നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹലോ മമ്മി’. ഐശ്വര്യ ലക്ഷ്മി – ഷറഫുദ്ദീന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്ന ഈ സിനിമ ഹൊറര്‍ ഫാന്റസി കോമഡി ചിത്രമാണ്. നടന്‍ ജഗദീഷും ഹലോ മമ്മിയില്‍ അഭിനയിക്കുന്നുണ്ട്.
യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു പ്രേതാനുഭവം പങ്കുവെക്കുകയാണ് ജഗദീഷ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ സമയത്ത് ഷൂട്ടിങ്ങിനായി പോയ മോഹന്‍ലാലിനും ഫാസിലിനും ഉണ്ടായ അനുഭവമാണ് ജഗദീഷ് പറയുന്നത്. ഹലോ മമ്മിയുടെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘റിയല്‍ ലൈഫ് പ്രേതത്തിന്റെ ഒരു കാര്യം ഞാന്‍ പറയട്ടെ. ഫാസില്‍ സാറും മോഹന്‍ലാലും പ്രേതമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ സമയത്ത് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കൊടൈക്കനാലിലെ ഒരു ഹോട്ടലില്‍ താമസിച്ചപ്പോഴാണ് ഈ സംഭവം നടക്കുന്നത്.
മോഹന്‍ലാല്‍ എന്നോട് നേരിട്ട് പറഞ്ഞ അനുഭവമാണ് ഇത്. രാത്രി മോഹന്‍ലാലിന് പെട്ടെന്ന് എന്തോ തോന്നി കണ്ണ് തുറന്ന് നോക്കുമ്പോള്‍ ബാത്ത് ടബ്ബിലാണ് കിടക്കുന്നത്. ബാത്ത് ടബ്ബൊക്കെയുള്ള ഒരു പഴയ ടൈപ്പ് ഹോട്ടലായിരുന്നു അത്.
എങ്ങനെയാണ് ആ ബാത്ത് ടബ്ബില്‍ എത്തിയതെന്ന് മോഹന്‍ലാലിന് ഇന്നും അറിയില്ല. ഫാസില്‍ സാറിനും അതേ അനുഭവമുണ്ടായി. അദ്ദേഹവും ഇതേ കാര്യം പറഞ്ഞു. അങ്ങനെ ടബ്ബില്‍ കിടന്ന് കുളിക്കുന്ന ആളുകളല്ല രണ്ടുപേരും. ആ ഹോട്ടലിന്റെ പേര് എനിക്ക് അറിയില്ല,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About Mohanlal And Director Faasil