കോമഡികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ജഗദീഷ്. ഈയിടെയായി അദ്ദേഹം അച്ഛന്‍ കഥാപാത്രങ്ങളെയാണ് കൂടുതലും അവതരിപ്പിക്കുന്നത്. 2023ല്‍ ഇറങ്ങിയ ഫാലിമിയിലും ഈയിടെ പുറത്തിറങ്ങിയ വാഴ എന്ന സിനിമയിലുമൊക്കെ അച്ഛന്‍ കഥാപാത്രമായാണ് ജഗദീഷ് എത്തിയത്.
ഇരുസിനിമകളിലെയും അഭിനയത്തിന് അദ്ദേഹത്തിന് മികച്ച അഭിപ്രായം നേടാന്‍ സാധിച്ചിരുന്നു. ഫാലിമി സിനിമയിലെ അച്ഛനല്ല വാഴയിലെ അച്ഛനെന്നും അയാളുടെ പെരുമാറ്റങ്ങളും ചലനങ്ങളും ഇമോഷന്‍സുമെല്ലാം വ്യത്യസ്തമാണെന്നും ജഗദീഷ് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നില്‍ നിന്ന് എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അതാണ് ഞാന്‍ ചെയ്യേണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു അച്ഛന്റെ സ്റ്റേജിലാണ്. അതില്‍ നിന്നുകൊണ്ട് എങ്ങനെ വെറൈറ്റി കൊടുക്കാമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വേണമെങ്കില്‍ ഫ്ളാഷ്ബാക്കില്‍ രണ്ട് സീനിലൊക്കെ റൊമാന്‍സ് കൊടുക്കാം.
അത് ചിലപ്പോള്‍ ജനം സഹിക്കും. ഡി ഏജിങ്ങോ ഗ്രാഫിക്സോ ഇല്ലാതെ തന്നെ കുറച്ചൊക്കെ പിടിച്ചുനില്‍ക്കാം (ചിരി). കഥാപാത്രത്തിന്റെ വ്യത്യസ്തത കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ സിനിമയിലെയും അച്ഛന്‍മാര്‍ വ്യത്യസ്തരായിരിക്കണം എന്നാണ്.
ഫാലിമിയിലെ അച്ഛനല്ല വാഴയിലെ അച്ഛന്‍. അയാളുടെ പെരുമാറ്റങ്ങളും ചലനങ്ങളും ഇമോഷന്‍സുമെല്ലാം വ്യത്യസ്തമാകണം. ആ വ്യത്യാസം എനിക്ക് കൊണ്ട് വരാന്‍ പറ്റുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. ആ രണ്ട് പടങ്ങളും നന്നായി വിജയിച്ചു. അതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.
ഫാലിമിയില്‍ ഒരു സീനില്‍ പ്രേക്ഷകരെ കരയിച്ചിട്ടുണ്ട്. വാഴയിലെ ക്ലൈമാക്‌സിലെ എന്റെ സീന്‍ കണ്ടിട്ട് ഒരുപാട് ആളുകള്‍ കണ്ണ് നിറഞ്ഞെന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. റിവ്യൂസിലെല്ലാം പറഞ്ഞിട്ടുമുണ്ട്. ലീഡിങ് റിവ്യൂവേഴ്‌സെല്ലാം പറഞ്ഞിരിക്കുന്നത് ഞാന്‍ ആ ക്ലൈമാക്‌സ് സീനില്‍ വളരെ നന്നായിട്ടുണ്ടെന്നാണ്. അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നി,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About Vaazha Movie Climax