റിലും ഷൂട്ട് ചെയ്തിട്ടുണ്ട്. എന്നും രാവിലെ ഒരു രണ്ടു മണിക്കൂര്‍ വെച്ച് കുറെ ദിവസം ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് കാണിക്കുന്നത്.
അതില്‍ എന്നെ കമ്പിയിലിട്ട് പൊക്കിയിട്ടാണ് പോകുന്നത്. കുറെ ആളുകള്‍ ചോദിച്ചു ആ സീറ്റ് ഇല്ലാതെ സൈക്കിളില്‍ ഇരുന്നതൊക്കെ എന്താ സംഭവമെന്ന്, യഥാര്‍ത്ഥത്തില്‍ അതിന്റെ പകുതിയൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെ ക്യാമറ ട്രിക്ക് ഒന്നും ഇല്ല. സഹിക്കാന്‍ കഴിയാത്ത വേദന ഒന്നും അല്ല, പക്ഷെ അത്ര സുഖമുള്ള കാര്യവുമല്ല,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About Vandanam movie