പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പി.കെ.ആര്‍. പിള്ള നിര്‍മിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വന്ദനം. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ ഗിരിജ ഷെട്ടാര്‍ ആയിരുന്നു നായിക. വന്ദനത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ബെംഗളൂരുവില്‍ വെച്ചായിരുന്നു ചിത്രീകരിക്കപ്പെട്ടത്.
1987ലെ അമേരിക്കന്‍ ചിത്രമായ സ്റ്റേക്ക്ഔട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ നിര്‍മിച്ചത്. മോഹന്‍ലാലിന് പുറമെ ജഗദീഷും വന്ദനത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ ഏറ്റവും എഫേര്‍ട്ടെടുത്ത് ചെയ്ത ക്യാരക്ടര്‍ ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജഗദീഷ്.
‘ഓരോ ക്യാരക്ടറിനും കൊടുക്കുന്ന എഫേര്‍ട്ട് പല രീതിയിലാണ്. ഞാന്‍ ഫിസിക്കലായി ഏറ്റവും കൂടുതല്‍ അധ്വാനിച്ചത് വന്ദനം എന്ന സിനിമക്ക് വേണ്ടിയായിരുന്നു. അതിലെ ചേസിങ് സീനായിരുന്നു ഏറ്റവും അധ്വാനിച്ച് ചെയ്ത സീന്‍.
ബെംഗളൂരുവില്‍ വെച്ചാണ് ആ സീന്‍ ഷൂട്ട് ചെയ്യുന്നത്. അത് എത്ര ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തതെന്ന് അറിയുമോ. ഏകദേശം പതിനഞ്ച് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. പതിനഞ്ച് ദിവസം മുഴുവനായും ഷൂട്ട് ചെയ്തില്ല. പ്രിയന്‍ ദിവസവും രാവിലെ മൂന്ന് മണിക്കൂറാണ് ആ സീന്‍ ഷൂട്ട് ചെയ്യുക.
അതും ഏറ്റവും നല്ല ലൈറ്റിലാണ് ഷൂട്ട്. ആദ്യം തന്നെ റെഡിയായാല്‍ ഞാനും മോഹന്‍ലാലും ചേര്‍ന്ന് ഈ ചേസ് ഷൂട്ട് ചെയ്യും. ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് റെഡിയാകാന്‍ സമയം വേണമല്ലോ. അതിന്റെ ഇടയിലാണ് ഇത്. ക്യാമറാമാന്‍ കുമാറായിരുന്നു.
ആ സീനില്‍ സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാര്യം മനസിലാകും. ബാനര്‍ തലയിലൂടെ ഇട്ടിട്ട് സൈക്കില്‍ ചവിട്ടി പോകുന്ന സീനില്‍ ഒരു സര്‍ദാര്‍ജി റിയലായിട്ട് എന്നെ നോക്കി തെറി വിളിക്കുന്നത് കാണാം. അയാള്‍ എന്ത് ഭ്രാന്താണ് കാണിക്കുന്നതെന്നാണ് സര്‍ദാര്‍ജി ചോദിക്കുന്നത്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadish Talks About Scene With Mohanlal In Vandhanam Movie