Entertainment news
ലോകത്ത് ആരും പറയാത്ത രീതിയില്‍ ചിന്തിക്കുന്ന ആളാണ് ആ നടന്‍: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 10:23 am
Saturday, 22nd February 2025, 3:53 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രീനിവാസന്റെ സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. ലോകത്ത് ആരും പറയാത്ത രീതിയില്‍ ചിന്തിക്കുന്ന ആളാണ് ശ്രീനിവാസനെന്ന് ജഗദീഷ് പറയുന്നു. വെയ്റ്റര്‍ വന്ന് ചായ വേണോയെന്ന് ചോദിക്കുന്ന ഒരു സീന്‍ ആണെങ്കില്‍ ‘വേണ്ടി വന്നേക്കും’ എന്നായിരിക്കും ശ്രീനിവാസന്റെ മറുപടിയെന്ന് ജഗദീഷ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ലോകത്ത് ആരും പറയാത്ത രീതിയില്‍ ചിന്തിക്കുന്ന ആളാണ് ശ്രീനിവാസന്‍. ഒരു സീനില്‍ വെയ്റ്റര്‍ വന്നിട്ട് ‘സാര്‍ ചായ?’ എന്ന് ചോദിച്ചാല്‍ ‘വേണ്ടി വന്നേക്കും’ എന്നായിരിക്കും ശ്രീനിവാസന്റെ ഡയലോഗ്.

ഇങ്ങനെ ലോകത്ത് ആരെങ്കിലും മറുപടി പറയുമോ (ചിരി). ഒന്നില്ലെങ്കില്‍ വേണം, അല്ലെങ്കില്‍ വേണ്ട എന്നായിരിക്കും നമ്മുടെ മറുപടി. എന്നാല്‍ ശ്രീനിവാസനെ സംബന്ധിച്ച് വേണ്ടി വന്നേക്കും എന്നാണ് മറുപടി കൊടുക്കുക.

ഇങ്ങനെയുള്ള സ്‌ട്രെയിന്‍ജ് ആയിട്ടുള്ള കോമഡികള്‍ ഉണ്ടാക്കുന്നതില്‍ ശ്രീനിവാസനെല്ലാം മിടുക്കനാണ്. അതിന്റെ കൂട്ടത്തിലെല്ലാം ഞാനും കുറച്ച് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയുകയുള്ളു,’ ജഗദീഷ് പറയുന്നു.

പ്രായിക്കര പാപ്പാന്‍ എന്ന സിനിമക്ക് മുമ്പ് മോഹന്‍ലാല്‍ തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ചും ജഗദീഷ് പറഞ്ഞു.

‘ആനയുടെ അടുത്ത് പോകുമ്പോള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക, നമ്മള്‍ ബിഹേവ് ചെയ്യുമ്പോള്‍ സംസാരത്തിലൊക്കെ ഒരു കണ്‍ട്രോള്‍ വേണം. കയ്യും കാലുമെല്ലാം എടുക്കുന്നത് സൂക്ഷിച്ച് വേണം’ എന്നെല്ലാം മോഹന്‍ലാല്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു.

അത് വളരെ വിലയേറിയ ഉപദേശമായിരുന്നു. കാരണം, നമ്മള്‍ സംസാരിക്കുമ്പോള്‍ കയ്യും കാലുമെല്ലാം എടുത്ത് ആക്ഷനെല്ലാം കാണിക്കുമല്ലോ. ആനയുടെ അടുത്ത് ചെന്ന് അതുപോലെ കയ്യും കാലുമെല്ലാം അനക്കിയാല്‍ ആന നമ്മള്‍ അതിനെ ഉപദ്രവിക്കാന്‍ പോകുകയാണെന്ന് കരുതി തുമ്പികൈകൊണ്ട് അടിക്കും,’ ജഗദീഷ് പറയുന്നു.

Content highlight: Jagadish talks about Sreenivasan