ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
താന്‍ സ്വയം മദ്യപിക്കരുതെന്ന് തീരുമാനിച്ചതിനെ കുറിച്ച് പറയുകയാണ് ജഗദീഷ്. എവിടെ പോയാലും തന്റെ സുഹൃത്തുക്കള്‍ മദ്യത്തിന് വേണ്ടി ഇഷ്ടം പോലെ പണം മുടക്കുമെന്നും എന്നാല്‍ മദ്യപിക്കാത്ത തന്നെ കപ്പലണ്ടിയോ സോഡയോ എടുക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘മദ്യപിക്കരുതെന്ന് ഞാന്‍ സ്വയം തീരുമാനിച്ചതാണ്. പക്ഷെ എവിടെ പോയാലും നമ്മുടെ സുഹൃത്തുക്കള്‍ മദ്യത്തിന് വേണ്ടി ഇഷ്ടം പോലെ പണം മുടക്കും. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്, കൂട്ടുകാര് മദ്യപിക്കുന്നതിന്റെ ഇടയില്‍ നമ്മള്‍ കുറച്ച് നട്‌സ് എടുത്ത് കഴിഞ്ഞാല്‍ അത് വലിയ പ്രശ്‌നമാകും. മുകേഷ് പലപ്പോഴും ഇങ്ങനെയുള്ള സമയത്ത് ‘ഇടെടാ അവിടെ. ഇത് മദ്യം കഴിക്കുന്ന ആളുകള്‍ക്ക് ഉള്ളതാണ്. നീ തൊട്ടു പോകരുത്’ എന്ന് പറയും.
പ്രിയദര്‍ശനും അങ്ങനെ തന്നെയാണ്. എന്നെ നട്‌സ് എടുക്കാന്‍ സമ്മതിക്കില്ല. ഞാന്‍ പ്ലേറ്റിലേക്ക് കൈ കൊണ്ടു പോകുന്നത് കണ്ടാല്‍ കൈ തട്ടിയിട്ട് ‘ഇത് കുടിക്കുന്നവര്‍ക്ക് ഉള്ളതാണ്’ എന്ന് പറയും. അത് കഴിഞ്ഞ് വെറും സോഡ കഴിക്കാമെന്ന് കരുതിയാലും കൈ തട്ടിയിട്ട് ‘ഇത് കുടിക്കുന്നവര്‍ക്ക് ഉള്ളതാണ്’ എന്ന് പറയും.
ഇത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആ കൂടിയ മദ്യത്തിന്റെ ബില്ല് നോക്കുകയാണെങ്കില്‍, അതിന്റെ ചെറിയ അംശമാകും ഈ കപ്പലണ്ടിക്കും നട്‌സിനുമൊക്കെ വരിക. അത് എടുക്കാന്‍ സമ്മതിക്കില്ല. അന്നുണ്ടായ കാര്യം ഇന്നും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
സത്യത്തില്‍ ഇതിനെയൊക്കെ വളരെ രസകരമായിട്ടാണ് ഞാന്‍ നോക്കി കാണുന്നത്. അല്ലാതെ അവരെയൊക്കെ വലിയ വില്ലന്മാരായിട്ടൊന്നും ഞാന്‍ കാണുന്നില്ല. നമ്മളുടെ കൈ തട്ടിയാല്‍ പോലും അവര് വേറെയെന്തെങ്കിലും ഡിസ്‌ക്കസ് ചെയ്യാന്‍ നേരത്ത് ഞാന്‍ അവരറിയാതെ കപ്പലണ്ടി കഴിച്ചിട്ടുണ്ട് (ചിരി),’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About Mukesh