Entertainment
ആ മലയാള നടന്‍ ലോക സിനിമയുടെ തന്നെ ഒരു അത്ഭുതമാണ്; മറ്റൊരാളെ കൊണ്ടും അതിന് പറ്റില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 20, 02:10 am
Monday, 20th January 2025, 7:40 am

വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഒരു ഹാസ്യ താരമായി എത്തിയ ജഗദീഷ് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ മികച്ച സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് നടന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്രീനിവാസനെ കുറിച്ച് പറയുകയാണ് ജഗദീഷ്. ശ്രീനിവാസന്‍ ലോക സിനിമയുടെ തന്നെ ഒരു അത്ഭുതമാണെന്നാണ് നടന്‍ പറയുന്നത്.

98 സീനുകളുള്ള ഒരു സിനിമയാണെങ്കില്‍, വേണമെങ്കില്‍ ആദ്യ ദിവസം തന്നെ ശ്രീനിവാസന്‍ 97മത്തെ സീന്‍ എഴുതി കൊടുക്കുമെന്നും വേറെയൊരു എഴുത്തുകാരനെ കൊണ്ടും അതിന് പറ്റില്ലെന്നും ജഗദീഷ് പറഞ്ഞു. രേഖാചിത്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘നടന്‍ ശ്രീനിവാസന്‍ ലോക സിനിമയുടെ തന്നെ ഒരു അത്ഭുതമാണ്. അങ്ങനെ പറയാന്‍ കാരണവുമുണ്ട്. ഡീറ്റെയില്‍ ആയിട്ടുള്ള സ്‌ക്രീന്‍ പ്ലേ മുഴുവനും ശ്രീനി ഒരു സ്‌ക്രാപ്പ് പേപ്പറില്‍ ആയിരിക്കും എഴുതി വെയ്ക്കുക. അതിന്റെ മാര്‍ജിനില്‍ ഓരോ ദിവസവും ഡിസ്‌ക്കസ് ചെയ്യുന്ന കാര്യങ്ങള്‍ പോയിന്റുകളാക്കി എഴുതി വെയ്ക്കുകയും ചെയ്യും.

അവിടെ അത്ഭുതമെന്ന് പറയുന്നത് മറ്റൊന്നാണ്. സിനിമയില്‍ മൊത്തം 98 സീനുകള്‍ എടുക്കുന്നുണ്ടെന്ന് കരുതുക. അതില്‍ 97മത്തെ സീന്‍ വേണമെങ്കില്‍ ശ്രീനി ആദ്യം തന്നെ എഴുതി കൊടുക്കും. അത് വേറെ ഒരു എഴുത്തുകാരനെ കൊണ്ടും പറ്റില്ല.

കഥ ഡെവലപ്പ് ചെയ്യുന്ന രീതിയില്‍ ഒരു കഥാപാത്രം എങ്ങനെയാണ് സംസാരിക്കുകയെന്നും ആ കഥാപാത്രം എങ്ങനെയാണ് പെരുമാറുകയെന്നുമൊക്കെ തുടക്കത്തില്‍ മനസിലാക്കാന്‍ പറ്റില്ല. കുറഞ്ഞത് അഞ്ച് സീനുകളെങ്കിലും എഴുതി കഴിഞ്ഞാലാണ് ആ കാര്യങ്ങള്‍ പിടികിട്ടുക.

എന്നാല്‍ ശ്രീനിയാണങ്കില്‍ ആദ്യ ദിവസം തന്നെ 97മത്തെ സീന്‍ എഴുതി കൊടുക്കും. അതിന് ശ്രീനിവാസന് സാധിക്കും,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About Sreenivasan