2012ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ തോമസ് സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. സഹതാരമായി തന്റെ കരിയര്‍ ആരംഭിച്ച ടോവിനോ ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായകനടനാണ്.
ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷത്തില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം പൂര്‍ണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്.
ടോവിനോ ടോവിനോയോട് തന്നെ മത്സരിക്കുന്ന അഭിനേതാവാണെന്ന് പറയുകയാണ് ജഗദീഷ്. അദ്ദേഹം ഒരിക്കലും അയാളിലെ നടനില്‍ തൃപ്തനല്ലെന്നും ഒരു ഷോട്ട് ഡയറക്ടര്‍ ഓക്കേ പറഞ്ഞാലും വീണ്ടും എടുക്കാമെന്ന് ടോവിനോ പറയുമെന്നും ജഗദീഷ് പറയുന്നു. എഫ്.റ്റി.ക്യൂ. വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജഗദീഷ്.
‘ടോവിനോയെ സംബന്ധിച്ചിടത്തോളം ടോവിനോ എപ്പോഴും അദ്ദേഹവുമായി മത്സരിക്കും. അത് നല്ല ക്വാളിറ്റി ആയിട്ട് എനിക്ക് തോന്നി. വളരെ നല്ല ക്വാളിറ്റി ആണത്. കാരണം ഒരു ഷോട്ടിലൊന്നും ടോവിനോ തൃപ്തനല്ല. അയാള്‍ ഒരിക്കലും അയാളിലെ നടനിലും തൃപ്തനല്ല.
കൂടുതല്‍ മെച്ചപ്പെടുത്തികൊണ്ടിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകന്‍ ജിതിന്‍ ഓക്കേ പറഞ്ഞ ഷോട്ടുപോലും ഒരു വട്ടം കൂടെ എടുക്കാമെന്ന് ടോവിനോ പറയും. ടോവിനോ തന്നെ മത്സരിക്കും, എനിക്ക് തോന്നുന്നത് ഈ സിനിമയില്‍ തന്നെ ടോവിനോ കുഞ്ഞിക്കേളുവും മണിയനുമായും അജയനുമായും മത്സരിച്ചിരിക്കുകയാണ്.
അതില്‍ ആരാണ് ജയിച്ചിരിക്കുന്നതെന്ന് പ്രേക്ഷകര്‍ തീരുമാനിക്കണം. എന്തുകൊണ്ടാണ് നായകന്‍ എന്ന വിളിക്കുന്നത്, അത് നയിക്കുന്ന ആളായത് കൊണ്ടാണ്. നയിക്കുമ്പോള്‍ അതിന്റേതായിട്ടുള്ള സുഖവുമുണ്ട് ഉത്തരവാദിത്തവുമുണ്ട്,’ ജഗദീഷ് പറയുന്നു.
അതേ സമയം കൃതി ഷെട്ടി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും അജയന്റെ രണ്ടാം മോഷണത്തിനുണ്ട്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇന്ത്യയില്‍ ആദ്യമായി ആരി അലക്സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്.
Content Highlight: Jagadish Talks About Tovino Thomas