റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ 2000ല്‍ സിയാദ് കോക്കര്‍ നിര്‍മിച്ച ചിത്രമായിരുന്നു സത്യം ശിവം സുന്ദരം. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്. അദ്ദേഹത്തിന് പുറമെ അശ്വതി മേനോന്‍, ജഗദീഷ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്ര മേനോന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ‘അവ്വാ അവ്വാ’ എന്ന പാട്ടും ഈ സിനിമയിലേതായിരുന്നു. ചിത്രത്തില്‍ ചന്ദ്രഹാസന്‍ എന്ന ചന്ദ്രു ആയി കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചപ്പോള്‍ ചന്ദ്രുവിന്റെ സുഹൃത്തായ പങ്കജാക്ഷനായി എത്തിയത് നടന്‍ ജഗദീഷ് ആയിരുന്നു. ഇപ്പോള്‍ സത്യം ശിവം സുന്ദരം സിനിമയെ കുറിച്ച് പറയുകയാണ് ജഗദീഷ്.
ചിത്രത്തില്‍ തന്നെ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരനായി കൊണ്ടുവരുമ്പോള്‍ അദ്ദേഹത്തിനേക്കാള്‍ പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ സംവിധായകന്‍ റാഫിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.
അവസാനം തന്റെ കഥാപാത്രത്തെ ‘അമ്മാവാ’യെന്ന് വിളിക്കുന്നതായി കുഞ്ചാക്കോ ബോബന്‍ എഴുതി ചേര്‍ത്തെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘സത്യം ശിവം സുന്ദരം എന്ന സിനിമയില്‍ ഞാന്‍ ചാക്കോച്ചന്റെ കൂട്ടുകാരനായിട്ടാണ് വന്നത്. എന്നെ കൂട്ടുകാരനായി കൊണ്ടുവന്നപ്പോള്‍ റാഫിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. എനിക്ക് ചാക്കോച്ചനേക്കാള്‍ പ്രായക്കൂടുതലുണ്ട്. ചാക്കോച്ചന്റെ പ്രായമല്ല. അദ്ദേഹം വളരെ യങ്ങായിട്ടുള്ള ആളാണ്.
അവസാനം ചാക്കോച്ചന്‍ ഒരു കാര്യം എഴുതിച്ചേര്‍ത്തു. കൂട്ടുകാരന്‍ എന്നുള്ളയിടത്ത് ഇടയ്ക്കിടക്ക് ‘അമ്മാവോ’യെന്ന് എന്നെ വിളിക്കുന്നതായിട്ടാണ് എഴുതിച്ചേര്‍ത്തത്. കൂട്ടുകാരനെ അമ്മാവന്‍ എന്ന് വിളിക്കേണ്ട കാര്യമില്ലല്ലോ. ഉടനെ ഞാന്‍ ചൂടായിട്ട് ‘ഞാന്‍ നിന്റെ അമ്മാവനൊന്നുമല്ല’ എന്ന് പറയുന്ന ഡയലോഗും അതിലുണ്ട്.
അതൊക്കെ സത്യത്തില്‍ സ്‌ക്രിപ്റ്റില്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണ്. ചാക്കോച്ചന്റെ കൂട്ടുകാരനായിട്ട് എന്നെ കൊണ്ടുവരാന്‍ അവര്‍ക്ക് കോണ്‍ഫിഡന്‍സ് കുറവുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു അങ്ങനെയൊരു മാറ്റം കൊണ്ടുവന്നത്. അതില്‍ കുറ്റം പറയാനാവില്ല. അത്ര ചെറുപ്പമല്ലല്ലോ ഞാന്‍,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadish Talks About Sathyam Sivam Sundharam Movie