നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യുന്ന ആളെ സ്‌ക്രീനില്‍ കാണുന്നത് ഇനി മുതല്‍ കുറവായിരിക്കുമെന്നും ലോജിക്ക് ചിന്തിക്കാത്ത ഒരു കാലം നമ്മുടെ സിനിമയില്‍ ഉണ്ടായിരുന്നെന്നും പറയുകയാണ് ജഗദീഷ്. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
സേതുരാമയ്യര്‍ സി.ബി.ഐ സിനിമയില്‍ ചുറ്റും നാട്ടുകാരൊക്കെ നില്‍ക്കുമ്പോഴാണ് സി.ബി.ഐ ഓഫീസര്‍ കേസിനെ കുറിച്ച് ഓരോന്നും വിസ്തരിച്ചു പറയുന്നതെന്നും പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെ നടക്കില്ലെന്നും ജഗദീഷ് പറയുന്നു. ഒരുപക്ഷെ അന്നത്തെ കഥക്ക് അത് ഓക്കെയായിരിക്കാമെന്നും നടന്‍ പറഞ്ഞു.
‘നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യുന്ന ആളെ സ്‌ക്രീനില്‍ കാണുന്നത് ഇനി മുതല്‍ കുറവായിരിക്കും. ലോജിക്ക് ചിന്തിക്കാത്ത ഒരു കാലം നമ്മുടെ സിനിമയില്‍ ഉണ്ടായിരുന്നു. അതിന് ഒരു ഉദാഹരണമാണ് സേതുരാമയ്യര്‍ സി.ബി.ഐ. ആ സിനിമയില്‍ ഞാനാണ് കൊലപാതകി.
അതില്‍ നാട്ടുകാരൊക്കെ നില്‍ക്കുമ്പോഴാണ് സി.ബി.ഐ ഓഫീസര്‍ കേസിനെ കുറിച്ച് ഓരോന്നും വിസ്തരിച്ചു പറയുന്നത്. അവരുടെയൊക്കെ മുന്നില്‍ വെച്ചാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യമാണോ അത്. അങ്ങനെ നാട്ടുകാരുടെ മുന്നില്‍ വെച്ച് സി.ബി.ഐ ഓഫീസര്‍ കേസിന്റെ കാര്യങ്ങള്‍ റിവീല്‍ ചെയ്യുമോ.
ഒരിക്കലും നടക്കാത്ത കാര്യമാണ് അത്. ഒരുപക്ഷെ അന്നത്തെ കഥക്ക് അത് ഓക്കെ ആയിരിക്കാം. അവിടെ ടെയിലര്‍ മണിയാണ് കൊലപാതകിയെന്ന് പറയുമ്പോള്‍ നമ്മള്‍ കയ്യടിച്ചിരുന്നു. ഇന്ന് സി.ബി.ഐ ഓഫീസര്‍ കേസിന്റെ വിശകലനം നടത്തുന്നത് ഒരു ക്ലോസ് ഡോറിലൊക്കെയാകും. അവര്‍ അസിസ്റ്റന്റ്‌സുമായൊക്കെ ഡിസ്‌ക്കസ് ചെയ്യും.
അങ്ങനെയല്ലാതെ നാട്ടുകാരുടെ മുന്നില്‍ വെച്ച് ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷെ ഇന്ന് കഥ എടുക്കുമ്പോള്‍ സേതുരാമയ്യര്‍ മറ്റൊരു രീതിയിലായിരിക്കും അവസാനം കേസിന്റെ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നത്. കഥകള്‍ക്ക് കാലത്തിന്റേതായ മാറ്റങ്ങള്‍ വരും.
പണ്ടൊന്നും സി.സി.ടി.വി ഇല്ലാത്തത് കൊണ്ട് കുറേ കേസുകള്‍ തെളിയിക്കാന്‍ പറ്റിയിട്ടില്ല. ഇന്നാണെങ്കില്‍ സിനിമ കാണുന്ന ആളുകള്‍ ‘അവിടെ എന്താ സി.സി.ടി.വിയില്ലേ’യെന്ന് ചോദിക്കും. അപ്പോള്‍ അതിന് വേണ്ടി നമ്മള്‍ കഥയില്‍ ചെറിയ മാറ്റം വരുത്തും. കഥ 10 കൊല്ലം മുമ്പ് നടക്കുന്ന സംഭവമാക്കും,’ ജഗദീഷ് പറഞ്ഞു.
സേതുരാമയ്യര്‍ സി.ബി.ഐ:
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ എത്തിയ സി.ബി.ഐ ഫിലിം സീരീസിലെ മൂന്നാം ഭാഗമാണ് സേതുരാമയ്യര്‍ സി.ബി.ഐ. കെ. മധു സംവിധാനം ചെയ്ത ചിത്രം 2004ലായിരുന്നു പുറത്തിറങ്ങിയത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു സേതുരാമയ്യര്‍ സി.ബി.ഐ.
മമ്മൂട്ടി സി.ബി.ഐ ഓഫീസറായ സേതുരാമയ്യര്‍ ആയി എത്തിയ സിനിമയില്‍ മുകേഷ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ജഗദീഷ്, സിദ്ദീഖ്, സായ് കുമാര്‍ തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. സിനിമയില്‍ ജഗദീഷ് ടെയിലര്‍ മണി ആയിട്ടാണ് എത്തിയത്.
Content Highlight: Jagadish Talks About Sethurama Iyer CBI Movie